44 സെക്കന്‍ഡിനുള്ളില്‍ തവിടുപൊടി... ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് കരുത്തായി പിനാക റോക്കറ്റ് വ്യൂഹം; ആക്രമണപരിധി 60 കിലോമീറ്ററില്‍നിന്ന് 75 കിലോമീറ്ററായി വര്‍ധിപ്പിച്ചു; ശത്രുനിരയില്‍ 44 സെക്കന്‍ഡിനുള്ളില്‍ 7 ടണ്‍ സ്‌ഫോടകവസ്തു വര്‍ഷിക്കാന്‍ പിനാകയ്ക്കു കഴിയും

സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഓര്‍മ്മയില്‍ രാജ്യം നില്‍ക്കെ പാകിസ്ഥാനേയും ചൈനയേയും ഞെട്ടിച്ച് ഇന്ത്യയുടെ റോക്കറ്റ് പരീക്ഷണം. ആക്രമണപരിധി 60 കിലോമീറ്ററില്‍നിന്ന് 75 കിലോമീറ്ററായി വര്‍ധിപ്പിച്ച് പിനാക റോക്കറ്റ് വ്യൂഹത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് (പിനാക എക്സ്റ്റന്‍ഡഡ് റേഞ്ച് പിനാക ഇആര്‍) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍ നടന്ന പരീക്ഷണത്തില്‍ വിവിധ ദൂരങ്ങളിലേക്കായി 24 റോക്കറ്റുകള്‍ വിജയകരമായി തൊടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കൂട്ടത്തോടെയുള്ള റോക്കറ്റ് ആക്രമണത്തിലൂടെ ശത്രുനിരയില്‍ 44 സെക്കന്‍ഡിനുള്ളില്‍ 7 ടണ്‍ സ്‌ഫോടകവസ്തു വര്‍ഷിക്കാന്‍ പിനാകയ്ക്കു കഴിയും. അതിര്‍ത്തിയില്‍ ചൈന, പാക്ക് ഭീഷണികള്‍ നേരിടുന്നതിന് പിനാക സേനയ്ക്കു കരുത്തേകും. ഡിആര്‍ഡിഒ, പുണെയിലെ ആര്‍മമെന്റ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എആര്‍ഡിഇ), ഹൈ എനര്‍ജി മെറ്റീരിയല്‍സ് റിസര്‍ച് ലബോറട്ടറി, സ്വകാര്യ കമ്പനികളായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടാറ്റാ പവര്‍ എന്നിവ ചേര്‍ന്നാണു പിനാക റോക്കറ്റ് വികസിപ്പിച്ചത്.
പിനാക ഇആര്‍ പരീക്ഷണ വിജയത്തില്‍ പാലക്കാട് കഞ്ചിക്കോട്ടെ ബെമ്ല്‍ യൂണിറ്റിനും അഭിമാനം. പരീക്ഷണത്തിനു വേണ്ട 6 ട്രക്കുകള്‍ ഇവിടെയാണു നിര്‍മിച്ചത്. ഇവ ടാറ്റാ പവര്‍, എല്‍ ആന്‍ഡ് ടി എന്നിവയ്ക്കു കൈമാറി. റോക്കറ്റ് വിക്ഷേപിക്കാനാവശ്യമായ മാറ്റങ്ങള്‍ അവരാണു വരുത്തുന്നത്.
'പിനാക' ഇനി ഉല്‍പാദന ഘട്ടത്തിലേക്കു കടക്കുന്നതിനാല്‍ 3 വര്‍ഷം കൊണ്ട് 330 ട്രക്കുകള്‍ നിര്‍മിക്കാന്‍ 842 കോടി രൂപയുടെ കരാറും കഞ്ചിക്കോട് യൂണിറ്റിനു ലഭിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ബെമ്‌ലിനു സമീപകാലത്തു ലഭിക്കുന്ന വന്‍കരാറുകളില്‍ ഒന്നാണിത്.
അതേസമയം കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ 4 സൈനികരുടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു. ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക്കുമാരായ ജിതേന്ദ്ര കുമാര്‍, ഗുര്‍സേവക് സിങ്, ഹവീല്‍ദാര്‍ സത്പാല്‍ റായ് എന്നിവരുടെ ഡിഎന്‍എ പരിശോധന സേനാ ആശുപത്രിയില്‍ തുടരുകയാണ്.
പരിശോധന ഇന്നു പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്നു സേനാ വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ പറത്തിയ പൈലറ്റ് വിങ് കമാന്‍ഡര്‍ പൃഥ്വിസിങ് ചൗഹാന്റെ മൃതദേഹം ഇന്നലെ സ്വദേശമായ ആഗ്രയില്‍ സംസ്‌കരിച്ചു. നാട് ചൗഹാന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തൊപ്പി മകന്‍ ധരിച്ചത് കണ്ണീര്‍ കാഴ്ചയായി.
ഇതിനിടെ, ജനറല്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്തു. മക്കളായ കൃതികയും തരിണിയുമാണു ഹരിദ്വാറില്‍ കര്‍മങ്ങള്‍ ചെയ്തത്. റാവത്തിന്റെ പഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസറായിരുന്ന ലാന്‍സ്‌നായിക് ബി.സായി തേജയുടെ സംസ്‌കാരം ആന്ധ്രപ്രദേശിലെ മദനപള്ളിയില്‍ ഇന്നു നടക്കും. കൂനൂര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പ്രതികൂല കാലാവസ്ഥയിലും സാധ്യമായതെല്ലാം ചെയ്ത കാട്ടേരി ഗ്രാമവാസികള്‍ക്കും വ്യോമസേന നന്ദി അറിയിച്ചു.
കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ.പ്രദീപിന്റെ സംസ്‌കാര ചടങ്ങിലെ ഏറ്റവും ഉള്ളുലഞ്ഞ നിമിഷങ്ങളായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടു നാലരയോടെ മൃതദേഹം വീട്ടുമുറ്റത്തെത്തിയപ്പോള്‍ 7 വയസ്സുള്ള മകന്‍ ദശ്വിന്‍ദേവിനെയും ചേര്‍ത്തുപിടിച്ച് അവര്‍ ആദ്യമായി വീടിനു പുറത്തുവന്നു. പ്രദീപിന്റെ യൂണിഫോം എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരിയില്‍നിന്നു സ്വീകരിക്കുമ്പോഴും പതറാതെനിന്നു. ഇങ്ങനെ ധീര ജവാന്‍മാരുടെ ഓര്‍മ്മയ്ക്ക് മുന്നിലാണ് മിസൈലുകള്‍ പരീക്ഷിച്ച് വിജയിച്ചത്.
https://www.facebook.com/Malayalivartha