കോഴിക്കോട് വീട്ടുകാരെ വിറപ്പിച്ച് വീടിനുള്ളിലെ ടൈല്‍സുകള്‍ പൊട്ടിത്തെറിച്ചു

കോഴിക്കോട് വീട്ടുകാരെ വിറപ്പിച്ച് വീടിനുള്ളിലെ ടൈല്‍സുകള്‍ ഒന്നാകെ പൊട്ടിത്തെറിച്ചു. ബാലുശ്ശേരി കിനാലൂരിലെ രാഘവന്‍ മേനോക്കിയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി 9.45 ഓടെ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.
രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടൻ ഡൈനിംഗ് ഹാളിലെ ടൈല്‍സുകള്‍ ഒന്നാകെ പൊട്ടി പൊങ്ങി പോരുകയായിരുന്നു. പോലീസും നാട്ടുകാരും ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നുവെങ്കിലും എന്താണ് സംഭവിച്ചത് എന്നതിന് ഒരു പിടിയുമില്ല.
കൂടുതല്‍ പരിശോധനയ്ക്കായി ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. പ്രവാസി ജീവിതത്തിലെ സമ്പാദ്യം കൊണ്ട് കിനാലൂരിനടുത്ത ഏര്‍വാടി മുക്കില്‍ വീട് വെച്ചിട്ട് അഞ്ച് വർഷം മാത്രമേ ആയുള്ളൂ.
ആദ്യമായാണ് വീട്ടുകാർക്ക് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുന്നത്. ജനപ്രതിനിധികള്‍ അടക്കം സ്ഥലത്ത് സന്ദര്‍ശനം നടത്തി. വരും ദിവസങ്ങളില്‍ ജിയോളജി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തും.
ഈയടുത്താണ് കോഴിക്കോട് പോലൂരിലെ മറ്റൊരു വീട്ടില്‍ അജ്ഞാത ശബ്ദമുണ്ടായത്. ഇതിന്റെ കാരണം കണ്ടെത്തുന്നതിനായി പ്രദേശത്ത് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ ഭൗമശാസ്ത്ര പഠനം ആരംഭിച്ചു.
ഡോ. ബിപിന്‍ പീതാംബരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് ഭൂമിക്കടിയില്‍ നിന്നും മുഴക്കമുണ്ടാകുന്ന കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പോലൂര്‍ കോണോട്ട് തെക്കേ മാരാത്ത് ബിജുവിന്റെ വീടിന് സമീപം പരിശോധന നടത്തുന്നത്.
ഭൂമിക്കടിയിലേക്ക് വൈദ്യുത തരംഗം കടത്തിവിട്ടുള്ള ഇലക്‌ട്രിക്കല്‍ റെസിസ്റ്റിവിറ്റി ഇമേജിങ് സര്‍വേയാണ് സംഘം നടത്തുന്നത്. ഭൂമിയുടെ 20 മീറ്റര്‍ താഴെവരെയുള്ള ഘടനയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്ബത് മണിക്ക് ആരംഭിച്ച സര്‍വേ വൈകിട്ട് ഏഴ് മണിക്ക് അവസാനിച്ചു. വെള്ളിയാഴ്ചയും സര്‍വേ തുടരും.
https://www.facebook.com/Malayalivartha
























