പൊലീസ് തലക്കുത്തിയല്ല നേരെ നിന്നു തന്നെ അന്വേഷിക്കണം... പിണറായി പൊലീസിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍; ഷാഫി അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സര്‍ക്കാര്‍

കൊടകര കുഴല്‍പ്പണക്കേസ് പൊലീസ് അന്വേഷിക്കേണ്ടത് തലക്കുത്തി നിന്നല്ല നേരെ നിന്നു വേണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. നിയമസഭയില്‍. അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി തേടികൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഷാഫിയുടെ ആവശ്യം. തലകുത്തി നിന്ന് അന്വേഷിച്ചാലും പൊലീസിന് ഒരു ബി.ജെ.പി നേതാവിനെയും പ്രതിയാക്കാന്‍ സാധിക്കില്ലെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ച അദ്ദേഹം പ്രസംഗത്തില്‍ ഉടനീളം ബി.ജെ.പിക്കെതിരെ നടത്തിയത് രൂക്ഷമായ വിമര്‍ശനമാണ്.
നോട്ട് നിരോധനം നടത്തി കള്ളപ്പണത്തിനെതിരെ പോരാട്ടം നടത്തിയെന്ന് അവകാശപ്പെട്ട പാര്‍ട്ടി കുഴല്‍പ്പണം കേസിലാണ് എത്തിനില്‍ക്കുന്നതെന്ന് ഷാഫി കുറ്റപ്പെടുത്തി. കേസ് ശക്തമായി അന്വേഷിച്ചില്ലെങ്കില്‍ ഒത്തുകളിയെന്ന ആരോപണം വരുമെന്നും ഷാഫി പറമ്പില്‍ നിയമസഭയില്‍ ചൂണ്ടികാട്ടി
ഷാഫി പറമ്പിലിന്റെ നിയമസഭയിലെ പ്രസംഗം
നവംബര്‍ എട്ട് 2016 വൈകിട്ട് എട്ടുമണി. ഇന്ത്യാ രാജ്യത്തിന്റെ സമ്പത്ത് ഘടനയെ, ഈ രാജ്യത്തിന്റെ വളര്‍ച്ചയെ, ഈ രാജ്യത്തിന്റെ ഭാവിയെ, ചെറുപ്പക്കാരന്റെ തൊഴിലിനെ സംരംഭങ്ങളെ ആകെ തകര്‍ത്തു തരിപ്പണമാക്കിയ മണ്ടന്‍ തീരുമാനം ഇന്ത്യാ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദിവസമായിരുന്നു നവംബര്‍ എട്ട് 2016. നോട്ട് നിരോധനം. അഞ്ച് ദിവസം കഴിഞ്ഞ് അദ്ദേഹം ഗോവയിലെ പനാജിയില്‍ വെച്ച് പ്രസംഗിച്ചു. 'കള്ളപ്പണത്തിന്, തീവ്രവാദത്തിന്, അഴിമതിയ്ക്കെതിരായ എന്റെ തീരുമാനം തെറ്റാണെങ്കില്‍ എനിക്ക് 50 ദിവസം സമയം തരൂ, എനിക്ക് തെറ്റുപറ്റിയെങ്കില്‍ എന്നെ കത്തിച്ചോളു' എന്നായിരുന്നു ആ പ്രസംഗം.
തെറ്റുപറ്റിയാല്‍ കത്തിച്ചോളു എന്ന് കണ്ണീരൊഴുക്കിയ പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞിട്ട് ഏപ്രില്‍ 23 2021ന് 1600 ദിവസമായി. ഈ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യമെന്ന് ബിജെപി തന്നെ വിശേഷിപ്പിക്കുന്ന രേഖയില്ലാത്ത പണം ബിജെപി നേതാക്കന്‍മാരുടെ ഒത്താശയോടെ എത്തിച്ച് പിടിക്കപ്പെട്ടത് ഈ ദിവസങ്ങളിലാണ്. നോട്ട് നിരോധനത്തിന്റെ പേരില്‍ ഈ രാജ്യത്തു നടപ്പിലാക്കിയ നരേന്ദ്രമോദിയുടെ തീരുമാനത്തിന്റെ ഏറ്റവും വലിയ പരാജയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവും അതിന് ബിജെപി നല്‍കുന്ന സാക്ഷ്യപത്രവുമാണ് കൊടകരയിലെ കുഴല്‍പ്പണക്കേസ്.
