ഇരിട്ടി പുതിയപാലത്തില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി അപകടം; ഗതാഗതം ഭാഗികമായി നിലച്ചു! പരിഹരിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ ഇത് തുടർകഥ

ഇരിട്ടി പുതിയപാലത്തില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി അപകടം. തകരാറിലായ ലോറി പാലത്തില്‍ കുടുങ്ങിയതോടെ ഇവിടെ ഭാഗിക വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ച 3.30ഓടെ ആയിരുന്നു അപകടം. കര്‍ണാടകയില്‍നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരുകയായിരുന്ന രാജസ്ഥാന് രജിസ്ട്രേഷനുള്ള കൂറ്റന്‍ കണ്ടെയ്നര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
ലോറി പാലത്തിലെ നടപ്പാതയെ വേര്‍തിരിക്കുന്ന കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. ഡിവൈഡറില്‍ സ്ഥാപിച്ച സിഗ്നല്‍ ബോര്‍ഡ് തകര്‍ത്ത് ഇടിച്ചുകയറിയ ലോറിയുടെ ഹൗസിങ് ഇളകിപ്പോയതിനാല്‍ മുന്നോട്ടോ പിന്നോട്ടോ എടുക്കാനാകാതെ ലോറി പാലത്തില്‍ കുടുങ്ങി. ഇതാണ് ഗതാഗതതടസ്സത്തിന് ഇടയാക്കിയത്. പൊലീസ് സ്ഥലത്തെത്തി കൂട്ടുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ പുതിയ പാലത്തിെന്റ ഒരു ഭാഗത്തു കൂടിയും ഇരിട്ടിയില്‍നിന്ന് പാലം കടന്നുപോകേണ്ട വാഹനങ്ങളെ പഴയ പാലം വഴിയും നിയന്ത്രിച്ചുവിട്ടു.
മെക്കാനിക്കുകള്‍ എത്തി ഉച്ച 12ന് ശേഷമാണ് ലോറി പാലത്തില്‍നിന്ന് മാറ്റാനായത്. പാലം കവലയിലെയും പാലത്തിലുമുള്ള ഡിവൈഡറുകളുടെ നിര്‍മാണത്തില്‍ ഒട്ടേറെ അശാസ്ത്രീയത ഉണ്ടെന്നാണ് നാട്ടുകാരും ഡ്രൈവര്‍മാരും പറയുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഇല്ലാത്തപക്ഷം ഇനിയും ഇതുപോലുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാകുമെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























