തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചതായി പരാതി; മർദ്ദനം വണ്ണം കൂടിയ കേബിള്‍ ഉപയോഗിച്ച്! പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തി, മറുവാദവുമായി പോലീസും

തിരുവനന്തപുരം കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതായി പരാതി. കാട്ടാക്കട യോഗീശ്വര സ്വാമിക് ക്ഷേത്രത്തിനു സമീപം തുറസായ സ്ഥലത്തിരുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതച്ചെന്നാണ് പരാതി. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലു പേര്‍ക്കാണ് മര്‍ദനമേറ്റത്.
ഓണ്‍ലൈന്‍ ക്ലാസില്‍ ഒരുമിച്ചിരുന്ന് പങ്കെടുക്കുന്നതിനിടെയാണ് പോലീസെത്തിയത്. തുടര്‍ന്ന് അശ്ലീല വീഡിയോകള്‍ കാണുന്നുണ്ടോ, കഞ്ചാവ് ഉപയോഗിക്കുന്നവരാണോ എന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു.
കാട്ടാക്കട സി.ഐയുടെ ഒപ്പം വന്ന പോലീസുകാരാണ് വണ്ണം കൂടിയ കേബിള്‍ ഉപയോഗിച്ച് മര്‍ദിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ച ശേഷം ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മര്‍ദ്ദനമേറ്റതായി കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പ്രദേശത്ത് ലഹരി ഉപയോഗം നടക്കുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നാണ് പോലീസ് വാദം.
https://www.facebook.com/Malayalivartha