ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിന് ബൈക്ക് അപകടത്തില്‍ പരിക്ക്; ബൈക്ക് ഓടിച്ചയാള്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു: ഉപേക്ഷിക്കപ്പെട്ട ബൈക്ക് പാറശാല സ്വദേശിയുടെതാണെന്ന് പൊലീസ്

ജോലി കഴിഞ്ഞ് തിരിച്ച് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ നഴ്സിന് ബൈക്ക് തട്ടി പരിക്കേറ്റു . തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് പോയ കല്ലിശ്ശേരി സ്വദേശിയായ യുവതിയ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം നടന്നത്. എം സി റോഡില്‍ പറയനക്കുഴിക്ക് സമീപം എത്തിയപ്പോള്‍ യുവതിയുടെ സ്കൂട്ടറില്‍ രണ്ട് യുവാക്കള്‍ ഓടിച്ച ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.
യുവതിയുടെ സ്കൂട്ടറിന്‍റെ ഹാന്‍ഡില്‍ ഭാഗത്ത് തട്ടി. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് മൂക്കിനു പൊട്ടലും മുഖത്ത് മുറിവുമേറ്റു. ശബ്ദം കേട്ട് തൊട്ടടുത്ത കടകളില്‍ നിന്നും ആളുകള്‍ ഓടിയെത്തുന്നതുകണ്ട് ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി. എന്നാല്‍ അല്പസമയത്തിനു ശേഷം മറ്റൊരു പള്‍സര്‍ ബൈക്ക് എം സി റോഡിലൂടെ അക്രമികളുടെ അരികില്‍ വന്ന് നിന്നു.
ഇരുവരും ആ ബൈക്കില്‍ കയറി പോയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ചെങ്ങന്നൂര്‍ ഭാഗത്തേക്ക് അതിവേഗം ഈ ബൈക്ക് പോയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ചെങ്ങന്നൂരില്‍ നിന്നും പൊലീസ് എത്തി ബൈക്ക് കസ്റ്റഡിയില്‍ എടുത്തു. ഉപേക്ഷിക്കപ്പെട്ട ബൈക്ക് പാറശാല സ്വദേശിയുടെതാണെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha