ലോക്ക്ഡൗണ്‍ ,കടല്‍ക്കെടുതി, ട്രോളിംഗ് നിരോധനം; കാറുമൂടി മത്സ്യതൊഴിലാളി ജീവിതം! ഇനിയെന്ത്?

കൊവിഡ് ലോക്ക്ഡൗണും കടല്‍ക്കെടുതിയും ദുരിത വൃത്തത്തിലാക്കിയ മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനവും. ജൂണ്‍ ഒമ്പതിന് അര്‍ദ്ധരാത്രി മുതല്‍ 52 ദിവസത്തേക്ക് ഏര്‍പ്പെടുത്തുന്ന ട്രോളിംഗ് നിരോധനം കൂടിയാകുമ്പോൾ എങ്ങനെ ജീവിതം മുന്നോട്ടു നീങ്ങുമെന്ന ആധിയിലാണ് തീരദേശജനത.
കാസര്‍കോട് ജില്ലയില്‍ മാത്രമായി മടക്കര തുറമുഖം, തൈക്കടപ്പുറം ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, കാസര്‍കോട് മിനി ഹാര്‍ബര്‍, മഞ്ചേശ്വരം ഹൊസബെട്ടു തുറമുഖം എന്നിവിടങ്ങള്‍ കേന്ദ്രമാക്കി 120 ഓളം മല്‍സ്യബന്ധന ബോട്ടുകളുണ്ട്. ഇതിന് പുറമെ കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ നിന്നും കാസര്‍കോട് ജില്ലയിലെ കടലോര പ്രദേശങ്ങളില്‍ എത്തി താമസിച്ചു മല്‍സ്യബന്ധനം നടത്തുന്ന തൊഴിലാളികളും ഏറെയാണ്.
ആഴക്കടല്‍ മല്‍സ്യബന്ധനം നടത്തി കണ്ണൂര്‍, കാസര്‍കോട്, മംഗളുരു ഭാഗങ്ങളില്‍ മീന്‍ എത്തിക്കുന്ന ഇവരുടെ ബോട്ടുകളെല്ലാം ജൂണ്‍ ഒമ്പതിന് മുമ്പ് സ്ഥലം കാലിയാക്കേണ്ടിവരും. നാട്ടിലേക്ക് പോകുന്നില്ലെങ്കില്‍ ഇവരുടെ ബോട്ടുകളെല്ലാം തുറമുഖങ്ങളില്‍ അടുപ്പിക്കണം.
ചെറുവത്തൂര്‍ തുറമുഖത്ത് മാത്രം 65 ഓളം ബോട്ടുകളുണ്ട്. ജില്ലയില്‍ ചെറുവത്തൂര്‍, തൈക്കടപ്പുറം ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ മീന്‍പിടുത്ത ബോട്ടുകളുള്ളത്. ഹാര്‍ബറുകളും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളും കോവിഡ് കാരണം അടച്ചു പൂട്ടിയതോടെ നാളുകളായി മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതകാലമാണ്.
നാളുകളായി കടലില്‍ നിന്നുള്ള മീനിന്റെ ലഭ്യത കുറഞ്ഞതും ഇവര്‍ക്ക് തിരിച്ചടിയായി. ചുഴലിക്കാറ്റ് സൃഷ്‌ടിച്ച കടലിലെ പ്രക്ഷുബ്ധാവസ്ഥ കാരണം മീന്‍ലഭ്യത വര്‍ദ്ധിച്ചപ്പോള്‍ നിയന്ത്രണവും വന്നു. യന്ത്രവല്‍കൃത ബോട്ടുകളില്‍ കടലില്‍ പോയി ഇഷ്ടം പോലെ മീന്‍ കൊണ്ടുവരുന്നത് നിലച്ചതോടെ ഇവരെ ആശ്രയിച്ചു ജില്ലയില്‍ മത്സ്യം വിറ്റ് ഉപജീവനം കഴിക്കുന്ന ആയിരകണക്കിന് സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിതവൃത്തിയും തടസ്സപ്പെട്ടു.
നാളുകളായി മീന്‍പിടുത്ത ബോട്ടുകളില്‍ ഭൂരിഭാഗവും കരയില്‍ കട്ടപുറത്താണ്. ചുരുക്കം ചില ബോട്ടുകള്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് കടലില്‍ പോകുന്നത്. കടലില്‍ പോകുന്നവര്‍ക്ക് കൃത്യമായി ഹാര്‍ബറുകളില്‍ അടുപ്പിക്കാനോ മീന്‍ വില്‍ക്കാനോ കഴിയുന്നില്ല.
ഫിഷറീസ് വകുപ്പും പൊലീസും പറയുന്നത് പ്രകാരം തുച്ഛമായ സമയം കൊണ്ട് കടലില്‍ പോയി മീന്‍ പിടിക്കാനോ മീന്‍ വില്‍ക്കാനോ കഴിയില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. നിയന്ത്രണം മൂലം മീന്‍ വാങ്ങാന്‍ ആളുകള്‍ക്ക് ഹാര്‍ബറില്‍ എത്താത്തതും ഇവര്‍ക്ക് തിരിച്ചടിയായി.
https://www.facebook.com/Malayalivartha