സംഭവിച്ചത് അബദ്ധം... മറ്റെന്തിന് വില കൂട്ടിയാലും ജനങ്ങളും സംഘടകളും വലിയ പ്രതിഷേധമൊരുക്കുമെങ്കിലും മദ്യത്തിന് വില കൂട്ടിയാല്‍ ആരും ബഹളം വയ്ക്കാറില്ല; എക്‌സൈസ് വകുപ്പോ ബവ്‌കോ എംഡിയോ അറിയാതെ മദ്യത്തിന് വില കൂട്ടിയ സംഭവം വലിയ വിവാദമായി; മദ്യവില വര്‍ധിപ്പിച്ചത് ബവ്‌കോ സിഎംഡി അന്വേഷിക്കും

ഈ കള്ളു കുടിയന്‍മാര്‍ക്ക് ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് പറയുന്നത് എത്ര ശരിയാണ്. അല്ലെങ്കില്‍ ആരാരും അറിയാതെ പെട്ടന്ന് മദ്യവില കൂട്ടുമോ. എന്നാല്‍ ഇതറിഞ്ഞ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അടിയന്തരമായി ഇടപെട്ടു.
എക്‌സൈസ് വകുപ്പോ ബവ്‌കോ എംഡിയോ അറിയാതെ മദ്യവില്‍പന കേന്ദ്രങ്ങളില്‍ വിദേശനിര്‍മിത വിദേശമദ്യ(എഫ്എംഎഫ്എല്‍) ത്തിന്റെ വില വര്‍ധിപ്പിച്ച സംഭവം ബവ്‌കോ സിഎംഡി യോഗേഷ് ഗുപ്ത അന്വേഷിക്കും. അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്നു സിഎംഡിയോടു മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. സംഭവിച്ചത് അബദ്ധമാണെന്നാണ് ബവ്‌കോയിലെ ഐടി വിഭാഗം പ്രാഥമിക അന്വേഷണത്തില്‍ വിശദീകരിച്ചത്.
പുതിയ വിലവിവരപ്പട്ടിക തിങ്കളാഴ്ച രാവിലെയാണു വില്‍പന കേന്ദ്രങ്ങളിലെത്തിയത്. പുതിയ വിലയ്ക്കു ഉച്ചയോടെ വില്‍പന ആരംഭിച്ചു. പട്ടിക പ്രകാരം, 450 രൂപ മുതല്‍ മുകളിലേക്കാണു വില വര്‍ധിച്ചത്. ഉയര്‍ന്ന വിലയ്ക്കു വില്‍പന തുടങ്ങിയശേഷം മാധ്യമങ്ങളാണ് ഇക്കാര്യം സിഎംഡിയുടെയും എക്‌സൈസ് വകുപ്പിന്റെയും ശ്രദ്ധയില്‍പെടുത്തിയത്. വില ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നു മന്ത്രിയുടെ ഓഫിസും സിഎംഡിയും രാത്രിയോടെ വ്യക്തമാക്കി. ഇന്നലെ പഴയ വിലയ്ക്കാണ് വില്‍പന നടത്തിയത്.
പുതിയ വിലവിവരപ്പട്ടിക അംഗീകരിക്കുകയോ, വില്‍പന കേന്ദ്രങ്ങളിലേക്ക് അയയ്ക്കാന്‍ താന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ലെന്നാണു സിഎംഡിയുടെ നിലപാട്. എന്നാല്‍, നിലവില്‍ വില്‍പന നടത്തുന്ന മുഴുവന്‍ എഫ്എംഎഫ്എല്‍ ബ്രാന്‍ഡുകളുടെയും പേരും അളവും വിലയുമുള്‍പ്പെടെ രേഖപ്പെടുത്തി പുതിയ വിലവിവരപ്പട്ടിക തയാറാക്കിയതു എന്തിനാണെന്നു സിഎംഡി വിശദീകരിക്കേണ്ടിവരും.
