മറക്കാത്ത അനുഭവം... മരിച്ച വിസ്മയയുടെ നിലമേല്‍ കൈതോട്ടുള്ള വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; വിവാഹാലോചന തുടങ്ങുമ്പോള്‍ മുതല്‍ സ്ത്രീധനത്തെ എതിര്‍ക്കാന്‍ പെണ്‍കുട്ടികള്‍ തയാറാകണമെന്നു ഗവര്‍ണര്‍; സ്ത്രീധനത്തിനെതിരെ പൊതു ബോധം ഉയരണം

പല ഗവര്‍മാര്‍ നമുക്കുണ്ടായെങ്കിലും ഇതുപോലെ സാധാരണക്കാരുമായി അടുത്തിടപഴകിയ ഗവര്‍ണര്‍ വേറെയില്ല. മരണമടഞ്ഞ വിസ്മയയുടെ വീട്ടിലെത്താന്‍ വേണ്ടി ഒരു മണിക്കൂറോളം യാത്ര ചെയ്തു. ഒരു കാരണവരെപ്പോലെ വിസ്മയയുടെ സങ്കടത്തില്‍ പങ്കു ചേര്‍ന്ന് വീട്ടുകാരെ ആശ്വസിപ്പിച്ചു. ഒപ്പം നാട്ടുകാര്‍ക്കുള്ള ഉപദേശവും. അങ്ങനെ ആരിഫ് മുഹമ്മദ് ഖാന്‍ വേറിട്ട് നില്‍ക്കുകയാണ്.
സ്ത്രീധന പീഡനത്തെത്തുടര്‍ന്നു മകള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ സങ്കടത്തിനു മുന്നില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകളും മുറിഞ്ഞു. വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ പിള്ള, മാതാവ് സജിത, സഹോദരന്‍ വിജിത്ത് എന്നിവരുമായുളള സംസാരത്തിനിടെ പലതവണ ഗവര്‍ണറുടെ വാക്കുകള്‍ ഇടറി.
വിവാഹാലോചന തുടങ്ങുമ്പോള്‍ മുതല്‍ സ്ത്രീധനത്തെ എതിര്‍ക്കാന്‍ പെണ്‍കുട്ടികള്‍ തയാറാകണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. ഭര്‍തൃവീട്ടില്‍ പീഡനത്തെ തുടര്‍ന്നു മരിച്ച വിസ്മയയുടെ നിലമേല്‍ കൈതോട്ടുള്ള വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീധനത്തിനെതിരെ പൊതു ബോധം ഉയരണം. സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനു രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ക്കു പങ്കുണ്ട്.
സ്ത്രീധനം മോശമായ പ്രവണതയാണ്. വിദ്യാഭ്യാസപരമായി മുന്നാക്കം നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീപീഡനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതല്‍ കേള്‍ക്കുന്നുണ്ട്. കേരളത്തിലെ പെണ്‍കുട്ടികള്‍ എല്ലാം എന്റെ പെണ്‍മക്കളാണ്. അവര്‍ക്കുണ്ടാകുന്ന ദുരന്തം എന്നെയും വേദനിപ്പിക്കുന്നു എന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, വിസ്മയയുടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമായി. വിസ്മയയെ ഭര്‍ത്താവ് എസ്. കിരണ്‍കുമാര്‍ പൊതുനിരത്തിലും വീട്ടിലും വച്ച് പല തവണ മര്‍ദിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മുന്‍പ് കൊല്ലത്തു നിന്നു പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, സ്ത്രീധനമായി ലഭിച്ച കാറിന്റെ ചില്ലുകള്‍ കിരണ്‍ അടിച്ചു തകര്‍ത്തിരുന്നു.
അതേ ദിവസം രാത്രി കുണ്ടറ രണ്ടു റോഡ് ഭാഗത്തു വച്ചും മര്‍ദിച്ചു. മര്‍ദനമേറ്റ അവശനിലയിലായ വിസ്മയ കാറിന്റെ വേഗം കുറഞ്ഞ സമയത്ത് ഡോര്‍ തുറന്നു പുറത്തേക്ക് ചാടി ഒരു വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ കിരണുമായി അന്വേഷണസംഘം ഈ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി.
ശാസ്താംകോട്ട ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 3 ദിവസത്തേക്കാണ് കിരണിനെ കസ്റ്റഡിയില്‍ വിട്ടത്. കിരണിനെ 3 ദിവസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അതേസമയം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍കുമാറിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നീക്കം. ഇങ്ങനെ ചെയ്താല്‍ കിരണിനു ജാമ്യം ലഭിക്കാനുള്ള സാധ്യത കുറയും. കിരണ്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ത്തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കിരണിനെ ഇന്നു പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
കിരണിന്റെ അച്ഛനമ്മമാരില്‍ നിന്നു വിസ്മയ പീഡനം നേരിട്ടിരുന്നുവെന്നു മൊഴികള്‍ ലഭിച്ചെങ്കിലും ആദ്യഘട്ടത്തില്‍ അവരെ പ്രതി ചേര്‍ക്കുന്ന കാര്യം പൊലീസ് പരിഗണിക്കില്ല.
കിരണിന് എതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച് കുറ്റപത്രം തയാറാക്കി ശിക്ഷ ഉറപ്പാക്കാനാണ് ശ്രമം. പിന്നീട് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് കുടുംബാംഗങ്ങളെക്കൂടി പ്രതി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം നല്‍കും. വിസ്മയ മരിച്ച ദിവസം രാത്രി കിരണ്‍കുമാര്‍ ശൂരനാട് പൊലീസ് കസ്റ്റഡിയില്‍ കീഴടങ്ങും മുന്‍പ് ആവശ്യമായ നിയമസഹായം ലഭിച്ചെന്നാണ് പൊലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha























