ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് കാമുകനൊപ്പം ഒളിച്ചോടിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് കണ്ടെത്തി പോലീസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് കാമുകനൊപ്പം ഒളിച്ചോടിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പോലീസ് കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു. മാസങ്ങളായി ഇവര്‍ തമ്മില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. സ്‌കൂള്‍ തുറക്കുന്ന സമയത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങാമെന്നായിരുന്നു പെണ്‍കുട്ടി കാമുകനെ അറിയിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് കോഴിക്കോട് പന്തിരാങ്കാവ് വിദ്യാനികേതന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പന്തീരാങ്കാവ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടത്. തൊട്ടുപിന്നാലെ നഗരത്തിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് റയില്‍വേ സ്‌റ്റേഷനിലെ നാല്‍പതോളം സിസിടിവി കാമറകള്‍ പരിശോധിച്ചത്. ഇതിലൊന്നില്‍ പെണ്‍കുട്ടി ഒരാള്‍ക്കൊപ്പം നടന്നുപോകുന്നതിന്റെയും കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കുന്നതിന്റെയും ദൃശ്യം കിട്ടി.
ടിക്കറ്റെടുത്ത സമയം വച്ച് കൗണ്ടറില്‍ പരിശോധിച്ചപ്പോള്‍ ഇരുവരും പോയത് കൊല്ലത്തേക്കുള്ള ട്രെയിനില്‍. പന്തീരാങ്കാവ് പോലീസ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റയില്‍വേ പൊലീസ് കൊല്ലത്ത് ട്രെയിന്‍ പരിശോധിച്ചെങ്കിലും ഇവര്‍ ബുക്ക് ചെയ്ത സീറ്റില്‍ കോഴിക്കോട്ടുനിന്ന് ആരും കയറിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ അന്വേഷണം വഴിമുട്ടി. എന്നാല്‍ തോറ്റ് പിന്‍മാറാതിരുന്ന പൊലീസ് ടിക്കറ്റ് കൗണ്ടറില്‍ കൊടുത്ത വിവരങ്ങള്‍ ശേഖരിച്ചു.
ഫോണ്‍ നമ്ബരില്ല, അജാസെന്ന് പേര് മാത്രം. ഇതേ പേരുളളവരെ ഫേസ്ബുക്കില്‍ അന്വേഷിച്ചു. അതിലെ ഫോണ്‍നമ്ബര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഒരെണ്ണത്തിന്റെ ലൊക്കേഷന്‍ കൊട്ടാരക്കരയെന്ന് കണ്ടെത്തി. ഇതോടെ ചടയമംഗലം പോലീസ് കൊട്ടാരക്കരയില്‍നിന്ന് തിരിച്ചിട്ടുള്ള മൂന്ന് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ രാത്രി വഴിയില്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചു. ഇതിലൊന്നില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശിയായ അജാസിനെയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























