എസ്ഐയെ വിളിച്ചിറക്കി സല്യൂട്ടടിപ്പിച്ചു, കോവിഡ് മാനദണ്ഡം പാലിക്കാതെ പരിപാടി നടത്തി; സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്യു തൃശൂര്‍ ജില്ലാ സെക്രട്ടറി
എസ്ഐയെ വിളിച്ചിറക്കി സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കെഎസ്യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡ് ആണ് പരാതി നല്‍കിയത്.
എസ്.ഐയെ നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാന്‍ വേണ്ടിയാണെന്ന് പരാതിയില്‍ പറയുന്നു. കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും വി.എസ് ഡേവിഡ് പരാതിയില്‍ ആവശ്യപ്പെട്ടു.
പുത്തൂരില്‍ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഒല്ലൂര്‍ എസ്ഐയെ വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത്. 'ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നാണ് സുരേഷ് ഗോപി എസ്ഐയോട് പറഞ്ഞത്.
പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സല്യൂട്ട് ചെയ്യേണ്ടതില്ല. എസ്ഐ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അദ്ദേഹം സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുമോയെന്നും ഇപ്പോള്‍ വ്യക്തമല്ല.
https://www.facebook.com/Malayalivartha