ബിജെപി അടിച്ചുപിരിയും വീണ്ടും കോഴക്കഥകള്‍.... സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും ഒരേ സമയം മത്സരിച്ചത് കുഴല്‍പ്പണം വെളുപ്പിക്കാനാണെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടയില്‍ ജാനുവിന്റെ 10 ലക്ഷം 10 കോടി കോഴ ആരോപണം ബിജെപിയെ വേട്ടയാടുന്നു

സംസ്ഥാനത്തെ 14 ജില്ലകളിലും ബിജെപിയുടെ വോട്ടുകള്‍ ചോര്‍ന്നതും കുമ്മനവും സികെ പത്മനാഭനും ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും കെ സുരേന്ദ്രനും അല്‍ഫോന്‍സ് കണ്ണന്താനവും ഉള്‍പ്പെടെ പ്രമുഖര്‍ മത്സരിച്ച എ പ്ലസ്മണ്ഡലങ്ങളില്‍ വരെ വോട്ടു ചോരുകയോ പാര്‍ട്ടി ബലം ചെറുതാവുകയോ ചെയ്തു എന്ന് വ്യക്തമായതിനു പിന്നാലെയാണ് കോഴപ്പണവും കൊള്ളയടിയും വിവാദമായിരിക്കുന്നത്.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും ഒരേ സമയം മത്സരിച്ചത് കുഴല്‍പ്പണം വെളുപ്പിക്കാനാണെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടയിലാണ് ജാനുവിന്റെ 10 ലക്ഷം 10 കോടി കോഴ ആരോപണം ബിജെപിയെ വേട്ടയാടുന്നത്. കേരളത്തില്‍ അഞ്ചു സീറ്റെങ്കിലും പിടിക്കാമെന്ന ഉറപ്പില്‍ നരേന്ദ്ര മോദിയും അമിത് ഷായുമൊക്കെ എത്തി കോടികള്‍ അമ്മാനമാടി്പ്രചാരണം നടത്തിയിട്ടും കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ ബിജെപി നേതൃത്വത്തിനു കഴിഞ്ഞില്ല. രാജ്യത്തെ സംസ്ഥാന ഘടകങ്ങളില്‍ ഗ്രൂപ്പിസം ഏറ്റവും ശാപമായി മാറിയ ഇടം എന്ന നിലയില്‍ കേരളം ദേശീയ നേതൃത്വത്തിന് എക്കാലവും തലവേദനയാണ്.
നിലവിലെ സ്ഫോടനാത്മകമായ സാഹചര്യത്തില്‍ സംസ്ഥാന ബിജെപിയില്‍ കൂട്ടയടിയും പോരും തല്ലുമൊക്കെ ഏതു നിമിഷവും സംഭവിക്കാം. ജാതിക്കളിയെക്കാള്‍ വ്യക്തികള്‍ തമ്മിലുള്ള പോരും ഗ്രൂപ്പുകളിയുമാണ് ബിജെപിയ്ക്കുള്ളിലെ പ്രശ്നം.
അതിനേക്കാള്‍ ഏറെ ഉപരിയാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കോടികളുടെ കോഴക്കഥകള്‍ ഉയര്‍ത്തുന്ന വിവാദം. സുരേന്ദ്രന്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്ത് പ്രചാരണത്തിന് പറന്നത് കള്ളപ്പണവും പാര്‍ട്ടി ഫണ്ടുമൊക്കെ കടത്താനായിരുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് ഇപ്പോള്‍ ജാനു ഉള്‍പ്പെട്ട വിവാദവും കലാപവും പുറത്തുവരുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കാന്‍ സികെ ജാനു ബിജെപിയില്‍ നിന്നും പത്ത് കോടി ആവശ്യപ്പെട്ടുവെന്നാണ് ജനാധിപത്യ രാഷ്ട്രീയ സഭ ട്രഷറര്‍ പ്രസീത ആഴിക്കോട് ആരോപിച്ചിരിക്കുന്നത്.
