അതും മലയാളി തന്നെ... സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിക്കാനിടയായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന്റെ അവസാനദൃശ്യങ്ങള്‍ പകര്‍ത്തിയത് മലയാളി; യാഥാര്‍ത്ഥ്യമറിയാന്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്

ഇന്ത്യക്കാരെ വളരെയധികം ഞെട്ടിപ്പിച്ച സംഭവമാണ് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിക്കാനിടയായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം. അപകടത്തെപ്പറ്റി പലതരം കഥകള്‍ പുറത്ത് വന്നെങ്കിലും പലതും വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അപകടത്തിന് തൊട്ട് മുമ്പെടുത്ത വീഡിയോ എന്ന തരത്തില്‍ മഞ്ഞിലേക്ക് മായുന്ന വീഡിയോ പുറത്തായിരുന്നു.
അത് ചിത്രീകരിച്ചയാള്‍ മലയാളിയാണെന്ന് വ്യക്തമായി. കോയമ്പത്തൂരില്‍ താമസിക്കുന്ന മലയാളി ഫൊട്ടോഗ്രഫര്‍ ജോയാണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ജോയ് പുലിവാല്‍ പിടിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോയമ്പത്തൂരിലെ ഫൊറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. വിഡിയോയുടെ ആധികാരികത ഉറപ്പാക്കാനാണു പരിശോധന.
ഡിസംബര്‍ എട്ടിന് ഊട്ടി കാണാനെത്തിയ ജോ, കൂനൂരില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റര്‍ താഴ്ന്നു പറക്കുന്നത് കണ്ടത്. കൗതുകം തോന്നി ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. മൂടല്‍ മഞ്ഞിലേക്ക് ഹെലികോപ്റ്റര്‍ മറയുന്നതാണ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
നിരോധിത മേഖലയായ നിബിഡ വനമേഖലയിലേക്ക് ഫൊട്ടോഗ്രഫറും അദ്ദേഹത്തോടൊപ്പമുള്ള കുറച്ചുപേരും എന്തിനാണ് പോയതെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതിനിടെ, അപകടം നടന്ന ദിവസത്തെ കാലാവസ്ഥയും താപനിലയും സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് ചെന്നൈയിലെ കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പൊലീസ് ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തു വരികയാണ്.
ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച മി17വി 5 എന്ന ഹെലികോപ്റ്ററാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയില്‍ തകര്‍ന്നു വീണത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു. ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര. അപകടത്തില്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.
കൂനൂരില്‍ തകര്‍ന്ന വ്യോമസേന ഹെലികോപ്റ്റര്‍ മൂടല്‍മഞ്ഞിലേക്കു മറയുന്ന വിഡിയോ പകര്‍ത്തിയ ഫൊട്ടോഗ്രഫറും സുഹൃത്തും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പൊലീസിനു കൈമാറിയത്. കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തിയാണു മലയാളിയായ രാമനാഥപുരം തിരുവള്ളൂര്‍ നഗര്‍ സ്വദേശികളായ ജോ (കുട്ടി), സുഹൃത്ത് നാസര്‍ എന്നിവര്‍ 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ കൈമാറിയത്.
ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു മൂടല്‍മഞ്ഞിനകത്തേക്കു മറയുന്ന ദൃശ്യമാണു ജോയുടെ മൊബൈലിലുള്ളത്. പിന്നീട് ഹെലികോപ്റ്റര്‍ എവിടെയോ തട്ടുന്ന വലിയ ശബ്ദവും കേള്‍ക്കാം. ഇതു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു.
സംഭവത്തെക്കുറിച്ചു ജോ പറയുന്നത്, എട്ടിനു കുടുംബസമേതം ഊട്ടി കാണാനെത്തിയ ഞങ്ങള്‍ കൂനൂരില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റര്‍ താഴ്ന്നു പറക്കുന്നതു കണ്ടത്. കൗതുകം തോന്നി ദൃശ്യം ഫോണില്‍ പകര്‍ത്തി. മഞ്ഞിനകത്തേക്കു ഹെലികോപ്റ്റര്‍ മറഞ്ഞു. പിന്നീട് വലിയ ശബ്ദവും കേട്ടു. സുഹൃത്തായ നാസര്‍ 'അതു തകര്‍ന്നു വീണോ' എന്നു ചോദിച്ചു. ഞങ്ങള്‍ ആകെ ഭയപ്പെട്ടു.
മൊബൈല്‍ റേഞ്ചില്ലായിരുന്നു. പിന്നീട് യാത്രാമധ്യേ പൊലീസിനെ കണ്ടു വിവരം പറഞ്ഞു. ദൃശ്യവും കൈമാറി. അതു രാജ്യത്തെ നടുക്കിയ വലിയ ദുരന്തമായിരുന്നു എന്നു പിന്നീടാണറിഞ്ഞത്. എന്തായാലും ജോ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വരും.
"
https://www.facebook.com/Malayalivartha