നന്മ വറ്റാത്ത മുതലാളി... ജയിലില്‍ വധശിക്ഷ കാത്ത് ഒപ്പമുണ്ടായിരുന്ന 7 പേര്‍ മരണത്തിലേക്ക് പോകുന്നത് വേദനയോടെ കണ്ടു; ഒരുനാള്‍ തന്റെ മരണവും ഉറപ്പിച്ചിരുന്നു; മരവിച്ച മനസില്‍ പ്രതീക്ഷ നല്‍കിയത് യൂസഫലി സാര്‍; വീട്ടുകാരുടെ സ്‌നേഹവലയത്തില്‍ എല്ലാം ഓര്‍ക്കുമ്പോള്‍

അറിയാതെ പറ്റിപ്പോയ അപകടത്തില്‍ അനുഭവിച്ച് പാഠം പഠിച്ച ബെക്‌സ് കൃഷ്ണന്‍ നാട്ടുകാരുടെ സ്‌നേഹ വലയത്തിലാണ്. അബുദാബിയിലെ ജയിലില്‍ വധശിക്ഷയുടെ വക്കില്‍നിന്നു രക്ഷപ്പെട്ടെത്തിയ ബെക്‌സ് കൃഷ്ണന്‍ ഇരിങ്ങാലക്കുടയില്‍ വീട്ടിലാണിപ്പോള്‍. ബന്ധുക്കള്‍ക്ക് മുമ്പില്‍ പറയാനുള്ളത് താന്‍ എണ്ണിത്തീര്‍ത്ത വിഷമ നാളുകളാണ്.
ജയിലില്‍ വധശിക്ഷ കാത്ത് ഒപ്പമുണ്ടായിരുന്ന 7 പേരെ മരണത്തിലേക്കു കൊണ്ടുപോകുന്നതു കണ്ടു മനസ്സു മരവിച്ചിരുന്നിട്ടുണ്ട്. ഒറ്റ മുറി സെല്ലില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാന്‍കാരന്റെ വധശിക്ഷ നടന്നത് ഈ മാസം ആദ്യം. ഒരുനാള്‍ ഇതുപോലെ ഞാനും തീരുമെന്നുറപ്പിച്ചു കഴിയുകയായിരുന്നു...
7 വര്‍ഷം ജയിലില്‍ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്തു. മേലധികാരികളാരും ഞാന്‍ ഒരു കുട്ടിയെ കൊല്ലുമെന്നു വിശ്വസിച്ചില്ല. പക്ഷേ, സുപ്രീം കോടതി വിധിയായതിനാല്‍ നിര്‍വാഹമുണ്ടായിരുന്നില്ല. എം.എ യൂസഫലി നല്‍കിയതാണ് ഈ രണ്ടാം ജന്മം. മരണം വരെ കടപ്പാടുണ്ടാകും. അദ്ദേഹത്തിനും കുടുംബത്തിനും ദൈവം ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കട്ടെ എന്നാണു പ്രാര്‍ഥന എന്ന് ബെക്‌സ് പറഞ്ഞു.
കാര്‍ അപകടത്തില്‍ സുഡാനി കുട്ടി മരിച്ച കേസില്‍ ലഭിച്ച വധശിക്ഷ ഒഴിവായി ഇന്നലെ പുലര്‍ച്ചെയാണ് ബെക്‌സ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. ഭാര്യ വീണ, മകന്‍ അദൈ്വത്, സഹോദരന്‍ ബിന്‍സന്‍, ബന്ധു സേതുമാധവന്‍ എന്നിവര്‍ സ്വീകരിക്കാനെത്തിയിരുന്നു. നടവരമ്പിലെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ട ശേഷം ക്വാറന്റീനില്‍ പോയി.
യൂസഫലിക്ക് യുഎഇയിലുള്ള ബന്ധങ്ങളും സ്വാധീനവുമാണ് ആ കുടുംബത്തെ മാപ്പു നല്‍കാന്‍ ഒരുക്കിയെടുത്തതെന്നും ബെക്‌സ് പറയുന്നു. കീഴ്‌ക്കോടതികള്‍ 15 വര്‍ഷം ശിക്ഷ വിധിച്ച കേസില്‍ സുപ്രീം കോടതിയാണു വധശിക്ഷ വിധിച്ചത്.
നാട്ടില്‍ അവസരം കിട്ടിയാല്‍ ഇവിടെ നില്‍ക്കണമെന്നാണ് ആഗ്രഹം. യുഎഇ ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ ജോലി നല്‍കാന്‍ തയാറാണെന്ന് യൂസഫലി അറിയിച്ചിട്ടുണ്ടെന്നും ബെക്‌സ് പറഞ്ഞു.
വധശിക്ഷയില്‍ നിന്നു രക്ഷപ്പെട്ട്, തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട സ്വദേശി ബെക്‌സ് കൃഷ്ണന്‍ നാട്ടിലെത്തുമ്പോള്‍ സഫലമാകുന്നത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ 6 വര്‍ഷത്തെ പ്രയത്‌നമാണ്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്ന ബെക്‌സ് ഓടിച്ച കാറിടിച്ചു സുഡാനി ബാലന്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. ബന്ധു സേതുവാണു സഹായമഭ്യര്‍ഥിച്ച് യൂസഫലിയുടെ പക്കലെത്തിയത്.
സുഡാനി കുടുംബത്തോടു പലവട്ടം സംസാരിച്ചെങ്കിലും മാപ്പു നല്‍കാന്‍ അവര്‍ തയാറായില്ല. 6 വര്‍ഷം ശ്രമിച്ച ശേഷമാണ് അനുനയിപ്പിക്കാനായതെന്നും അവര്‍ക്കുള്ള നഷ്ടപരിഹാരമായി ജനുവരിയില്‍ തന്നെ താന്‍ ഒരു കോടി രൂപ കോടതിയില്‍ കെട്ടിവച്ചതായും യൂസഫലി പറഞ്ഞു. നിയമനടപടികള്‍ക്കു ശേഷം ഇപ്പോഴാണു മോചനം സാധ്യമായത്.
അതേസമയം ഏപ്രില്‍ 11നു കൊച്ചി പനങ്ങാട്ട് ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്നുള്ള നട്ടെല്ല് ശസ്ത്രക്രിയയ്ക്കു ശേഷം അബുദാബിയിലെ വീട്ടില്‍ പൂര്‍ണാരോഗ്യത്തിലേക്കു തിരിച്ചെത്തുകയാണ് യൂസഫലി. ബെക്‌സ് സംഭവത്തില്‍ ഇടപെട്ടതിനെ കുറിച്ച് ആദ്യമായി വിശദമാക്കുന്നതും ഇപ്പോഴാണ്.
മരിച്ച ബാലന്റെ പിതാവുമായി ഒട്ടേറെത്തവണ സംസാരിച്ചു. അപകട ശേഷം സുഡാനിലേക്കു മടങ്ങിയ അവരെ തിരികെ അബുദാബിയില്‍ കൊണ്ടു വന്നു താമസിപ്പിക്കുകയും ചെയ്തു. ബെക്‌സിന്റെ മോചനത്തിനു കാരണമാകാന്‍ സാഹചര്യം തന്നെ ദൈവത്തോടു നന്ദിയുണ്ട്. അവരെല്ലാം ഉള്‍പ്പെടെ പ്രാര്‍ഥിച്ചതുകൊണ്ടാകാം ഞാന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടതെന്നും യൂസഫലി പറഞ്ഞു.
"
https://www.facebook.com/Malayalivartha