ഇനി കണ്ടില്ലെന്ന് നടിക്കരുത്!! റോഡ് അപകടങ്ങളിൽ പെടുന്നവരെ സമയബന്ധിതമായി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം; അപകട സ്ഥലത്ത് നിന്ന് ഒരാൾ ഒന്നിലധികം പേരെ രക്ഷിച്ചാലും 5000 രൂപ, ഒന്നിലധികം പേർ ചേർന്നാണ് ഒരാളെ രക്ഷപ്പെടുത്തുന്നതെങ്കിൽ 5000 രൂപ വീതിക്കുന്നത് എല്ലാവർക്കുമായി:- ഒന്നിലധികം പേര്‍ ഒന്നിലധികം പേരുടെ ജീവൻ രക്ഷിക്കുകയാണെങ്കിൽ രക്ഷപ്പെട്ട ആളുകളുടെ എണ്ണം കണക്കാക്കി പാരിതോഷികം

റോഡ് അപകടങ്ങളിൽ പെടുന്നവരെ സമയബന്ധിതമായി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികവുമായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് രംഗത്ത്. റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
അപകടത്തില്‍ പെട്ട് മണിക്കൂറിനുള്ളില്‍ പരിക്കേറ്റവരുടെ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് 5000 രൂപയാണ് നല്‍കുക. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിലാണ് മരണം സംഭവിക്കാൻ കൂടുതൽ സാധ്യത. ‘ഗോൾഡൻ അവർ’ എന്നു വിളിക്കുന്ന ഈ നിർണായക മണിക്കൂറിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്കായിരിക്കും പാരിതോഷികം.
ഇതോടൊപ്പം പ്രശംസാപത്രവും നൽകും. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രിന്‍സിപ്പല്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ മാസം 15 മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലയളവ്. വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നവരെ പാരിതോഷികത്തിനു പരിഗണിക്കില്ല.
റോഡപകടബാധിതരെ സഹായിക്കാന്‍ പൊതുജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 5000 രൂപക്കൊപ്പം പ്രശസ്തി പത്രവും ലഭിക്കും. ഇത്തരത്തില്‍ റോഡപകടങ്ങില്‍ പെട്ടവരെ സഹായിക്കുന്നവരില്‍ നിന്ന് 10 പേര്‍ക്ക് ദേശീയ തലത്തില്‍ പുരസ്‌കാരം നല്‍കും.
ലക്ഷം രൂപയായിരിക്കും വര്‍ഷത്തില്‍ നല്‍കുന്ന ഈ പുരസ്‌കാര ജേതാവിന് ലഭിക്കുക. അപകട സ്ഥലത്ത് നിന്ന് ഒരാൾ ഒന്നിലധികം പേരെ രക്ഷിച്ചാലും 5000 രൂപയായിരിക്കും പാരിതോഷികം.
ഒന്നിലധികംപേർ ചേർന്നാണ് ഒരാളെ രക്ഷപ്പെടുത്തുന്നതെങ്കിൽ 5000 രൂപ എല്ലാവർക്കുമായി വീതിക്കും. ഒന്നിലധികം പേര്‍ ഒന്നിലധികം പേരുടെ ജീവൻ രക്ഷിക്കുകയാണെങ്കിൽ രക്ഷപ്പെട്ട ആളുകളുടെ എണ്ണം കണക്കാക്കിയാവും പാരിതോഷികം നൽകുക.
അപകടവിവരം പോലീസിനെ ആദ്യം അറിയിക്കുന്ന ആൾക്ക് ഡോക്ടറുടെ റിപ്പോർട്ടും മറ്റു വിശദാംശങ്ങളും ഉൾപ്പെടുത്തി പോലീസ് രസീത് നൽകണം. പരിക്കേറ്റ രോഗിയെ രക്ഷപ്പെടുത്തിയ ആൾ നേരിട്ടാണ് ആശുപത്രിയിലെത്തിച്ചതെങ്കിൽ ആശുപത്രിയധികൃതർ വിവരങ്ങൾ പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
സംഭവം നടന്ന സ്ഥലം, തീയതി, കൊണ്ടുവന്ന ആളുടെ ഇടപെടൽ അദ്ദേഹത്തിന്റെ മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയവ ഉൾപ്പെടുത്തി പോലീസ് രസീത് നൽകുകയും വേണം.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പോലീസ് നൽകുന്ന റിപ്പോർട്ട് പരിശോധിച്ച് തീരുമാനമെടുക്കുക. ജില്ലാതല സമിതി ഓരോ മാസവും യോഗം ചേർന്ന് തീരുമാനമെടുക്കും.
പാരിതോഷികം നൽകുന്ന കാര്യത്തിൽ ജില്ലാതല സമിതിയുടെ ശുപാർശ സംസ്ഥാന ഗതാഗത കമ്മിഷണർ പരിശോധിച്ച് തുക അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.
പദ്ധതി വിലയിരുത്താൻ സംസ്ഥാനങ്ങളിൽ സെക്രട്ടറിതല മേൽനോട്ട സമിതി രൂപവത്കരിക്കും. പദ്ധതിയുടെ ഭാഗമായി ഗതാഗതവകുപ്പ് സംസ്ഥാനങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് വര്‍ഷത്തില്‍ പരമാവധി അഞ്ചു തവണ പാരിതോഷികത്തിന് അര്‍ഹനാക്കാം. രാജ്യത്ത് ദിനംപ്രതി റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
https://www.facebook.com/Malayalivartha






















