ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കണക്ക് ചോദിച്ച് പ്രതിപക്ഷം, കണക്കില്ലാതെ സര്‍ക്കാര്‍; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്ലസ് ടു ക്ലസുകള്‍ ആരംഭിച്ച് മൂന്നു മാസത്തിന് ശേഷം പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ അപാകതയെന്ന് പ്രതിപക്ഷം

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. റോജി എം ജോണ്‍ ആണ് നോട്ടീസ് നല്‍കിയത്. അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയില്ല. പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ സൗകര്യം നല്‍കാന്‍ കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നോട്ടീസിന് മറുപടിയായി പറഞ്ഞു.
ആദ്യ രണ്ടാഴ്ച ട്രയല്‍ ക്ലാസാണ് നടത്തുന്നതെന്നും കഴിഞ്ഞ വര്‍ഷവും ഇങ്ങനെ തന്നെ ആയിരുന്നുവെന്നും മന്ത്രി സഭയെ ഓര്‍മ്മിപ്പിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ക്ലാസ് ഉറപ്പാക്കാന്‍ ട്രയല്‍ ഗുണം ചെയ്തുവെന്നാണ് മന്ത്രിയുടെ അവകാശവാദം. 2.6 ലക്ഷം കുട്ടികള്‍ക്കു കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ സൗകര്യം ഇല്ലായിരുന്നുവെന്നും സൗകര്യം ഇല്ലാത്തവര്‍ക്ക് പിന്നീട് കഴിഞ്ഞ വര്‍ഷം തന്നെ സൗകര്യം ഏര്‍പ്പാടാക്കിയെന്നും മന്ത്രി സഭയെ അറിയിച്ചു.
മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കി മാത്രമേ സ്‌കൂള്‍ തല ഓണ്‍ ലൈന്‍ ക്ലാസ് തുടങ്ങൂവെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കി. മുഴുവന്‍ കുട്ടികള്‍ക്കും സര്‍ക്കാര്‍ ഡിജിറ്റല്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തില്‍ ഇത്തവണ എത്രത്തോളം സര്‍ക്കാര്‍ പാഠം പഠിച്ചുവെന്ന് ചോദിച്ച എംഎല്‍എ റോജി എം ജോണ്‍ ഈ വര്‍ഷം എത്ര വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഇല്ലെന്ന കണക്കു സര്‍ക്കാര്‍ എടുത്തോയെന്നും ചോദിച്ചു. എംഎല്‍എമാരെ വിളിച്ചു കുട്ടികള്‍ ഫോണ്‍ ആവശ്യപ്പെടുകയാണെന്നും റോജി എം ജോണ്‍ ചൂണ്ടിക്കാട്ടി.
ഈ ക്ലാസില്‍ ഹാജരുണ്ടോ പരമ്പര ഡിജിറ്റല്‍ സൗകര്യം ഇല്ലാത്ത കുട്ടികളുടെ ദുരവസ്ഥ കാണിക്കുന്നുവെന്ന് പറഞ്ഞ റോജി എം ജോണ്‍ ഏഷ്യാനെറ് ന്യൂസിലെ മന്ത്രിയോട് ചോദിക്കാം പരിപാടി വഴി കുട്ടികള്‍ ഫോണ്‍ ആവശ്യപ്പെട്ടതും ചൂണ്ടക്കാട്ടി. എത്ര കുട്ടികള്‍ക്ക് ഇങ്ങനെ മന്ത്രിമാരെ വിളിക്കാന്‍ ആകുമെന്നാണ് റോജിയുടെ ചോദ്യം. എത്ര കുട്ടികള്‍ക്കു കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പദ്ധതി വഴി ലാപ്‌ടോപ്പും ഫോണും ഇന്റര്‍നെറ്റും നല്‍കി എന്ന കണക്കു ഉണ്ടോയെന്നും റോജി എം ജോണ്‍ ചോദിച്ചു.
പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം പ്ലസ് ടു പരീക്ഷ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിലെ അപകാത ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത് വന്നു. എഴു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമെല്ലന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ടും സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടി. മന്ത്രി പറഞ്ഞ കണക്ക് തെറ്റാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പല വീടുകളിലും ഒരു മൊബൈല്‍ മാത്രം ആണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം തകര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിരവധി സ്‌കൂളുകളില്‍ അധ്യാപകര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം സ്‌കൂള്‍ തുറക്കാത്തതിനാല്‍ അധ്യാപക നിയമനം നടത്താത്തത് ശരിയല്ലെന്ന് നിലപാടെടുത്തു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സൗകര്യം സര്‍ക്കാര്‍ മേഖലയില്‍ ഇല്ലെന്നും ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ തുല്യത നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.
പുതിയ വിദ്യാഭ്യാസ രീതി ആയതിനാല്‍ കുറവുകള്‍ ഉണ്ടാകാം എന്ന് പറഞ്ഞ ശിവന്‍കുട്ടി കുറവുകള്‍ പരിഹരിക്കും എന്ന് ഉറപ്പ് നല്‍കി. എംഎല്‍എമാരുടെ സഹായവും വേണമെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി 49000 കുട്ടികള്‍ക്കു ഇത്തവണ ഡിജിറ്റല്‍ സൗകര്യം ഇല്ലെന്നാണ് എസ്എസ്‌കെയുടെ പ്രാഥമിക പഠനമെന്നും സഭയെ അറിയിച്ചു. അവര്‍ക്ക് എല്ലാവരുടെയും സഹായത്തോടെ സൗകര്യം ഏര്‍പ്പാടാക്കുമെന്നും ശിവന്‍കുട്ടി അറിയിച്ചു.
https://www.facebook.com/Malayalivartha