''സഹോദരനോടൊപ്പം പോകണമെന്ന് പലവട്ടം പറഞ്ഞതാണ് എന്നിട്ടും അവൾ കേട്ടില്ല'' പോത്തൻകോട് ഭർത്താവിന്റെ അനുജൻ പെട്രോളൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി

പോത്തൻകോട് കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവിന്റെ അനുജൻ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരണമടഞ്ഞു. പണിമൂല തെറ്റിച്ചിറ വൃന്ദാഭവനിൽ വിജയന്റെയും മോളിയുടെയും മകൾ വൃന്ദ (28)യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഭർത്താവിന്റെ അനുജൻ സുബിൻ ലാൽ തീ കൊളുത്തിയത്. അരയ്‌ക്കുതാഴെ ഗുരുതരമായി പൊളളലേറ്റ വൃന്ദ ഒരാഴ്‌ചയായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
വർഷങ്ങളായി ഭർത്താവ് സബിൻ ലാലുമായി വൃന്ദ അകന്നു കഴിയുന്നതിലെ എതിർപ്പാണ് അക്രമത്തിന് കാരണം. വൃന്ദ വിവാഹമോചനത്തിന് കുടുംബ കോടതിയിൽ കേസ് കൊടുത്തിരുന്നു. ‘സഹോദരനോടൊപ്പം പോകണമെന്ന് പലവട്ടം പറഞ്ഞതാണ് എന്നിട്ടും അവൾ കേട്ടില്ല. ഒടുവിൽ തീരുമാനിക്കുകയായിരുന്നു’ എന്നാണ് അക്രമത്തിന് ശേഷം ഭർതൃ സഹോദരൻ പൊലീസിനോട് പറഞ്ഞത്.
സംഭവത്തിൽ വൃന്ദയുടെ ഭർത്താവ് സബിൻലാലിന്റെ ഇളയ സഹോദരൻ തെറ്റിച്ചിറ പുതുവൽ പുത്തൻ വീട്ടിൽ സിബിൻ ലാലിനെ (35) സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിടികൂടിയിരുന്നു.
വൃന്ദ ആറ് മാസമായി വാവറയമ്പലത്തിന് സമീപം കാവുവിളയിൽ സ്വയം തൊഴിൽ എന്ന നിലയിൽ തയ്യൽ പഠിക്കുകയായിരുന്നു. വാടകയ്ക്കെടുത്ത കാറിൽ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലും നിറച്ച പെട്രോളുമായി കടയിലേക്ക് എത്തിയ സിബിൻ ലാലിനെ കണ്ടതോടെ വൃന്ദ ഒഴിഞ്ഞു മാറാൻ ശ്രമിക്കവേ പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.
കടയുടമയുടെ വീടിന് പിന്നിലേയ്ക്ക് വൃന്ദ ഓടിയപ്പോൾ സിബിൻലാൽ പിന്നാലെയെത്തി. രാധ സിബിനെ തടയാൻ ശ്രമിക്കുന്നതിനിടെ വൃന്ദയോട് മുറിക്കുള്ളിൽ കയറി കതകടച്ചു രക്ഷപ്പെടാൻ പറഞ്ഞു. ഇതിനിടെ സിബിൻ പെട്രോളിൽ മുക്കിയ പന്തം കത്തിച്ച് വ്യന്ദയ്ക്കു നേരെ വലിച്ചെറിയുകയായിരുന്നു.
ശരീരത്തിൽ തീപടർന്നതോടെ വീടിനുള്ളിലും പിന്നീട് പുറത്തേക്കും വൃന്ദ ഓടി. ഇതിനിടെ സിബിൻലാൽ കാറിനുള്ളിൽ കയറി കടന്നുകളയുകയായിരുന്നു. അരയ്ക്കു കീഴെയും വയറ്റിലും കൈകൾക്കും ഗുരുതര പൊള്ളലേറ്റ നിലയിലാണ് വ്യന്ദയെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സുബിനെ മുട്ടത്തറയിൽ വച്ച് പൊലീസ് പിടികൂടി. ഇതിനിടെ ഇയാൾ ആത്മഹത്യ ചെയ്യാൻ വിഷം കഴിച്ചിരുന്നു. ഭർതൃവീട്ടിലെ പീഡനം സഹിക്കാൻ കഴിയാതെയാണ് രണ്ടു മക്കളേയും കൂട്ടി വൃന്ദ താമസം മാറിയതെന്നും എന്നിട്ടും പിന്നാലെയെത്തി ഭർത്താവ് സബിൻലാലും വീട്ടുകാരും ഉപദ്രവിക്കുകയായിരുന്നുവെന്നും വൃന്ദയുടെ കുടുംബം പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു.
https://www.facebook.com/Malayalivartha






















