ഓണാഘോഷത്തിനിടെ ശ്രീകാര്യം എന്‍ജിനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച ജീപ്പ് ഇടിച്ച് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു

ശ്രീകാര്യം എന്‍ജിനിയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച ജീപ്പ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. സിവില്‍ എന്‍ജിനിയറിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി നിലമ്പൂര്‍ വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി ബഷീറിന്റെ മകള്‍ തെസ്‌നി ബഷീറാണ് (20) മരിച്ചത്. ഇന്നലെ രാത്രി 12.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിനുശേഷം നിലമ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.
അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ തെസ്‌നിയെ ഇന്നലെ രാവിലെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ചികിത്സയോടു പ്രതികരിക്കാതിരുന്നതിനാല്‍ വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ശക്തമായ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തതാണ് സ്ഥിതി വഷളാക്കിയത്. ഇന്നലെ ഉച്ചമുതല്‍ വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു.
ജീപ്പ് ഓടിച്ച മെക്കാനിക്കല്‍ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ബൈജുവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.12 സീനിയര്‍ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിക്കാന്‍ കോളേജ് അധികൃതര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. കോളേജിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജീപ്പിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. തെസ്‌നിയെ ഇടിച്ചിട്ടശേഷം ജീപ്പ് നിറുത്താതെ പോയി. ജീപ്പിലുണ്ടായിരുന്ന ചിലര്‍ ഏറെക്കഴിഞ്ഞ് എത്തിയാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് മാറ്റിയത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ തെസ്‌നിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.
ബുധനാഴ്ച വൈകിട്ട് 4 മണി കഴിഞ്ഞ് നടന്ന അപകടത്തെക്കുറിച്ച് കോളേജ് അധികൃതര്‍ പൊലീസിനെ അറിയിച്ചത് രാത്രി എട്ടോടെയാണ്. ഇക്കാര്യത്തില്‍ കോളേജ് അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha