മധുര ഓർമകളുമായി ഇന്നും ആ സഹോദരനെ തേടിയുള്ള യാത്രയിലാണ് ഗീതു; ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ഓർമ്മയുമായി രണ്ടുപതിറ്റാണ്ടു പിന്നിട്ട്...

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് രണ്ട് പതിറ്റാണ്ടുമുമ്പ് കണ്ടുമുട്ടിയ സഹോദരനെ തേടിയുള്ള യാത്രയും അഭ്യർത്ഥന കുറിപ്പും ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. 'അവൻ തൃശൂർ ജില്ലയിൽ നിന്നാണ്. അമ്മ ബൈക്ക് അപകടത്തിൽ മരിച്ചതാണ്.
മുത്തച്ഛൻ സർക്കാർ ഉദ്യോഗസ്ഥനാണ്. അവനെ കണ്ടെത്താൻ സഹായിക്കണം’. ചവറ കുളങ്ങരഭാഗം സ്വദേശിയായ ഗീതു അനിൽ സമൂഹമാധ്യമത്തിലൂടെ ‘ബ്രദേഴ്സ് ഡേ’യായ മേയ് 24നു നടത്തിയ അഭ്യർഥന ഇതായിരുന്നു.
ഇതിനകം ആയിരക്കണക്കിനുപേർ ആ ‘സഹോദരനെ’ കണ്ടെത്താൻ ഇത് ഷെയർ ചെയ്‌തെങ്കിലും ഇപ്പോഴും അജ്ഞാതനാണ്.കുട്ടിക്കാലത്തു ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചു കണ്ടുമുട്ടിയ, മനസ്സുകൊണ്ട് സഹോദരനായി സ്വീകരിച്ച ഒരാൾക്കു വേണ്ടിയുള്ള അന്വേഷണം 2 പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്.
ആ അനിയനെ കണ്ടത് ക്ഷേത്രത്തിലെ ക്യൂവിൽ നിൽക്കുമ്പോഴാണ്. അമ്മൂമ്മയുടെ കയ്യിൽ നിന്നു ഗീതുവിന്റെ അമ്മ ലീനയുടെ തോളിലേക്കു ചാടുകയായിരുന്നു ആ കൊച്ചുമിടുക്കൻ. സ്വന്തം അമ്മയെ കണ്ട സന്തോഷമായിരുന്നു ആ മുഖത്ത്. ആ കുട്ടിയുടെ അമ്മ കുറച്ചുനാളുകൾക്കുമുൻപു ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു.
അവനും അച്ഛനും അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. അവന്റെ അമ്മയും ഗീതുവിന്റെ അമ്മയും തമ്മിൽ കാഴ്ചയിൽ സാമ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് കുട്ടി ഇത്ര അടുപ്പം കാണിക്കുന്നതെന്നു പറയുമ്പോൾ ആ മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞിരുന്നതായി ലീന ഇപ്പോഴും ഓർക്കുന്നു. ഗീതുവിനോടും അനിയത്തി നീതുവിനോടും ആ കുട്ടി വളരെപ്പെട്ടെന്നു കൂട്ടായി. അവർ ഒരുമിച്ച് ഏറെനേരം കളിച്ചു.
ഒരുമിച്ചു ക്ഷേത്രദർശനം നടത്തി. മൂന്നു കുട്ടികൾക്കും തുലാഭാരം നടത്തുന്നതു ഗീതുവിന്റെ അച്ഛൻ അനിൽ ക്യാമറയിൽ പകർത്തി. ഫോട്ടോ അയച്ചു കൊടുക്കാനായി അഡ്രസ് എഴുതി വാങ്ങി, യാത്ര പറഞ്ഞു. ലീനയുടെ സാരിത്തുമ്പിൽ നിന്നു പിടിവിടാതെ നിന്ന അവനെ മുത്തശ്ശിക്കു ബലമായി പിടിച്ചുകൊണ്ടു പോകേണ്ടി വന്നു.
ഫിലിം വാഷ് ചെയ്തു ഫോട്ടോ അയയ്ക്കാനായി മേൽവിലാസം തിരഞ്ഞപ്പോഴാണ്, അതെഴുതിയ കടലാസ് നഷ്ടപ്പെട്ടെന്ന വിവരം അറിയുന്നത്. പിന്നീട് ഗുരുവായൂരിൽ പോകുമ്പോഴെല്ലാം അവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഫോട്ടോ അയയ്ക്കാമെന്നു വെറും വാക്ക് പറഞ്ഞതാകും എന്ന് ആ മുത്തശ്ശനും മുത്തശ്ശിയും കരുതിക്കാണുമല്ലോ, എന്ന ദുഃഖം ഇപ്പോഴും ഗീതുവിന്റെ കുടുംബത്തിനുണ്ട്. വർഷം ഇത്രയും കഴിഞ്ഞിട്ടും അവനോടുള്ള സ്നേഹം കൂടിവരുന്നു. അവനെ അന്നു കാണുമ്പോൾ ഗീതുവിന് ആറും നീതുവിനു നാലും വയസ്സുണ്ടായിരുന്നു. അവന് ഏകദേശം മൂന്നു വയസ്സും.
ഗീതു ഇപ്പോൾ കൊട്ടിയം എംഎംഎൻഎസ്എസ് കോളജിൽ ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്യുന്നു. നീതു ബിഎഡ് വിദ്യാർഥിയും. ‘രണ്ട് ചേച്ചിമാരുടെയും’ ഇടയിൽ അവനിരിക്കുന്ന ഫോട്ടോയും സ്വന്തം ഫോൺ നമ്പരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു ഗീതു കാത്തിരിക്കുകയാണ്; ചേച്ചീ, എന്നൊരു വിളി ഉടൻ തേടിയെത്തുമെന്ന പ്രതീക്ഷയിൽ.
https://www.facebook.com/Malayalivartha