പൈപ്പ് ലൈനിനായി മണ്ണു നീക്കിയപ്പോൾ മണ്ണിനടിയിലെ വൈദ്യുതകേബിൾ മുറിഞ്ഞു; വൻ അപകടം ഒഴിവായതു തലനാരിഴയ്ക്ക്

ജല അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാൻ മണ്ണു നീക്കിയപ്പോൾ മണ്ണിനടിയിലെ വൈദ്യുതകേബിൾ മുറിഞ്ഞു. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തെ ബാബു ചാഴികാടൻ റോഡിലെ ലേഡീസ് ഹോസ്റ്റലിനു സമീപമാണ് സംഭവം നടന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണു നീക്കിയപ്പോൾ തട്ടി കേബിളിന്റെ പുറത്തെ സ്റ്റീൽ കവചം മുറിയുകയാണ് ഉണ്ടായത്.
ഈസമയം ഈ ഭാഗത്തെ വൈദ്യുതിബന്ധം സ്വയം വിഛേദിക്കപ്പെട്ടതോടെ അപകടം ഒഴിവാകുകയുണ്ടായി. ഗാന്ധിനഗർ സബ്സ്റ്റേഷനിൽ ബാബു ചാഴികാടൻ റോഡ് വരെ 1.3 കിലോമീറ്റർ ദൂരത്തിലാണു മണ്ണിനടിയിലൂടെ വൈദ്യുതകേബിൽ ഉള്ളത്. 1.2 മീറ്റർ താഴ്ചയിലാണിത് സ്ഥിതിചെയ്യുന്നത്. ജലഅതോറിറ്റി പൈപ്പ് ഇത്രയും ആഴത്തിലല്ല കുഴിച്ചിടുന്നതെങ്കിൽ വൈദ്യുതി വിഛേദിക്കില്ല.
അതോടൊപ്പം തന്നെ പണിക്കു മുൻപ് ജലഅതോറിറ്റി അസിസ്റ്റന്റ് എൻജിനീയറും കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറും ഇക്കാര്യം സംസാരിച്ചിരുന്നു. വൈദ്യുതി വിഛേദിക്കേണ്ട സാഹചര്യമില്ലെന്നു കണ്ടെത്തിയാണു ജോലി തുടർന്നത് തന്നെ. മെഡിക്കൽ കോളജ് വളപ്പിലെ ജല അതോറിറ്റി ടാങ്കിൽ നിന്നു നീണ്ടൂർ കുര്യാറ്റുകുന്നിലേക്കുശുദ്ധജലം എത്തിക്കുന്നതിനാണ് പുതിയ ജിഐ പൈപ്പ് സ്ഥാപിക്കുന്നത്. ഒരു ദിവസത്തെ പണി കൂടി ബാക്കി ഉള്ളതായി അധികൃതർ വ്യക്തമാക്കി . ഇതുതീർന്ന ശേഷമേ ഇനി കേബിളിൽ വൈദ്യുതി കടത്തിവിടുകയുള്ളു.
റോഡരികിൽ ഫോൺ, വൈദ്യുതി, പൈപ്പ് ലൈൻ എന്നിവയുമായി ബന്ധപ്പെട്ടു റോഡ് കുഴിക്കുന്ന ജോലികൾ ചെയ്യുന്നതിനു മുൻപ് ബന്ധപ്പെട്ട അധികൃതർ പരസ്പരം സംസാരിച്ച് ഏകോപനം ഉണ്ടാക്കണമെന്നാണു ചട്ടം എന്നത്. ഓരോ വകുപ്പിന്റെയും കേബിളുകളും പൈപ്പ് ലൈനുകളും കടന്നു പോകുന്ന ഡയഗ്രമുണ്ട്. ഇതു പരിശോധിച്ചും കേബിളുകളും പൈപ്പുകളും മനസ്സിലാക്കാൻ സാധിക്കും. കേബിൾ കടന്നു പോകുന്നതിനു മുകളിൽ ഇഷ്ടിക നിരത്തി സുരക്ഷിതമാക്കാറാണ്. റോഡ് കുഴിക്കുമ്പോൾ ഈ ഇഷ്ടിക കാണുമ്പോൾ കേബിൾ അടിയിൽ ഉണ്ടെന്നു മനസ്സിലാക്കാം.
"മണ്ണിനടിയിലെ വൈദ്യുതകേബിൾ കടന്നു പോകുന്ന സ്ഥലത്തു മറ്റു ജോലികൾ നടത്തണമെങ്കിൽ കെഎസ്ഇബിയെ അറിയിക്കണം. കേബിൾ മുറിഞ്ഞാൽ അപ്പോൾത്തന്നെ വൈദ്യുതി ഫീഡർ സ്വയം ഓഫാകും. എന്നാൽ അതേ സെക്കൻഡിൽ ലൈനുമായി ബന്ധപ്പെട്ട ഭാഗത്തു വൈദ്യുതി പ്രവഹിച്ചു ഷോക്കേൽക്കാൻ സാധ്യതയുണ്ട്. ഇവിടെ മണ്ണുമാന്തിയന്ത്രത്തിന്റെ ടയറുകൾ റബർ ആയതിനാലാണു ഡ്രൈവർ രക്ഷപ്പെട്ടത്. ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ചു നേരിട്ടു കേബിളിൽ കുത്തുകയോ കേബിൾ മുറിയുകയോ ചെയ്തിരുന്നെങ്കിൽ അപകടം ഉണ്ടാകുമായിരുന്നു." -എബി കുര്യാക്കോസ് (ഡപ്യൂട്ടി ചീഫ് എൻജിനീയർ, ഇലക്ട്രിക്കൽ സർക്കിൾ, കോട്ടയം)
"
https://www.facebook.com/Malayalivartha
























