ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നു; ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

കേരളത്തിൽ ചുരുങ്ങിയ കാലയളവുകൊണ്ട് കൊണ്ട് തരംഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഇതിൽ അംഗമായതും. സൊറപറഞ്ഞിരിക്കലും സംവാദവും ഒക്കെയായി നേരമ്പോക്കിന് പറ്റിയ ഏറ്റവും പുതിയ താവളം.
ഇതിനിടയിൽ തന്നെ പ്രമുഖരുടെ പ്രൊഫൈലുകൾ ഉണ്ടാക്കി വ്യാജന്മാരും രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയും ഇത്തരം അക്കൗണ്ടുകൾ രൂപപ്പെട്ടുവെന്ന് അറിയിക്കുകയാണ് നടൻ സുരേഷ് ഗോപി.
ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. താന്‍ ക്ലബ്ബ് ഹൗസിൽ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.
തന്റെ പേരിലുള്ള അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടുകളും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. നേരത്തെ ദുൽഖർ, പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, ആസിഫ് അലി എന്നിവരും ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം, ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ അതേ പേര് ഉപയോഗിച്ചുള്ള അക്കൗണ്ടുകളും പൃഥ്വിരാജ് സുകുമാരൻ എന്ന പേരിലുമാണ് ക്ലബ് ഹൗസിൽ നടന്‍റ പേരില്‍ ആരൊക്കെയോ വ്യാജ അക്കൗണ്ടുകള്‍ തുറന്നിരിക്കുന്നത്.
എന്നാൽ, താൻ ക്ലബ് ഹൗസിന്‍റെ ഭാഗമല്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. തനിക്ക് ക്ലബ്ബ് ഹൗസിൽ അക്കൗണ്ടുകളൊന്നും ഇല്ലെന്നും ഇത്തരം വ്യാജഅക്കൗണ്ടുകളിൽ ജാഗ്രത പാലിക്കണമെന്നും ടൊവിനോ തോമസും ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒപ്പം, തന്‍റെ ശബ്‌ദവും ഫോട്ടോയും ഉപയോഗിച്ചുള്ള വ്യാജ അക്കൗണ്ടുകളുടെ സ്ക്രീൻഷോട്ടും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
അതേസമയം, ദുൽഖർ സൽമാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ക്ലബ്ബ് ഹൗസിൽ അക്കൗണ്ടുകളൊന്നുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
തന്‍റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടന്‍റെ പ്രതികരണം. വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങളും യുവനടൻ ട്വിറ്ററിൽ പങ്കുവച്ചു.
ഞാൻ ക്ലബ്ബ് ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകളൊന്നും എന്‍റെയല്ല. ദയവായി എന്നിലൂടെ സമൂഹമാധ്യമങ്ങളിൽ ആൾമാറാട്ടം നടത്തരുത്. ഇത് കൂളല്ല!' എന്നാണ് ദുൽഖർ സൽമാന്‍റെ ട്വീറ്റ്.
ശബ്ദം മാധ്യമമായ ഈ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷൻ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഐഒഎസ് പ്ലാറ്റ്ഫോമില്‍ ഇറങ്ങിയതെങ്കില്‍ ഈ വര്‍ഷം മെയ് 21ന് ആന്‍ഡ്രോയ്ഡ് അരങ്ങേറ്റം നടത്തിയതോടെയാണ് ഈ ആപ്പിന് ഏറെ ജനപ്രീതി ലഭിച്ചത്. പോള്‍ ഡേവിസൺ, റോഹൻ സേത്ത് എന്നിവർ ചേർന്നാണ് ക്ലബ്ബ് ഹൗസിന് രൂപം നല്‍കിയത്.
https://www.facebook.com/Malayalivartha