കെ സുരേന്ദ്രനുമായി പ്രസീത നടത്തിയ സംഭാഷണം പുറത്തു വന്നതിനുപിന്നാലെയാണ് പ്രസീത വാര്‍ത്താ സമ്മേളനം വിളിച്ച് ജാനുവിനെതിരെ കളത്തിലിറങ്ങിയത്. എന്നാല്‍ തന്നെ തകര്‍ക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നാണ് ജാനുവിന്റെ പ്രതികരണം.
ജാനുവിനു പണം കൊടുത്തിട്ടുണ്ടെങ്കില്‍ അതു കോഴയല്ല കേവലം സംഭാവന മാത്രമാണെന്ന ബിജെപി നേതാവിന്റെ വിശദീകരണവും കൂടിയായപ്പോള്‍ പ്രശ്നം ഇവിടെയൊന്നും തീരുന്ന ലക്ഷണമില്ല. തിരുവനന്തപുരത്ത് സികെ ജാനു താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ചാണ് പണം കൈമാറിയതെന്നും ജാനു നേരിട്ടാണ് സുരേന്ദ്രനില്‍ നിന്നും പത്ത് കോടി ആവശ്യപ്പെട്ടതെന്നും പിന്നീട് താല്‍ക്കാലിക ആവശ്യങ്ങള്‍ക്കാണ് പത്ത് ലക്ഷം ആവശ്യപ്പെട്ടതെന്നും പ്രസീദ പറയുന്നു.
സുല്‍ത്താന്‍ ബത്തേരിയില്‍ സികെ ജാനു എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തില്‍ തട്ടിപ്പും വെട്ടിപ്പും നടന്നുവെന്ന ആക്ഷേപം ബിജെപി നേതാക്കള്‍ തന്നെ ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കയാണ്. ഒന്നേകാല്‍ കോടി രൂപ മണ്ഡലത്തില്‍ എത്തിച്ചപ്പോള്‍ ചെലവഴിച്ചതാവട്ടെ കേവലം 15 ലക്ഷം രൂപ മാത്രം. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന ജാനു മത്സരിച്ചത് താമര ചിഹ്നത്തിലാണ്.
കൊടകരയിലും ബത്തേരിയിലും നടന്ന കുഴല്‍പ്പണ ഇടപാട് മാത്രമേ പുറംലോകം അറിഞ്ഞിട്ടുള്ളൂ. സംസ്ഥാനത്തെ ഒട്ടേറെ മണ്ഡലങ്ങളില്‍ യുഡിഎഫും എല്‍ഡിഎഫുമായി ബിജെപി പ്രാദേശിക നേതൃത്വം കരാറും സാമ്പത്തിക ഇടപാടും നടത്തി വോട്ടു മറിച്ചു എന്ന ആരോപണവും പാര്‍ട്ടിയെ വലയ്ക്കുന്നു.
രണ്ടിടത്തും ബിജെപിയുടെ തമ്മിലടി മൂലമാണ് ഇക്കാര്യം പുറത്തായത്. സംസ്ഥാനത്താകെ ബിജെപി കള്ളപ്പണം ഒഴുക്കിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ ജാനു മത്സരിച്ചപ്പോള്‍ പ്രചാരണപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും പ്രചാരണസാമഗ്രികള്‍ വിതരണം ചെയ്യുന്നതിലും മനപൂര്‍വം വീഴ്ച്ചവരുത്തി. അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ പോലും മണ്ഡലത്തിലെ സാഹചര്യം മറിച്ചുവെച്ചുവെന്നും ജെആര്‍പിയുടെ ആദിവാസി നേതാക്കളെ പ്രചാരണ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടുവെന്നും പരാതിയില്‍ ആരോപണം ഉയര്‍ന്നിരുന്നു.
