സുധാകരന്‍ ആളാരാ മോന്‍... കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞ് പോക്ക് ശക്തമായതോടെ തത്ക്കാലം തടയിട്ട് കെ. സുധാകരന്‍; മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ആറന്മുള മുന്‍ എംഎല്‍എയുമായ കെ.ശിവദാസന്‍ നായരുടെ സസ്പെന്‍ഷന്‍ റദ്ദാക്കി; അനില്‍ കുമാര്‍ പോയതിന് പിന്നാലെ ഉടന്‍ നടപടി

കോണ്‍ഗ്രസ് അച്ചടക്ക നടപടി ശക്തിപ്പെടുത്തിയപ്പോള്‍ പല വിലപ്പെട്ട നേതാക്കളാണ് എകെജി സെന്ററിനെ അഭയം പ്രാപിച്ചത്. എന്നാല്‍ വേസ്റ്റ് കളക്ഷന്‍ സെന്ററെന്നാണ് അതിനെ അധിഷേപിച്ചത്. ഇനിയൊരു വേസ്റ്റും അങ്ങോട്ട് പോകാതിരിക്കാനായുള്ള ഇടപെടലുകളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ആറന്മുള മുന്‍ എംഎല്‍എയുമായ കെ.ശിവദാസന്‍ നായരുടെ സസ്പെന്‍ഷന്‍ റദ്ദാക്കി. അച്ചടക്കലംഘനത്തിന് കെപിസിസി നോട്ടീസില്‍ ശിവദാസന്‍ നായര്‍ നല്‍കിയ മറുപടി തൃപ്തികരമാണെന്ന് സുധാകരന്‍ പറഞ്ഞു. അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആ സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ റദ്ദ് ചെയ്യുകയാണെന്നും കെ.സുധാകരന്‍ അറിയിച്ചു. ഒരു നേതാവിനെതിരെയും ശിവദാസന്‍ നായര്‍ അഭിപ്രായം പറഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ നന്മയ്ക്കായി നല്ല ഉദ്ദേശത്തോടെയാണ് വിമര്‍ശിച്ചതെന്നായിരുന്നു ശിവദാസന്‍ നായര്‍ നല്‍കിയ മറുപടി.
കോണ്‍ഗ്രസിന്റെ മുന്നോട്ടുളള പ്രയാണത്തില്‍ ശക്തിയും കരുത്തുമായി ശിവദാസന്‍ നായരുടെ സേവനം വേണമെന്നാണ് കെ.സുധാകരന്‍ പറഞ്ഞത്. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ ചാനല്‍ ചര്‍ച്ചയിലൂടെ നടത്തിയ രൂക്ഷമായ പ്രതികരണമാണ് ശിവദാസന്‍ നായരെയും കെ.പി അനില്‍കുമാറിനെയും സസ്പെന്‍ഡ് ചെയ്യാന്‍ കാരണമായത്. അനില്‍കുമാറിനെ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് അറിയിച്ചു. പിന്നാലെ 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി അനില്‍ കുമാര്‍ അറിയിച്ചു. തുടര്‍ന്ന് സിപിഎമ്മിലെത്തിയ കെ.പി അനില്‍ കുമാറിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്.
ജനങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നതാണ് കോണ്‍ഗ്രസ് പാരമ്പര്യമെന്ന് കെ. സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റ ശേഷം തൃശൂരിലെത്തിയ സുധാകരന്‍ ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു. സെമി കേഡര്‍ സംവിധാനം എന്താണെന്ന് അറിയില്ലെന്നും അതൊക്കെ സുധാകരനോടു ചോദിക്കണമെന്നുമാണു പാര്‍ട്ടിയിലെ ചിലര്‍ പറയുന്നത്. അക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് അതെന്താണെന്നു പഠിപ്പിച്ചു കൊടുക്കുമെന്ന് എം.എം. ഹസന്റെ പേരെടുത്തു പറയാതെ കെ. സുധാകരന്‍ വിമര്‍ശിച്ചു.
കേഡര്‍ എന്നത് പൊതുപ്രവര്‍ത്തനത്തിന് സ്വയം സമര്‍പ്പിക്കാന്‍ കഴിവുള്ളവരുടെ കൂട്ടമാണ്. ഇതൊരു സംവിധാനമാണ്. ഇതറിയില്ലെന്ന ചിലരുടെ വാക്കുകള്‍ ചിരിയാണുണ്ടാക്കുന്നത്. ആരും അതിനെ പുച്ഛിേക്കണ്ട. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ് ഈ വാക്ക് സംഭാവന ചെയ്തത്. അത്തരം സംവിധാനമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാറ്റം ഉണ്ടാകുമെന്നതുറപ്പാണ്. കാര്യക്ഷമത ഇല്ലാതായി മാറിയ കാലത്ത് കര്‍ക്കശമായ സമീപനം ആവശ്യമാണ്. കാര്‍ക്കശ്യത്തില്‍ വെള്ളം ചേര്‍ത്താല്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടുപോകില്ല.
സാമൂഹിക സേവനത്തില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അകന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ശതമാനം വ്യത്യാസം മാത്രമാണ് കോണ്‍ഗ്രസിന് എതിര്‍പാര്‍ട്ടിയുമായി ഉണ്ടായത്. ഒന്നും പ്രവര്‍ത്തിച്ചില്ലെങ്കിലും കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ആളുകളുണ്ട് എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്ന സമീപനമാണ് ആവശ്യം. സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























