സേഫ് സോൺ പദ്ധതി നിർത്തി; ശബരിമല പാതയിൽ സഞ്ചരിക്കുന്ന ഭക്തർ ഉൾപ്പെടെയുള്ളവരുടെ യാത്ര സുരക്ഷിതമാക്കാൻ തുടങ്ങിയ പദ്ധതി നിർത്തിയത് ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന്, തൊട്ടടുത്ത ദിവസം കെഎസ്ആർടിസിയും അയ്യപ്പന്മാരുടെ വാഹനവും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു
ശബരിമല പാതയിൽ സഞ്ചരിക്കുന്ന ഭക്തർ ഉൾപ്പെടെയുള്ളവരുടെ യാത്ര സുരക്ഷിതമാക്കാൻ തുടങ്ങിയ സേഫ് സോൺ പദ്ധതി നിർത്തിയതായി റിപ്പോർട്ട്. ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ വ്യാഴാഴ്ച ഇടുക്കി അമലഗിരിയിൽ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പിന്‍റെ സേഫ് സോൺ പദ്ധതി നിർത്തിയതിന്‍റെ അടുത്ത ദിവസമായിരുന്നു ഈ അപകടം നടന്നത്.
കൂടാതെ തൊട്ടടുത്ത ദിവസം കെഎസ്ആർടിസിയും അയ്യപ്പന്മാരുടെ വാഹനവും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേൽക്കുകയുണ്ടായി. ഇതൊക്കെയും ഒഴിവാക്കാനാണ് മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി നടപ്പാക്കിയത്.
അതോടൊപ്പം തന്നെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ അയ്യപ്പഭക്തർ കൂടുതൽ സഞ്ചരിക്കുന്ന വഴികളിൽ 420 ദൂരത്തിൽ 24 മണിക്കൂറും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുമായിരുന്നു. ഇലവുങ്കലിൽ ക്രമീകരിച്ച കൺട്രോൾ റൂമിൽ നിന്ന് എല്ലാം നിയന്ത്രിക്കുകയും ചെയ്യും. കൊടും വളവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ പാതയിൽ ഡ്രൈവർമാർക്ക് നിർദ്ദേശവും സഹായവും നൽകും. ഇത്തവണയും ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയുണ്ടായി. പതിനൊന്ന് വാഹനങ്ങളും ക്രമീകരിച്ചു. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനും എന്നിവിടങ്ങളിൽ ഓഫീസും തുടങ്ങിയിട്ടുണ്ട്.
കൂടാതെ വർഷം തോറും 70 മുതൽ 90 ലക്ഷം രൂപ വരെ പദ്ധതിക്ക് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാലിത്തവണ ഒരു രൂപ പോലും കിട്ടിയില്ല എന്നതും എടുത്തുപറയേണ്ടതാണ്. പദ്ധതിയുടെ ഭാഗമായി നിയോഗിച്ച താൽക്കാലിക ഡ്രൈവർമാരുടെ പണിയും പോയിരുന്നു. ശമ്പളവും കിട്ടിയില്ല. പെട്രോൾ പമ്പുകളിൽ പതിനായിരങ്ങൾ കുടിശ്ശിക ആയതോടെ ഇന്ധനവും കിട്ടാതായി.
സേഫ് സോൺ നടപ്പാക്കിയ സമയത്തൊക്കെ അപകട നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. അതേസമയം പദ്ധതി നിലച്ചതോടെ പൊലീസ് മാത്രമാണ് ഇപ്പോൾ തീർത്ഥാടകരുടെ രക്ഷയ്ക്കായി ഉള്ളത്.
https://www.facebook.com/Malayalivartha