മോദിയുടെ കട്ട പിന്തുണ... അനുനയ നീക്കത്തിന് നില്‍ക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലെത്തി; കേരളത്തിലെ വിവാദം ഡല്‍ഹിയിലും തുടര്‍ന്നു; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; കേന്ദ്രത്തിന്റെ ശക്തമായ പിന്തുണ

തലസ്ഥാനത്ത് നിന്നും ഡല്‍ഹിയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവിടേയും വിമര്‍ശനം തുടര്‍ന്നു. സര്‍വകലാശാല ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ അതിരൂക്ഷമാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. ഉന്നതപദവികളില്‍ ഇഷ്ടക്കാരെ നിയമിക്കുന്നു. തിരുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചാന്‍സലര്‍ ഭരണഘടന പദവിയല്ലാത്തതിനാല്‍ ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികള്‍ കേരളം വിടേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. സര്‍വകലാശാല ചട്ട പ്രകാരമാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ ആകുന്നത്. ഭരണഘടന പദവി അല്ലാത്തതിനാല്‍ പദവി ഒഴിയാന്‍ സന്നദ്ധതനാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടല്‍ താങ്ങാന്‍ കഴിയാത്തതാണ്. സര്‍വകലാശാലകള്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. അതിനായി നിന്ന് കൊടുക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരം സംരക്ഷിക്കാന്‍ കഴിയാവുന്നത്ര ശ്രമിച്ചു. രാഷ്ട്രീയ ഇടപെടല്‍ നടത്തരുതെന്ന് പല തവണ ആവശ്യപ്പെട്ടു. ഇനിയും ഇത് തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. ചാന്‍സിലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഇതു രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാരുമായുള്ള പരസ്യ ഏറ്റുമുട്ടലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുതിരുന്നത്. വിമര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ചും വിട്ടുവീഴ്ച ചെയ്യേണ്ട കാര്യങ്ങളില്‍ അതിനു തയാറായുമാണ് ഗവര്‍ണര്‍ തന്റെ രണ്ടു വര്‍ഷക്കാലത്തെ ഭരണം മുന്നോട്ടുകൊണ്ടുപോയത്.
പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെയാണ് ഗവര്‍ണര്‍ ആദ്യമായി വിമര്‍ശിച്ചത്. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടന്ന പ്രക്ഷോഭം ഭിന്നാഭിപ്രായം പ്രകടിപ്പിക്കലല്ലെന്നും മറ്റുള്ളവര്‍ക്കുമേല്‍ സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. നിയമം കയ്യിലെടുക്കാനും ജനജീവിതം തടസ്സപ്പെടുത്താനും ചിലര്‍ ശ്രമിക്കുകയാണെന്നു വ്യക്തമാക്കിയ ഗവര്‍ണര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതിനെയും വിമര്‍ശിച്ചു.
പൗരത്വ നിയമത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണറുടെ അനുമതിക്ക് അയച്ചത്. ഗവര്‍ണര്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ഒടുവില്‍ നയപ്രഖ്യാപനത്തിലെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന 18ാം ഖണ്ഡിക മാറ്റമില്ലാതെ ഗവര്‍ണര്‍ വായിച്ചു. തന്റെ വിയോജിപ്പുകള്‍ നിലനിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം ആ ഭാഗങ്ങള്‍ വായിക്കുന്നതെന്ന് ഗവര്‍ണര്‍ സഭയില്‍ പ്രഖ്യാപിച്ചതും ചരിത്രമായി.
അതിനു തൊട്ടുമുന്‍പ്, കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കാനുള്ള സര്‍ക്കാര്‍ നടപടിക്ക് ചരിത്രത്തില്‍ ആദ്യമായി അംഗീകാരം നല്‍കാത്തതും വിവാദമായി. 2020 ഡിസംബര്‍ 23ന് സഭ ചേര്‍ന്ന് പ്രമേയം പാസാക്കാനുള്ള നീക്കം കീഴ്‌വഴക്കങ്ങള്‍ മറികടന്ന് ഗവര്‍ണര്‍ വെട്ടി. ബിജെപി സര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരെ രാഷ്ട്രീയ സന്ദേശം നല്‍കുകയെന്ന ലക്ഷ്യമാണ് പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മനസ്സിലുണ്ടായിരുന്നത്.
പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചതോടെ കേരളം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടാണെന്ന പ്രതീതി ഉണ്ടായി. നിയമസഭ അടിയന്തരമായി ചേരാനുള്ള സാഹചര്യം സര്‍ക്കാര്‍ വ്യക്തമാക്കാത്തതിനാലും തനിക്കു ബോധ്യപ്പെടാത്തതിനാലുമാണ് സമ്മേളനത്തിന് അനുമതി നിഷേധിച്ചതെന്നു പിന്നീട് മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ആവര്‍ത്തിച്ചു ചോദിച്ച ശേഷമാണ്, കാര്‍ഷിക പ്രക്ഷോഭം ചര്‍ച്ച ചെയ്യാനാണ് സഭ ചേരുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചത്. തുടര്‍ന്ന് 31ന് സഭ ചേരാന്‍ ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha