സുരേന്ദ്രനാരാ മോന്‍... കേരളത്തില്‍ ആകെ ഓളം ഉണ്ടാക്കി ഇപ്പോള്‍ ബിജെപി പ്രസിഡന്റ് ആകുമെന്ന് തോന്നിപ്പിച്ച സുരേഷ് ഗോപിയെ കാണാനില്ല; കെ. സുരേന്ദ്രനെ പിന്തുണച്ച് കേന്ദ്രനേതൃത്വം; സുരേന്ദ്രന്‍ തന്നെ പ്രസിഡന്റായി തുടരും; അടുത്ത ഓളമുണ്ടാക്കാന്‍ വീണ്ടും സുരേഷ് ഗോപിയെത്തും

കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയാണ് ബിജെപിയുടെ പ്രസിഡന്റാകാന്‍ പരമ യോഗ്യനെന്നാണ് സകല മാധ്യമങ്ങളും പറഞ്ഞത്. സ്വന്തം നിലയില്‍ എല്ലാവരും വാര്‍ത്ത കൊടുത്ത് വാനോളം സുരേഷ് ഗോപിയെ പൊക്കി.
'ഞാനൊരു എം.പിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാന്‍ മേയര്‍ അല്ല' എന്ന് സുരേഷ് ഗോപി പറഞ്ഞതും എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തതിന്റെ ഓളം മാസങ്ങളോളം നിന്നു. പിന്നീടങ്ങോട് സുരേഷ് ഗോപി തൊടുന്നതും പിടിക്കുന്നതും വാര്‍ത്തയായി.
ഡല്‍ഹിയിലെത്തുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി ബിജെപി പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമാകുമെന്നു വരെ പ്രചരണം നടത്തി. സുരേഷ് ഗോപിയുടെ ജനകീയ മുഖം കേരളത്തില്‍ ബിജെപിയ്ക്ക് പൊതുജനാടിത്തറ മെച്ചപ്പെടുത്താന്‍ സാഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പേ കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നടക്കം കൂടുതല്‍ പേരെ പാര്‍ട്ടിയ്‌ക്കൊപ്പം നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. പരമ്പരാഗത വോട്ടുബാങ്കുമായി മുന്നോട്ടുപോയാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ പ്രയോജനം ചെയ്യില്ലെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തില്‍ നടത്തുന്ന പൊളിച്ചുപണി എന്ന തരത്തില്‍ വാര്‍ത്ത വന്നു.
സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് കെ സുരേന്ദ്രനെ മാറ്റി പകരം പുതിയ ആളെ കൊണ്ടുവരാനാണ് ബിജെപിയുടെ പദ്ധതി. ഇക്കാര്യത്തില്‍ പ്രഥമ പരിഗണന സുരേഷ് ഗോപിയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സുരേഷ് ഗോപി തള്ളുകയായിരുന്നു. സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്നും പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇതിനിടെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞെന്നാണ് പറയുന്നത്. സുരേഷ് ഗോപിയെയാണെങ്കില്‍ പിന്നെ കാണാനുമില്ല. മാത്രമല്ല ശോഭാ സുരേന്ദ്രന്‍ തുടങ്ങി സുരേന്ദ്രനെ പുറത്ത് ചാടിക്കാനിരുന്ന ആരേയും കാണാനില്ല.
അതിനിടെ കെ.സുരേന്ദ്രനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് ബിജെപി കേന്ദ്രനേതൃത്വം രംഗത്തെത്തി. സുരേന്ദ്രന്റെ രാജിക്കു വേണ്ടി ഉയരുന്ന വിവാദങ്ങള്‍ തുടരാന്‍ പാടില്ലെന്ന വ്യക്തമായ നിര്‍ദേശം സംസ്ഥാന നേതൃയോഗത്തില്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് നല്‍കി. തിരഞ്ഞെടുപ്പില്‍ തോറ്റു കഴിയുമ്പോള്‍ മാത്രമെത്തുന്ന ഉപദേശകരെ പാര്‍ട്ടിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തോല്‍വിയെ തുടര്‍ന്ന് രാജിവയ്ക്കണമെന്നാണ് ആവശ്യമെങ്കില്‍ പ്രചാരണത്തിന് 4 തവണ എത്തിയ നരേന്ദ്രമോദിയും ദേശീയ നേതാക്കളും കൂടി ഉത്തരവാദികളല്ലേ? നേരിട്ടു കണ്ട് സംസാരിക്കാന്‍ അടുപ്പമുള്ള നേതാക്കള്‍ ഇപ്പോള്‍ കത്തയയ്ക്കുകയാണ്. ആ കത്ത് മാധ്യമങ്ങള്‍ക്കും കൈമാറുന്നു. ഇത്തരക്കാര്‍ പാര്‍ട്ടിയെ മോശപ്പെടുത്താനാണു ശ്രമിക്കുന്നത്. 2009 ല്‍ തോല്‍വി സംഭവിച്ചപ്പോള്‍ ദേശീയ പ്രസിഡന്റായിരുന്ന രാജ്‌നാഥ്‌സിങ്ങിനു നിരന്തരം കത്തയയ്ക്കുകയായിരുന്നു അയല്‍ക്കാരന്‍ കൂടിയായ യശ്വന്ത് സിന്‍ഹ ചെയ്തതെന്ന ഉദാഹരണ സഹിതമാണ് ബി.എല്‍.സന്തോഷ് നേതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കിയത്.
ഇതോടൊപ്പം സംസ്ഥാന നേതൃത്വത്തിന് വ്യക്തമായ സന്ദേശവും മുന്നറിയിപ്പും നല്‍കാനും ദേശീയ നേതൃത്വം മറന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ കേരള നേതൃത്വത്തിനൊപ്പം എന്നായിരുന്നു യോഗത്തില്‍ നല്‍കിയ പൊതുവായ സന്ദേശം. എന്തായാലും ഇത് സുരേന്ദ്രന്റെ രണ്ടാം ജന്മമാണ്. കാരണം അത്രയ്ക്കും ഓളമാണ് സുരേഷ് ഗോപിയും കൂട്ടരും ഉണ്ടാക്കിയത്. ഇനി അടുത്ത ഓളം ഉണ്ടാക്കുന്നത് വരെ സുരേന്ദ്രന്‍ സേഫ്.
"
https://www.facebook.com/Malayalivartha

























