നിലയ്ക്ക് നിര്‍ത്തിയേ പറ്റൂ... കുഴല്‍പ്പണവും കോഴപ്പണവും പ്രതിരോധത്തിലാക്കിയ ബിജെപി സംസ്ഥാന നേതൃത്വം ഉണര്‍ന്നു വരവെ മറ്റൊരു നീക്കവുമായി നേതാക്കള്‍; ബി.ജെ.പി.യില്‍ പുതിയൊരു ചേരിയുണ്ടാക്കാന്‍ നീക്കം

എങ്ങനെയെങ്കിലും സംസ്ഥാനത്ത് പത്ത് സീറ്റ് പിടിക്കാന്‍ നോക്കാതെ എതിര്‍ നേതാക്കളെ എങ്ങനെ പുകച്ച് പുറത്ത് ചാടിക്കാമെന്നാണ് പല ബിജെപി നേതാക്കളും ചിന്തിക്കുന്നത്.
പാര്‍ട്ടിക്കെതിരേയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമംതുടരുന്ന ബി.ജെ.പി.യില്‍ പുതിയൊരു ചേരിയുണ്ടാക്കാനും നീക്കം നടക്കുകയാണ്. തങ്ങളെ എതിര്‍ക്കുന്നവരെ കൂടെക്കൂട്ടി പാര്‍ട്ടി ഒറ്റക്കെട്ടാണെന്നു വരുത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇതിനിടെയാണ് സംഘടനാ സെക്രട്ടറി എം. ഗണേശനെ അനുകൂലിക്കുന്നവര്‍ മറ്റൊരു കൂട്ടായ്മയായി മാറുന്നത്.
സംസ്ഥാനത്തെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കെ. സുരേന്ദ്രന്‍ ഡല്‍ഹിയിലാണ്. മറ്റുപ്രധാന നേതാക്കള്‍ ബുധനാഴ്ച രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ചര്‍ച്ചനടത്തിയത് പാര്‍ട്ടി പ്രതിരോധനീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്.
പാര്‍ട്ടിക്കുനേരെയുള്ള കടന്നാക്രമണങ്ങളെ തടയാന്‍ ഔദ്യോഗിക പക്ഷത്തെ എതിര്‍ക്കുന്ന പ്രധാനനേതാക്കള്‍ തന്നെ വരുംദിവസങ്ങളില്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. വിഷയത്തില്‍ സുരേന്ദ്രന്‍തന്നെ ഓരോ നേതാക്കളെയും നേരിട്ടുവിളിച്ചു സംസാരിച്ചതായാണ് വിവരം. കുഴല്‍പ്പണക്കേസില്‍ കാര്യമില്ലെന്ന നിലപാടിലാണ് എതിര്‍ക്കുന്ന നേതാക്കളെല്ലാം. ഗ്രൂപ്പുകള്‍ക്ക് അതീതനായ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനാണ് പാര്‍ട്ടിക്ക് കവചമൊരുക്കുന്നതിന്റെ നേതൃസ്ഥാനത്ത്.
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്. പ്രതിനിധികൂടിയായ എം. ഗണേശിനെ ചോദ്യംചെയ്യാന്‍ പോലീസ് വിളിപ്പിച്ചത് സംഘപരിവാര്‍ സംഘടനകള്‍ ഗൗരവമായാണ് കാണുന്നത്.
കുഴല്‍പ്പണത്തിലെ അന്വേഷണത്തെക്കാള്‍ പാര്‍ട്ടിയുടെ കൂടുതല്‍ ശ്രദ്ധയിപ്പോള്‍ മഞ്ചേശ്വരത്ത് സുന്ദരയുടെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നതിലാണ്. അത് ബോധപൂര്‍വമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കും ആര്‍.എസ്.എസിനുമുള്ളത്.
കേന്ദ്രമന്ത്രി വി. മുരളീധരനും കെ. സുരേന്ദ്രനും ഉള്‍പ്പെട്ട ഔദ്യോഗികപക്ഷം, മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതിയംഗവുമായ പി.കെ. കൃഷ്ണദാസിനെ അനുകൂലിക്കുന്നവര്‍ എന്നീ രണ്ടുപ്രബല വിഭാഗങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളത്. കെ. സുരേന്ദ്രനു സ്ഥാനം നഷ്ടപ്പെട്ടാല്‍ പകരം പ്രസിഡന്റിനായുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്തുനിന്ന് വിവരങ്ങള്‍ ചോരുന്നുവെന്നും ചുമതലക്കാരില്‍ ഒരാളെ മാറ്റണമെന്നും നേരത്തേ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്.
അതേസമയം കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് ശരിയായ തീരുമാനമായില്ലെന്ന് കൃഷ്ണദാസ്പക്ഷം പറയുന്നത്. കോര്‍ കമ്മിറ്റിയിലാണ് ശക്തമായ വിമര്‍ശനം ഉണ്ടായത്. സംസ്ഥാനത്ത് ഇതുവരെയില്ലാത്ത ആ ശൈലി പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കുകമാത്രമാണ് ചെയ്തത്. രണ്ടിടത്തും സംസ്ഥാനാധ്യക്ഷന്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് ഇരട്ടപ്രഹരമായി.
തിരഞ്ഞെടുപ്പുഫണ്ട് വിനിയോഗത്തില്‍ സുതാര്യതയുണ്ടായില്ല. ഫണ്ട് കൈകാര്യംചെയ്തിരുന്നത് അധ്യക്ഷന്‍ നേരിട്ടാണ്. പലയിടത്തും മതിയായ ഫണ്ട് കിട്ടിയില്ലെന്ന് ആക്ഷേപമുണ്ടായപ്പോള്‍ ചിലയിടങ്ങളില്‍ കൂടുതല്‍ ഫണ്ട് നല്‍കിയെന്നും ആരോപണങ്ങളുണ്ടായി. സ്ഥാനാര്‍ഥികളുടെ ഭാഗത്തുനിന്നുതന്നെ ഇത്തരം പരാതികള്‍ വന്നു.
സ്ഥാനാര്‍ഥിനിര്‍ണയത്തിലും വലിയ വീഴ്ചയുണ്ടായി. കൂട്ടായചര്‍ച്ചകളിലൂടെ സ്ഥാനാര്‍ഥിനിര്‍ണയം നടത്താന്‍ കഴിഞ്ഞില്ല. മൂന്നിടത്ത് പത്രിക തള്ളിപ്പോയതും ബത്തേരിയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി മാറിയതും നാണക്കേടായി. ഫണ്ട് വിനിയോഗത്തില്‍ സംഘടനാ സെക്രട്ടറിക്കു നേരെയും രൂക്ഷ വിമര്‍ശനമുണ്ടായി. ഇതിന് പിന്നാലെയാണ് മൂന്നാം ചേരിയിലേക്കും നീങ്ങുന്നത്.
https://www.facebook.com/Malayalivartha