പോക്ക് കണ്ടിട്ട് ബിനീഷ് കോടിയേരിക്ക് അടുത്ത് തന്നെ ജാമ്യം ലഭിക്കും; ഫാത്തിമ തെഹ്‌ലിയ

കൊടകര കുഴല്‍പ്പണക്കേസിന്റെ പോക്ക് കണ്ടിട്ട് ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് അടുത്ത് തന്നെ ജാമ്യം ലഭിക്കുന്ന പോലെയുണ്ടെന്ന് എംഎസ്‌എഫ് ദേശീയ പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഫാത്തിമയുടെ പരിഹാസം. ബി.ജെ.പിയും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാത്തിമയുടെയും പ്രതികരണം.
കേസില്‍ വസ്തുനിഷ്ഠമായ അന്വേഷണം ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഇതിനു മറുപടിയായി കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. കൊടകരയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച കള്ളപ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുഴല്‍ കുഴലായിത്തന്നെ ഉണ്ടാവുമെന്നും അങ്ങോട്ടും ഇങ്ങോട്ടും പോവേണ്ട സാഹചര്യമുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഴല്‍ ഉപയോഗിച്ചവര്‍ നിയമത്തിന്‍റെ കരങ്ങളില്‍ പെടും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കൊടകര കുഴല്‍പ്പണ കേസില്‍ കേരള പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ബി.ജെ.പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍.
https://www.facebook.com/Malayalivartha