മഴയിൽ നീരൊഴുക്ക് ശക്തം, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും 141അടിക്ക് മുകളിൽ, ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി

മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ജലനിരപ്പ് വീണ്ടും ഉയർന്നു. 141.65 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. 900 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. മഴ ഇനിയും പെയ്ത് നീരൊഴുക്ക് ശക്തമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കോ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജിലകളിൽ യെല്ലോ അലേർട്ട്. നാളെ എട്ട് ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്.
തമിഴ്‌നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴ ജനജീവിതത്തെ വലച്ചു. ചെന്നൈയുള്‍പ്പെടെയുള്ള കടലോര ജില്ലകളിലെ വീടുകളില്‍ വെള്ളംകയറി. പ്രളയ സമാനമായ സ്ഥിതിവിശേഷമാണ് പല സ്ഥലങ്ങളിലും. നേരത്തെ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് തൂത്തുക്കുടി, തിരുനെല്‍വേലി, ചെന്നൈ തുടങ്ങിയ 14 ജില്ലകളിലെ 11,000-ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. തിരുനെല്‍വേലി, തിരുവാരൂര്‍ ജില്ലകളിലെ ചില ഗ്രാമങ്ങള്‍ വെള്ളം കയറി ഒറ്റപ്പെട്ടതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്തനിവാരണസേനയുടെ രണ്ടുസംഘങ്ങൾ കാഞ്ചീപുരം,ചെങ്കൽപ്പെട്ട് ജില്ലകളിലെ വീടുകളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. തൂത്തുക്കുടിയിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടവർക്ക് ഭക്ഷണവും കുടിവെള്ളവുമെത്തിക്കാൻ ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha

