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനും എതിരെയുള്ള ഈ തലതിരിഞ്ഞ തീരുമാനം മൂലം. ഒരു ജീവിത കാലത്തിന്റെ കഠിനാധ്വാനം ഒരു കടലാസിന്റെ പോലും വിലയില്ലെന്നറിഞ്ഞ് ചങ്കുപൊട്ടി മരിച്ചവരുണ്ട്. ആശുപത്രിയില്‍ കിടക്കുന്ന അച്ഛനോ അമ്മയ്ക്കോ മരുന്നുവാങ്ങാന്‍ പണമില്ലാത്തതിന്റെ പേരില്‍ വഴിയില്‍ ക്യൂനിന്ന് കുഴഞ്ഞ് വീണ് മരിച്ചവരുണ്ട്.
മകളുടെ കല്യാണം നടത്താന്‍ കരുതിവെച്ച പണത്തിന് കടലാസിന്റെ വില പോലുമില്ലെന്നറിഞ്ഞ് ഹൃദയം പൊട്ടി മരിച്ചവരുണ്ട്. പൊന്നുമക്കള്‍ക്ക് അന്നം വാങ്ങാന്‍ കഴിയില്ലെന്നറിഞ്ഞ് വേദനയോടെ നൊന്തുമരിച്ചവരുണ്ട്. നൂറ് കണക്കിന് പേരുടെ ജീവന്‍ നഷ്ടമാക്കി നോട്ട് നിരോധനം നടപ്പിലാക്കിയ പ്രധാനമന്ത്രി പറഞ്ഞ മറുപടി നിങ്ങളുടെ ത്യാഗം ഈ രാജ്യത്തെ അഴിമതി മുക്തമാക്കുമെന്നാണ്. നിങ്ങളുടെ ത്യാഗം ഈ രാജ്യത്തെ കള്ളപ്പണത്തില്‍ നിന്നും തുടച്ചുനീക്കുമെന്നുള്ളതാണ്.
വീണിടത്തു കിടന്ന് ഉരുളുന്നത് വിദ്യയാക്കുന്ന പ്രധാനമന്ത്രി നോട്ട് നിരോധനം ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ചുവടുവെപ്പാണെന്നും പറഞ്ഞുവെച്ചു. വൃദ്ധമാതാവിനെ പോലും വരിയില്‍ നിര്‍ത്തി നാടകം കളിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തിയ ഈ തീരുമാനത്തിന്റെ പേരില്‍ ഈ രാജ്യത്തിന് എന്തൊക്കെയാണ് നഷ്ടങ്ങളുണ്ടായത്. മൂന്ന് ലക്ഷം കോടിയുടെ കള്ളപ്പണം തിരികെ വരില്ലായെന്നു പറഞ്ഞു.
ഈ രാജ്യത്തിനത് നേട്ടമാകുമെന്നു പറഞ്ഞു. അവസാനം 99.3 ശതമാനം കറന്‍സിയും തിരിച്ചുവന്നു. വെറും 17000 കോടി രൂപ മാത്രം തിരിച്ചുവരാന്‍ ബാക്കി. എന്നാല്‍ പുതിയ നോട്ടടിച്ചതില്‍, 12877 കോടി രൂപ ചിലവായെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. ചെറുകിട ഇടത്തര വ്യാപാര വ്യവസായങ്ങള്‍ തകര്‍ന്നു. കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 20017-18 ല്‍ പിടിച്ച 36 കോടി രൂപയുടെ കള്ളനോട്ട് പിടിച്ചത് 2000 രൂപയുടേതായിരുന്നു.
കള്ളനോട്ടിന്റെ വിനിമയത്തില്‍ 480 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്ന് ധനമന്ത്രാലയത്തിന്റെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ രാജ്യത്തിന്റെ ജിഡിപിക്ക് രണ്ട് ശതമാനത്തിന്റെ തകര്‍ച്ചയുണ്ടാകുമെന്ന് ഇന്ത്യയുടെ പ്രഗത്ഭനായ, ഇന്ത്യ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തിപിടിച്ചിരുന്ന നാളുകളില്‍ ഇന്ത്യയെ നയിച്ച ഡോ. മന്‍മോഹന്‍ സിങ്ങ് ഒരു താക്കീത് പോലെ ഈ രാജ്യത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കുളിമുറിയില്‍ കോട്ടിട്ട് കുളിക്കുന്നവനെന്ന് പരിഹസിച്ചു.
അവസാനം ഇന്ത്യയുടെ ജിഡിപിക്ക് ഒന്നരശതമാനത്തിന്റെ തകര്‍ച്ചയുണ്ടായി. രണ്ട് കോടി 25 ലക്ഷം രൂപയുടെ നഷ്ടം ഇന്ത്യയുടെ ജിഡിപിക്ക് ഉണ്ടായി. തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടം ആണെന്ന് പറഞ്ഞു അവസാനം പുല്‍വാമയിലെ 40 സിആര്‍പിഎഫിന്റ പട്ടാളക്കാര്‍ ചിന്നിച്ചിതറുന്നത് കണ്ടുനില്‍ക്കേണ്ടി വന്നു.
എവിടെയാണ് ഈ പോരാട്ടത്തില്‍ ഇന്ത്യ ജയിച്ചത്. രാജ്യത്ത് കള്ളനോട്ട് ഏറ്റവും സജീവമായി വിനിമയത്തിലുണ്ട്. ആ കള്ളപ്പണം ബിജെപിക്കാരുടെ കയ്യിലും ബിജെപിക്ക് വേണ്ടപ്പെട്ടവരുടെ കയ്യിലുമാണ് എന്നതാണ് ഇപ്പോള്‍ രാജ്യത്ത് ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റം.
ഒരു സീറ്റ് പോലും ജയിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു സംസ്ഥാനത്തേക്ക് പോലും കോടികണക്കിന് രൂപയുടെ ഫണ്ട് പമ്പ് ചെയ്യാന്‍ ഇവര്‍ക്ക് എവിടെ നിന്നാണ് പണം. 60 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന്റെ ആസ്തി 1350 കോടിയാണ്. ആറുവര്‍ഷം നരേന്ദ്ര മോദി ഇന്ത്യ ഭരിച്ചപ്പോള്‍ ബിജെപിയുടെ ആസ്തി 23670 കോടിയാണ്.
ഏജന്‍സി ഫോര്‍ ഇന്ത്യന്‍ ഇലക്ഷന്‍ വാച്ച് പറയുന്ന കണക്കാണിത്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന് ധാര്‍മ്മിക യുദ്ധമാണെന്ന് പറഞ്ഞ് അതിന് പിന്തുണ പ്രഖ്യാപിച്ച ബിജെപിയുടെ നേതാക്കന്‍മാര്‍ സുരേന്ദ്രനും കുമ്മനവും അടക്കമുള്ളവര്‍ പറഞ്ഞത് കള്ളപ്പണം കൈവശമുള്ളവര്‍ മാത്രം വിറളി പൂണ്ടാല്‍ മതിയെന്നാണ്. ഇപ്പോള്‍ ആരാണ് കേരളത്തിലേക്ക് കള്ളപ്പണം കൊണ്ടുവരുന്നത്.
