വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സംവിധാനം സ്ഥാപിക്കാൻ ഡിസംബർ 31വരെ സമയം നീട്ടിനൽകി; ലൊക്കേഷൻ കണ്ടെത്താനുള്ള സംവിധാനവും അടിയന്തര സാഹചര്യങ്ങളിൽ വാഹനം നിർത്താനുള്ള എമർജൻസി ബട്ടണും നിർബന്ധമായും ഘടിപ്പിക്കണമെന്ന് ഹൈകോടതി

സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് (വി.എൽ.ടി) സംവിധാനവും എമർജൻസി ബട്ടണും സ്ഥാപിക്കാൻ ഹൈകോടതി ഡിസംബർ 31വരെ സമയം നീട്ടിനൽകിയതായി റിപ്പോർട്ട്. ലൊക്കേഷൻ കണ്ടെത്താനുള്ള സംവിധാനവും അടിയന്തര സാഹചര്യങ്ങളിൽ വാഹനം നിർത്താനുള്ള എമർജൻസി ബട്ടണും നിർബന്ധമായും ഘടിപ്പിക്കണമെന്ന് പെരുമ്പാവൂർ സ്വദേശി ജാഫർഖാൻ നൽകിയ ഹരജിയിൽ 2020 നവംബർ 23ന് കോടതി ഉത്തരവിടുകയായിരുന്നു.
അതേസമയം 2021 ജനുവരി ഒന്നു മുതൽ ഉത്തരവ് നടപ്പാക്കാനായിരുന്നു നിർദേശിച്ചത്. പിന്നീട് മാർച്ചിൽ രണ്ടു മാസംകൂടി സമയം നീട്ടിനൽകുകയായിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നൽകിയ ഹരജികളിൽ വീണ്ടും സമയം നീട്ടിനൽകിയിട്ടുണ്ട്.
എന്നാൽ, ഉപകരണങ്ങൾ വാങ്ങിയെന്നും ഇവ ഘടിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി വീണ്ടും കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇവരുടെ വാദം അംഗീകരിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഡിസംബർ 31വരെ സമയം പിന്നെയും നീട്ടിനൽകിയത്.
https://www.facebook.com/Malayalivartha
























