പ്രേത ബാധ ഒഴിപ്പിക്കാൻ അധ്യാപികയുടെ വീട്ടിലെത്തി മാല കവർന്ന ഹൈടെക് മന്ത്രവാദി ആള് ചില്ലറക്കാരനല്ല; ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പുറത്ത് വന്നത് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസും, ക്വട്ടേഷൻ പണിയും:- ഫോണിലെ ദൃശ്യങ്ങൾ കണ്ട് പോലീസ് വരെ ഞെട്ടി!!! മാനം പോകുമെന്ന് ഭയന്ന് പരാതി നൽകാൻ തയ്യാറാകാതെ യുവതികൾ... കേരളത്തിൽ ഉടനീളം തട്ടിപ്പുകൾ... രജിസ്റ്റർ ചെയ്തത് ഒരു കേസ് മാത്രം

പ്രേതബാധ ഒഴുപ്പിക്കാൻ മന്ത്രവാദം നടത്തി അധ്യാപികയുടെ മൂന്ന് പവൻ തട്ടിയെടുത്ത വ്യാജ മാന്ത്രികന്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലും പ്രതിയെന്ന് പോലീസ്. ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയ്സ് ജോസഫിനെ(29) ക്കുറിച്ചുള്ള അന്വേഷണത്തിലാണ് പുതിയ തട്ടിപ്പ് കഥകൾ പുറത്ത് വരുന്നത്.
ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി കണ്ടെത്തിയത്. ഇന്നലെ തെളിവെടുപ്പിന് കൊണ്ടുപോയ ജോയ്‌സിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടിയത്. ഇയാള്‍ക്ക് മറ്റു പല ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയും ഇയാളും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പ് മനസ്സിലാക്കിയ പൊലീസ് യുവതിമായി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ ഇതുവരെയും യുവതി തയ്യാറായില്ല.
സമാനമായി മറ്റ് പല സ്ത്രീകളില്‍ നിന്നും മാന്ത്രിക തട്ടിപ്പ് നടത്തി ഇയാള്‍ പണവും സ്വര്‍ണവും അപഹരിച്ചിരുന്നു. എന്നാല്‍ അവരും മാനഹാനി ഭയന്ന് പരാതി നൽകാൻ തയ്യാറാകുന്നില്ലെന്ന് കോട്ടയം പോലീസ് പറയുന്നു. മറ്റ് പല ക്വട്ടേഷനുകളും ഇയാള്‍ ഏറ്റെടുത്തിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
പല തര്‍ക്കങ്ങള്‍ക്കും ഇടയില്‍ ഇടപെടുന്ന രീതി ഇയാള്‍ക്ക് ഉണ്ടായിരുന്നു. ഇതിന് ശേഷം ആളുകളെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം വാങ്ങിയിരുന്നത്. ഈ സംഭവത്തിലും പോലീസ് അന്വേഷണം തുടരുകയാണ്.
നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടും സ്ത്രീകള്‍ ആരും പരാതി നല്‍കാന്‍ വരുന്നില്ല എന്നത് പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. പരാതി നല്‍കിയ കോട്ടയത്തെ അദ്ധ്യാപിക, തന്റെ പേര് പുറത്ത് വെളിപ്പെടുത്തരുത് എന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ് ഇത്രയധികം തട്ടിപ്പുകള്‍ നടന്നിട്ടും പരാതിക്കാര്‍ വരാത്തത് എന്നതില്‍ പോലീസിന് സംശയമുണ്ട്. ഇയാള്‍ മറ്റേതെങ്കിലും തരത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നു എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
നിലവില്‍ ഇയാള്‍ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അധ്യാപികയിൽ നിന്ന് മാല തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഇയാൾ ഇപ്പോൾ റിമാന്റിലാണ്. കോട്ടയം നഗരത്തിലെ മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ സ്വര്‍ണ്ണ കടയില്‍ നിന്ന് ഇയാള്‍ കവര്‍ന്ന മാല പോലീസ് വീണ്ടെടുത്തു.
നിരന്തരം പ്രേത സ്വപ്നങ്ങള്‍ പതിവായതോടെയാണ് ഫേസ്‌ബുക്കിലൂടെ അദ്ധ്യാപിക ഇയാളെ ബന്ധപ്പെടുന്നത്. ഡേവിഡ് ജോണെന്ന പേരില്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാള്‍ ബാധയൊഴിപ്പിക്കലിന് ആള്‍ക്കാരെ തിരഞ്ഞിരുന്നത്. അധ്യാപികയുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ചില ബാധകളാണെന്ന് ഇയാൾ വിശ്വസിപ്പിച്ചിരുന്നു.
ചില പൂജകൾ നടത്തിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് തുടങ്ങിയത്. ശക്തമായ ബാധയാണെന്നും അതിനാല്‍ സ്വർണം വേണമെന്ന് ആവശ്യപ്പെട്ട് ചെറിയ കുടത്തിൽ മഞ്ചാടിക്കുരുവും ശങ്കും രുദ്രാക്ഷവും ഒപ്പം സ്വർണ മാലയും അദ്ധ്യാപിക കാൺകെ ഇട്ട് കുടം അടച്ച് കെട്ടി.
അധ്യാപികയെ കണ്ണടച്ച് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട ഇയാൾ മാല കൈക്കലാക്കിയ ശേഷം അഞ്ച് ദിവസം കഴിഞ്ഞ് മാത്രമേ കുടം തുറക്കാവൂ എന്ന് നിർദ്ദേശം നൽകി മുങ്ങുകയായിരുന്നു. കുടം തുറക്കും മുമ്പ് വിളിച്ചപ്പോൾ 21 ദിവസം വരെ കാത്തിരിക്കണമെന്നായിരുന്നു പുതിയ നിർദ്ദേശം. സംശയം തോന്നി അദ്ധ്യാപിക കുടം തുറന്ന് നോക്കിയപ്പോൾ മാല നഷ്ടപ്പെട്ടെന്ന് മനസിലായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha
























