സമ്പൂർണ്ണ വാക്‌സിനേഷന്‍ നടത്തി തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമം; കോവിഡ് രണ്ടാം തരംഗം ഗുരുതരമായി ബാധിച്ച പ്രദേശമായതിനാലാണ് സമ്പൂർണ്ണ വാക്സിനേഷന്‍ എന്ന ആശയത്തില്‍ പ്രദേശവാസികൾ എത്തിച്ചേർന്നത്

കഠിനംകുളം പഞ്ചായത്തിലെ പുത്തന്‍തോപ്പ് നിവാസികള്‍ ചരിത്രം സൃഷ്ടിക്കുകയാണ്. അര്‍ഹമായ എല്ലാവരെയും വാക്സിനേറ്റ് ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുകയാണ് ഗ്രാമം. 18 വയസ്സിന് മുകളിലുള്ള ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം പേരാണ് ഗ്രാമത്തിലുള്ളത്. ഇതില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വാക്സിന്‍ ലഭിക്കാത്ത 936 പേര്‍ക്ക് പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വാക്സിന്‍ നല്‍കി.
കോവിഡ് രണ്ടാം തരംഗം ഗുരുതരമായി ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് പുത്തന്‍തോപ്പ്. ഇതാണ് വേഗത്തില്‍ സമ്പൂർണ്ണ വാക്സിനേഷന്‍ എന്ന ആശയത്തില്‍ പ്രദേശവാസികളെ എത്തിച്ചത്.
മൂന്നാം വാക്സിന്‍ ഡ്രൈവും അവസാനിച്ചു. പ്രദേശവാസികളും സന്തോഷത്തിലാണ്. രണ്ട് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് വാക്സിന്‍ ഡ്രൈവ് നടത്തിയത്. ആദ്യത്തെ വാക്സിന്‍ ഡ്രൈവ് ജൂണ്‍ ഇരുപതാം തീയതിയും രണ്ടാമത്തേത് ജൂലൈ മാസം നാലാം തീയതിയുമാണ് നടന്നത്.
ആദ്യത്തേത് 'കിംസ്' ആശുപത്രിയുടെ സഹകരണത്തോടെയും രണ്ടാമത്തെയും മൂന്നാമത്തെയും വാക്സിന്‍ ഡ്രൈവുകള്‍ 'അനന്തപുരി' ആശുപത്രിയുടെ സഹകരണത്തോടെയുമാണ് സംഘടിപ്പിച്ചത്. ഇതില്‍ ഒന്നാമത്തെയും രണ്ടാമത്തെയും വാക്സിന്‍ സ്വീകരിച്ചവരും ഉള്‍പ്പെടുന്നു.
വാക്സിന് പണം നല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് പണം സ്വീകരിച്ചിരുന്നു. പണം നല്‍കി വാക്സിന്‍ എടുക്കുവാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്ത ആളുകള്‍ക്ക് പൂര്‍ണമായും സൗജന്യമായി തന്നെ വാക്സിന്‍ നല്‍കി. കൂട്ടായ്മയ്ക്ക് ലഭിച്ച സംഭാവനകളില്‍ നിന്നുമാണ് സൗജന്യമായി വാക്സിന്‍ നല്‍കിയത്.
ഒന്നാം തരംഗത്തില്‍ കോവിഡ് രോഗം ബാധിച്ചവരും അതു കാരണം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരും വളരെ കുറവായിരുന്നു. എന്നാല്‍ കോവിഡിന്റെ രണ്ടാം വരവ് പ്രദേശത്തെ തകര്‍ത്തു. നിരവധി പേര്‍ക്ക് അസുഖം ബാധിക്കുകയും ആശുപത്രിയില്‍ ആവുകയും ചെയ്തു. കോവിഡ് കാരണം എട്ട് മരണങ്ങളും ഉണ്ടായി.
പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയാണ് എന്ന അഭിപ്രായം വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കു വയ്ക്കുകയും അത് എത്രയും വേഗം സാധ്യമാക്കുന്നതിനുള്ള നടപടിയുമായി നാട്ടുകാര്‍ മുന്നോട്ടു പോവുകയും ചെയ്തു.
സൗജന്യമായി വാക്സിന്‍ നല്‍കുന്നതിന് സംഭാവന നല്‍കുവാന്‍ ആളുകള്‍ സ്വയം മുന്നോട്ടു വന്നു. പേയ്മെന്റ് അടിസ്ഥാനത്തില്‍ വാക്സിന്‍ സ്വീകരിക്കുന്നതിനും ആളുകള്‍ സ്വയം മുന്നോട്ടു വരികയാണുണ്ടായത്. വാക്സിന്‍ നല്‍കുന്നതിനുള്ള ആവശ്യത്തിനായി പുത്തന്‍തോപ്പ് പാരിഷ് സൗജന്യമായി വിട്ടു നല്‍കുവാന്‍ പുത്തന്‍തോപ്പ് പാരിഷ് കൗണ്‍സിലും ഇടവകവികാരിയും പ്രത്യേക താല്‍പ്പര്യം അറിയിച്ചു.
വാക്സിന്‍ ഡ്രൈവ് ഒരു തവണത്തേക്ക് മാത്രമായി സംഘടിപ്പിക്കുവാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആളുകള്‍ നിരന്തരമായി ആവശ്യപ്പെട്ടതോടെ തുടര്‍ന്ന് പോയി.
800 വീടുകള്‍ ആണ് ഗ്രാമത്തില്‍ ഉള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വീടുകള്‍ സന്ദര്‍ശിച്ച് വാക്സിന്‍ ആവശ്യമായ ആളുകളുടെ വിവരം ശേഖരിക്കുവാന്‍ കഴിയാതിരുന്നിട്ടു പോലും ഫോണിലൂടെ അവരെയെല്ലാം ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുവാന്‍ യുവജനങ്ങള്‍ സ്വമേധയാ മുന്നോട്ടു വന്നു. പുത്തന്‍താപ്പില്‍ നടത്തിയ വാക്സിനേഷന്‍ ഡ്രൈവുകള്‍ വന്‍ വിജയമായതിനാല്‍ അയല്‍ പ്രദേശങ്ങളിലും ഇപ്രകാരമുള്ള വാക്സിനേഷന്‍ ഡ്രൈവുകള്‍ ഇപ്പോള്‍ സംഘടിപ്പിക്കാന്‍ ആലോചിക്കുകയാണ്.
https://www.facebook.com/Malayalivartha























