പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി വാഴും

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തവണ ഏറെക്കുറെ കേരള ഘടകത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ അതേ പകര്‍പ്പായി മാറും. ബംഗാള്‍, തൃപുര സംസ്ഥാനങ്ങളില്‍ സിപിഎം വട്ടപ്പൂജ്യമായതോടെ ലോക്കല്‍, ഏരിയ സമ്മേളനങ്ങളൊന്നും ആ സംസ്ഥാനങ്ങളില്‍ നടക്കുന്നില്ല. കേരളത്തില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായിരിക്കെ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും സിപിഎമ്മിന് താഴേത്തട്ടില്‍ കമ്മിറ്റിയോ സമ്മേളനങ്ങളോ നടക്കുന്നില്ല.
പശ്ചിമബംഗാളില്‍ ജില്ലാ സമ്മേളനങ്ങളെങ്കിലും നടക്കാന്‍ ആളെക്കിട്ടുമോ എന്ന ആശങ്കയിലാണ് സിപിഎം ബംഗാള്‍ ഘടകം.
ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കാനിരിക്കെ കേരളത്തിന് പുറത്തുനിന്നുള്ള പ്രതിനിധികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. ആകെ 800 പ്രതിനിധികള്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെങ്കിലും അതിനുള്ള സാധ്യതയും കുറഞ്ഞുവരികയാണ്.
ഈ നിലയില്‍ തമിഴ് നാട്, കര്‍ണാടക ഘടകങ്ങളില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ എത്തിക്കാനാണ് നിലവില്‍ പാര്‍ട്ടിയുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബംഗാളിലും തൃപുരയിലും വട്ടപ്പൂജ്യമായ പാര്‍ട്ടിക്ക് അഭിമാന വിജയം കേരളത്തില്‍ മാത്രമാണ് ലഭിച്ചത്. എല്ലാത്തരത്തിലും പിണറായി വിജയന്റെയും കേരള ഘടകത്തിന്റെയും ആധിപത്യമായിരിക്കും കണ്ണൂര്‍ സംസ്ഥാനത്തിലുണ്ടാവുക.
ഇതിനൊപ്പം പോളിറ്റ് ബ്യൂറോയില്‍ നിന്ന് പത്തോളം മുതിര്‍ന്ന അംഗങ്ങള്‍ സ്ഥാനം ഒഴിയാനിരിക്കെ പകരം അംഗങ്ങളെ കണ്ടെത്തുകയെന്നതും പാര്‍ട്ടിക്ക് ദുഷ്‌കരമായി മാറുകയാണ്. പോളിറ്റ് ബ്യൂറോയിലും സെന്‍ട്രല്‍ കമ്മിറ്റിയിലും കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. ബംഗാളില്‍ നിന്നു മാത്രം അഞ്ചു പേരാണ് പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാകുന്നത്. നാല്‍പതോളം ലോക് സഭാ അംഗങ്ങള്‍ ജയിച്ച സിപിഎമ്മിന് ഇന്നുള്ളത് മൂന്നില്‍ താഴെ പാര്‍ലമെന്റ് അംഗങ്ങളാണ്.
അതേ സമയം ഭരണത്തുടര്‍ച്ചയിലൂടെ ചരിത്രനേട്ടം കൊയ്ത സി.പി.എം കേരള ഘടകത്തിന്റെ അജയ്യത ഊട്ടിയുറപ്പിക്കുന്നതാകും കണ്ണൂരില്‍ നടക്കാനിരിക്കുന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്. സി.പി.എമ്മിന്റെ, രാജ്യത്തെ ഏക മുഖ്യമന്ത്രിയെന്ന നിലയില്‍ മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനിലേക്ക് രാജ്യമാകെ ഉറ്റുനോക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സ്വന്തം തട്ടകത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുന്നത്.
ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പ്രതീക്ഷയും ഭാവിയും നിലവില്‍ കേരളഘടകത്തെ ആശ്രയിച്ചാണ്. വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കാത്ത പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനം എന്ന പ്രത്യകതയും കണ്ണൂര്‍ സമ്മേളനത്തിനുണ്ടായിരിക്കും. പൂര്‍ണമായും കണ്ണൂര്‍ ലോബിയുടെ നിയന്ത്രണത്തിലായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. വിഭാഗീയത ഏറെക്കുറെ അസ്തമിച്ച സി.പി.എം കേരളഘടകത്തില്‍ ഇന്ന് ഏതാണ്ടെല്ലാം പിണറായി വിജയനില്‍ കേന്ദ്രീകരിച്ചുനില്‍ക്കുമ്പോള്‍, പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളുന്ന രാഷ്ട്രീയ, അടവുനയ സമീപനങ്ങളിലും കേരള പാര്‍ട്ടിയുടെ സ്വാധീനം നിര്‍ണ്ണായകമാകും.
സിപിഎം ബംഗാള്‍ ഘടകത്തിന് പെട്ടെന്നൊരു തിരിച്ചുവരവ് എളുപ്പമല്ലെന്ന സാഹചര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ വരിക. തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും കോണ്‍ഗ്രസിനും പിന്നിലാണ് ഇന്ന് പശ്ചിമ ബംഗാളില്‍ സിപിഎമ്മിന്റെ സ്ഥാനം. രാജ്യത്ത് ബി.ജെ.പിക്കെതിരായ ബദല്‍മുന്നണിയുടെ സ്വഭാവം എന്താകണമെന്നതാകും പാര്‍ട്ടി കോണ്‍ഗ്രസിന് പ്രധാനമായും മുന്നോട്ടുവയ്ക്കേണ്ടി വരുക. മമത ബാനര്‍ജിയുടെ മുന്‍കൈയില്‍ പുതിയ ബദല്‍രാഷ്ട്രീയം ശക്തിപ്പെട്ടാല്‍, ഇടതുപക്ഷം എന്ത് നിലപാടെടുക്കണമന്ന കാര്യത്തില്‍ കേരളഘടകത്തിന്റെ നിലപാടും നിര്‍ണായകമാകും.
ഹൈദരാബാദില്‍ നടന്ന കഴിഞ്ഞ 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ അടവുനയത്തെച്ചൊല്ലിയുണ്ടായ ഭിന്നത കേരള- ബംഗാള്‍ ഘടകങ്ങള്‍ തമ്മിലെ തര്‍ക്കമെന്ന നിലയിലേക്ക് വളര്‍ന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും ഒരു വശത്തും ,മുതിര്‍ന്ന പി.ബി അംഗം പ്രകാശ് കാരാട്ടും കേരളഘടകവും മറുവശത്തും. കോണ്‍ഗ്രസ് അടക്കമുള്ള മതേതര ജനാധിപത്യ കക്ഷികളുമായി രാഷ്ട്രീയസഖ്യമാകാമെന്ന അടവുനയത്തിലേക്ക് അവസാനം പാര്‍ട്ടിയെത്തി.
2019ല്‍ രണ്ടാം മോദിസര്‍ക്കാര്‍ വന്ന ശേഷമുള്ള കൂടുതല്‍ സങ്കീര്‍ണ്ണമായ രാഷ്ട്രീയകാലാവസ്ഥയില്‍ ,പുതിയ രാഷ്ട്രീയ അടവുനയമാണ് വെല്ലുവിളി. തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ മാറ്റി നിറുത്തുകയും മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്ത കേരള ഘടകത്തിന്റെ നിലപാടിനെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വച്ച റിപ്പോര്‍ട്ട് പിന്തുണച്ചിട്ടുണ്ട്. ഈ നിലയില്‍ പിണറായിക്കെതിരെ കാര്യമായ വിമര്‍ശനങ്ങള്‍ ഉയരാനുള്ള സാധ്യത തീരെ കുറവാണ്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഫലം കണ്ടില്ലെന്ന വിലയിരുത്തലും പാര്‍ട്ടിയിലുണ്ട്.
https://www.facebook.com/Malayalivartha

























