വാഴക്കാൽ ഗവ. യുപി സ്കൂൾ ക്യാംപസിനുള്ളിൽ വിദ്യാർഥികളുടെ കൈ എത്തും ദൂരത്ത് ബോംബ് ശേഖരം...പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 4 ബോംബുകൾ ...

വാഴക്കാൽ ഗവ. യുപി സ്കൂൾ ക്യാംപസിനുള്ളിൽ വിദ്യാർഥികളുടെ കൈ എത്തും ദൂരത്ത് ബോംബ് ശേഖരം കണ്ടെത്തി. പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 4 ബോംബുകളാണു കണ്ടെത്തിയത്. സ്കൂളിനോടു ചേർന്നുള്ള ശുചിമുറിക്കു സമീപം മതിലിനു ഉള്ളിലാണു ബോംബ് ബക്കറ്റ് ഉണ്ടായിരുന്നത്.
പാടത്തും പറമ്പിലും കിണറ്റിലും ആളൊഴിഞ്ഞ വീട്ടിലും ഓവുചാലിലും ഒളിപ്പിച്ച ബോംബുകള്‍... പണിക്കിറങ്ങുന്നവരും പറമ്പ് വൃത്തിയാക്കുന്നവരും കളിക്കാനിറങ്ങിയ കുട്ടികളും അപകടത്തില്‍ പെടുന്നു. നിരപരാധികള്‍ മരിക്കുന്നു; ചിലര്‍ മാരകമായി പരിക്കേറ്റ് ജീവിതകാലം മുഴുവന്‍ ദുരിതമനുഭവിക്കുന്നു......കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയാണ് ഇത് ..
വാഴക്കാൽ ഗവ. യുപി സ്കൂളിൽ പ്രധാനാധ്യാപികയും സഹ അധ്യാപകരും ഇന്നലെ വൈകിട്ടു ഇവിടെ നട്ടുപിടിപ്പിച്ച വാഴയിൽ നിന്നു കുല കൊത്താൻ എത്തിയപ്പോഴാണ് ഒളിപ്പിച്ചു വെച്ച ബക്കറ്റ് കണ്ടത്. ശ്രദ്ധിച്ചപ്പോൾ ബക്കറ്റിനുള്ളിൽ കടലാസിൽ പൊതിഞ്ഞ നിലയിൽ ഒരു ബോംബ് കണ്ടു.
ഇവർ അറിയിച്ചതനുസരിച്ചു മുഴക്കുന്ന് സിഐ എം.കെ.സുരേഷ് കുമാർ, എസ്ഐമാരായ പി.റഫീഖ്, അൻസാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി. കണ്ണൂരിൽ എസ്ഐ അജിത്തിന്റെ നേതൃത്വത്തിൽ ബോംബ് ഡിസ്പൊസൽ ആൻഡ് ഡിറ്റക്‌ഷൻ ടീമും എത്തി വിശദമായി പരിശോധിച്ചപ്പോഴാണ് 4 ബോംബുകൾ കണ്ടെത്തിയത്. ബോംബുകൾ ഇൻസുലേഷൻ ടേപ് ഒട്ടിച്ച നിലയിലായിരുന്നു.
ഇവ പിന്നീടു വിജനമായ ക്വാറിയിൽ കൊണ്ടുപോയി പൊട്ടിച്ചു നിർവീര്യമാക്കി. ഐസ്ക്രീം ബോൾ ബോംബുകൾ ആയിരുന്നെന്നു പൊലീസ് വ്യക്തമാക്കി. സ്‌കൂൾ ക്യാംപസിനുള്ളിൽ വിദ്യാർഥികളുടെ കൈ എത്തും ദൂരത്തു ബോംബുകൾ കണ്ടെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കി. ... കോവിഡ് കാരണം സ്‌കൂൾ പ്രവർത്തിക്കുന്നില്ലാത്തതിനാൽ മാത്രമാണ് പിഞ്ചു കുട്ടികൾ രക്ഷപ്പെട്ടത്
കഴിഞ്ഞ മാസം 4ന് ഈ പ്രദേശത്തെ പറമ്പിൽ നിന്നു കളിക്കുന്നതിനിടെ കിട്ടിയ ഐസ്ക്രീം ബോൾ ബോംബ് പന്താണെന്നു കരുതി തട്ടിക്കളിക്കുമ്പോൾ പൊട്ടിത്തെറിച്ചു സഹോദരങ്ങളായ 2 പിഞ്ചു കുട്ടികൾക്കു പരുക്കേറ്റിരുന്നു.
നെല്ല്യാട്ടേരിയിലെ കബീർ – കെ.റുഖിയ ദമ്പതികളുടെ മക്കളായ മുഹമ്മദ് അമീൻ, മുഹമ്മദ് റബീൽ എന്നിവർക്കായിരുന്നു പരുക്കേറ്റത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ജനൽ ചില്ലുകളും പൊട്ടിത്തെറിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച അന്വേഷണം എവിടെയും എത്തിയില്ല...
അതിനിടയിലാണ് ഇപ്പോൾ വീണ്ടും സ്‌കൂൾ ക്യാമ്പസ്സിനുള്ളിൽ നിന്ന് നാല് ബോംബുകൾ കൂടി കണ്ടെടുത്തിട്ടുള്ളത് ... മുഴക്കുന്ന് പൊലീസ് തുടരന്വേഷണം നടത്തും.
തില്ലങ്കേരി പഞ്ചായത്തിൽ ഏറ്റവും സമാധാന സാഹചര്യം ഉള്ള മേഖലയിലാണ് ബോംബ് കണ്ടെത്തിയിരിക്കുന്നത് . പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാനാണ് അക്രമികൾ ബോംബുകൾ ഒളിപ്പിക്കാൻ സ്കൂൾ പരിസരം തിരഞ്ഞെടുത്തതെന്നാണു നിഗമനം.
https://www.facebook.com/Malayalivartha