മദ്യത്തിന്റെ വെയര്‍ഹൗസ് ലാഭവിഹിതം 14 ശതമാനമായി ഉയര്‍ത്തി, ബവ്‌കോ കണ്‍സല്‍റ്റന്റാണു വിലവിവരം തയാറാക്കിയതെന്നു പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വരുന്ന പുതിയ വിലയാണിതെന്നും വ്യക്തമാക്കുന്നു. പട്ടികയ്ക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്നതു സാങ്കേതികമായി ശരിയാണെങ്കിലും, വില ഉയര്‍ത്താനുള്ള തീരുമാനം മാനേജ്‌മെന്റ് എടുത്തിരുന്നെന്നും അതിനുള്ള ഗൃഹപാഠം നടത്തിയെന്നുമാണ് അനുമാനിക്കാനാവുക.
അതേസമയം നൂറോളം ബവ്‌കോ മദ്യവില്‍പന കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ത്തി. ഇ-പോസ് യന്ത്രം സ്ഥാപിച്ചിരുന്ന ബാങ്കിന്റെ പുതിയ നയങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണു സേവനം അവസാനിപ്പിച്ചതെന്നാണു വിശദീകരണം. മറ്റു രണ്ടു ബാങ്കുകളുടെ ഇ പോസ് യന്ത്രമുള്ള കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് തുടരും.
പുതിയ വിലവിവരപ്പട്ടിക ഇന്നലെ രാവിലെയാണു മദ്യശാലകളിലെത്തിയത്. പുതിയ വില കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശേഷം ഉച്ചയോടെ വില്‍പന ആരംഭിച്ചു. 450 രൂപ മുതല്‍ മുകളിലേക്കാണു വില വര്‍ധിച്ചത്. 1800 രൂപയ്ക്കു വിറ്റിരുന്ന ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡിയുടെ വില 2270 രൂപയും 2560 രൂപയ്ക്കു വിറ്റിരുന്ന ടീച്ചേഴ്‌സ് വിസ്‌കിയുടെ വില 3250 രൂപയുമായി മാറി. 5440 രൂപയുണ്ടായിരുന്ന ഷിവാസ് റീഗല്‍ 6870 രൂപയ്ക്കും 4830 രൂപയുടെ ബ്ലാക്ക് ലേബല്‍ 6110 രൂപയ്ക്കുമാണ് ഇന്നലെ വിറ്റത്. 1990 രൂപയുടെ ഗ്ലെന്‍ഗാരി വിസ്‌കിയുടെ പുതിയ വില 2510 രൂപയാണ്. അബ്‌സല്യൂട്ട് വോഡ്കയുടെ വില 2220ല്‍ നിന്നു 3350 ആയി.
വിവിധ നികുതി നിരക്കും ലാഭവിഹിതവും അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ക് ഷീറ്റുകള്‍ ഐടി വിഭാഗം തയാറാക്കാറുണ്ടെന്നും അതിലൊന്നാകാം പുറത്തുപോയതെന്നുമാണു ബവ്‌കോയുടെ വിശദീകരണം. ഇതേക്കുറിച്ച് അന്വേഷിക്കും. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബീയര്‍, വൈന്‍ എന്നിവയുടെ വില്‍പനയിലൂടെ പ്രതിവര്‍ഷം 15000 കോടി രൂപയുടെ വിറ്റുവരവ് ബവ്‌കോ നേടുമ്പോള്‍, 30 കോടി രൂപ മാത്രമാണ് എഫ്എംഎഫ്എല്‍ വഴിയുള്ള വരുമാനം. കേരള വിപണയില്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി, ഐഎംഎഫ്എലിനെ അപേക്ഷിച്ച് നികുതിയിളവ് എഫ്എംഎഫ്എലിനു നല്‍കിയിട്ടുണ്ട്. ഇതിനെതിരെ ഐഎംഎഫ്എല്‍ കമ്പനികള്‍ സര്‍ക്കാരിനെയും കോടതിയെയും സമീപിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