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ കര്‍ണാടകയില്‍ നിന്ന് പത്തോളം കോടി രൂപ എത്തി, ജില്ലകളില്‍ വിതരണം ചെയ്തു ബാക്കി തുകയുമായി വരുന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പക്ഷേ എഫ്ഐആര്‍ വരുന്നത് ഏപ്രില്‍ ഏഴിന്.
തിരഞ്ഞെടുപ്പിന്റെ മൂന്ന് ദിവസം മുമ്പ് വരെ പരാതി കൊടുക്കാന്‍ പോലും പണം നഷ്ടപ്പെട്ടവര്‍ തയ്യാറായില്ല. 25 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെക്കുറിച്ച് മാത്രമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പരാതി നല്‍കിയത്. പണം കൊണ്ടുവന്നതിന്റെയും വിതരണം ചെയ്തതിന്റെയും ഉത്തരവാദിത്വം ധര്‍മ്മരാജനാണെന്ന് അറിയാത്ത ഒരാളും ഈ നാട്ടിലില്ല.
ഈ പണത്തിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്. അദ്ദേഹം പറയുന്നത് പൊലീസ് തലകുത്തി നിന്ന് അന്വേഷിച്ചാലും ഇത് ബിജെപിയിലേക്ക് എത്തില്ലെന്നാണ്. ഞങ്ങളുടെയും ആശങ്ക അത് തന്നെയാണ്. പൊലീസ് തലകുത്തി നിന്ന് അന്വേഷിക്കരുത് പൊലീസ് നേരെ നിന്ന് തന്നെ അന്വേഷിക്കണമെന്നാണ് ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പറയുവാനുള്ളത്.
ബിജെപിയുമായി ബന്ധമില്ല, പക്ഷേ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ് ധര്‍മ്മരാജന്‍. 21 തവണ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രസിഡന്റ് ധര്‍മ്മരാജനെ വിളിച്ചു. ആദ്യം ബന്ധമില്ലെന്ന് പറഞ്ഞു എന്നാല്‍ പിന്നീട് പ്രചരണ സാമഗ്രികള്‍ എത്തിക്കാനാണ് ചുമതലപ്പെടുത്തിയത് എന്ന് പറഞ്ഞു. അക്കാര്യത്തില്‍ എനിക്കും വല്യ എതിര്‍പ്പില്ല. കാരണം ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ സാമഗ്രി പണം തന്നെയാണ്.
ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരാളെന്ന നിലയ്ക്ക് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ് ഇക്കാര്യം. പണം കൈമാറിയത് യുവമോര്‍ച്ചയുടെ സംസാഥാന പ്രസിഡന്റ്, ചോദ്യം ചെയ്യപ്പെടുന്നത് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴയിലെ ട്രഷറര്‍ . അപ്പോഴും പറയുന്നു ബിജെപിയുമായി ബന്ധമില്ലെന്ന്. ഋഷി പല്‍പ്പുവെന്നൊരാളെ പോസ്റ്റിട്ടതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്യുന്നു.
ഈ പ്രതികള്‍ക്ക് സഞ്ചരിക്കാനുള്ള റൂം ബുക്ക് ചെയ്തു കൊടുത്തത് പാര്‍ട്ടി ഓഫീസിലെ സെക്രട്ടറി സതീഷ്. അപ്പോഴും പറയുന്നു ബിജെപിക്ക് ബന്ധമില്ലെന്ന്. കള്ളപ്പണം മുഴുവന്‍ ഒഴുക്കി കേരളത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ ഗൗരവത്തില്‍ വേണം പോലീസ് അന്വേഷണത്തില്‍ ഇടപെടാന്‍.
ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന് കേട്ടിട്ടുണ്ട്. ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും ആകരുത് അത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ശക്തമായ നടപടികള്‍ എടുക്കാത്ത പക്ഷം ഈ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ് എന്ന ആക്ഷേപം വരും.
https://www.facebook.com/Malayalivartha