കോഴക്കഥകളുമായി കെ. സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനെയും കുറ്റപ്പെടുത്തിക്കൊണ്ടും സത്യാവസ്ഥ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്വാധീനം നോക്കി മൂന്നു വിഭാഗങ്ങളായി മണ്ഡലങ്ങളെ ക്രമീകരിച്ചിരുന്നു. ഇവയില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ക്ക് വലിയ തുകയാണ് കേന്ദ്രം അനുവദിച്ചതെന്നും എന്നാല്‍, പണം ചെലവഴിക്കാതെ ചിലര്‍ ക്രമക്കേട് കാട്ടിയെന്നുമാണ് കത്തിലെ പ്രധാന ആരോപണം.
35 എ ക്ലാസ് മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പി. കണ്ടെത്തിയത്. ഇതില്‍ ചില മണ്ഡലങ്ങളില്‍ ആറുകോടി രൂപവരെ നല്‍കിയപ്പോള്‍ ചിലയിടത്ത് 2.20 കോടി രൂപ മാത്രമായി പരിമിതപ്പെടുത്തി. ബി.ജെ.പി.യിലെ ഗ്രൂപ്പ് വൈരത്തിന്റെ പേരിലായിരുന്നു ഈ വിവേചനമെന്നും ഇതുസംബന്ധിച്ച കണക്കുകള്‍ സംസ്ഥാന നേതൃത്വം പുറത്തുവിടണമെന്നും കത്തില്‍ ആരോപിക്കുന്നു.
ബി കാറ്റഗറിയില്‍പ്പെട്ട 25 മണ്ഡലങ്ങളില്‍ ചിലയിടത്ത് ഒന്നരക്കോടി കൊടുത്തപ്പോള്‍ കുറേപേര്‍ക്ക് ഒരു കോടി രൂപ മാത്രമായി. ബാക്കിയുള്ള മണ്ഡലങ്ങളില്‍ പത്തിടത്ത് അമ്പതു ലക്ഷംവീതവും അവശേഷിച്ച മണ്ഡലങ്ങളില്‍ 25 ലക്ഷം വീതവുമാണ് നല്‍കിയത്. സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും സംഘടനാ സെക്രട്ടറി എം. ഗണേഷും ചേര്‍ന്നാണ് കേരളത്തിലെ തിരഞ്ഞടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതെന്നും ഫിനാന്‍സ് കമ്മിറ്റിക്ക് രൂപംനല്‍കാതെയായിരുന്നു ഈ പ്രവര്‍ത്തനമെന്നും എതിരാളികള്‍ ആക്ഷേപിക്കുന്നു. ഇത്തരത്തില്‍ വകമാറ്റിയ ഫണ്ട് ചില നേതാക്കള്‍ അന്യസംസ്ഥാനങ്ങളില്‍ നിക്ഷേപിച്ചതായും കത്തില്‍ ആരോപണമുണ്ട്.
മൂവായിരം കോടി രൂപയുടെ ആസ്തിയുള്ള ബിജെപിയില്‍ കേരളത്തിലെ അഴിമതി കോടികള്‍ നിസാരമായിരിക്കാം. പക്ഷെ ഗ്രൂപ്പിസവും കാലുവാരലുകൊണ്ട് 2016 തെരഞ്ഞെടുപ്പിനെക്കാള്‍ ചെറുതായ കേരളത്തിലെ ബിജെപിയില്‍ ഇനി എന്തൊക്കെ സംഭവിക്കാം എന്നാണ് കണ്ടറിയാനുള്ളത്. പാര്‍ട്ടി അണികളില്‍ ഒരു വിഭാഗം എല്‍ഡിഎഫിലേക്ക് ചേക്കേറുന്നതിനൊപ്പം പാര്‍ട്ടി കേരളത്തില്‍ ചെറുതായിക്കഴിഞ്ഞും എന്നതാണ് വസ്തുത.
https://www.facebook.com/Malayalivartha