കാര്യങ്ങള്‍ സങ്കീര്‍ണതയിലേക്ക്... ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളഞ്ഞെങ്കിലും നിലപാടിലുറച്ച് ഗവര്‍ണര്‍; സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തില്ലെന്ന് ഉറപ്പ് നല്‍കണം; സമവായ നീക്കങ്ങള്‍ എന്താകുമെന്ന് ആകാംക്ഷ

ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം പറയാനുള്ളത് പറഞ്ഞ് മുന്നേറുമ്പോള്‍ ഇനിയെന്തുണ്ടാകുമെന്നാണ് ആകാംക്ഷ. കണ്ണൂര്‍, കാലടി സര്‍വകലാശാലാ വി.സി നിയമനങ്ങളില്‍ സര്‍ക്കാരിനോട് ഇടഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറയുകയും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഗവര്‍ണര്‍ വ്യക്തമാക്കുകയും ചെയ്തതോടെ, സമവായ നീക്കങ്ങളില്‍ ആകാംക്ഷയേറി. എങ്കിലും ഒരേറ്റുമുട്ടലിനില്ലെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തില്ലെന്ന് ഉറപ്പ് നല്‍കിയാല്‍, ചാന്‍സലര്‍ പദവി ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കാമെന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ ആവര്‍ത്തിച്ചു. അതേസമയം, കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണറുടെ ആക്ഷേപങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയ മുഖ്യമന്ത്രി, അനുനയ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ടു.
മുഖ്യമന്ത്രി 16നും ഗവര്‍ണര്‍ 17നും തലസ്ഥാനത്തെത്തും. 17ന് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടേക്കും. ഗവര്‍ണറുടെ ഭരണഘടനാ പദവിയെ മാനിച്ച് കരുതലോടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗവര്‍ണര്‍ സര്‍ക്കാര്‍ ഏറ്റുമുട്ടലെന്ന ധ്വനി സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റുമുട്ടലിനില്ല എന്ന് ഗവര്‍ണറും വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എനിക്ക് ചുമതല നല്‍കി. എന്നിട്ടവര്‍ എന്റെ കൈകള്‍ കൂട്ടിക്കെട്ടുന്നു. സര്‍ക്കാരിന് ഇഷ്ടമുള്ളവരെ വി.സി മാരായി നിയമിക്കാം. അത് എന്നെ മുന്നില്‍ നിറുത്തി വേണ്ട. സര്‍ക്കാര്‍ നിയമിച്ച കലാമണ്ഡലം വി സി എനിക്കെതിരെ കേസ് കൊടുത്തിരിക്കയാണ്. ഞാന്‍ പരമാവധി വിട്ടുവീഴ്ച്ച ചെയ്തു. കാര്യങ്ങള്‍ പറയുമ്പോള്‍ എന്നെ റസിഡന്റ് എന്നാണ് വിളിക്കുന്നത്. ബാഹ്യ ഇടപെടലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലാ എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഗവര്‍ണറുടെ കത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്ന ആരോപണം ആരിഫ് മുഹമ്മദ് ഖാന്‍ തള്‌ലി. കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഓരോരുത്തര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്, സമ്മര്‍ദ്ദത്തില്‍ ആയി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലാത്തിനാലാണ് ചുമതല ഒഴിയുന്നത്. മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനങളില്‍ പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.
സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് വാര്‍ത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞത്. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പരസ്യ പ്രസ്താവന അങ്ങേയറ്റം ദുഃഖകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വി.സി നിയമനം കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ഒട്ടും ശരിയല്ല. മനഃസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചാന്‍സലര്‍ സ്ഥാനം സര്‍ക്കാര്‍ ഒരിക്കലും മോഹിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ തുടരണമെന്നും പദവി ഉപേക്ഷിക്കരുതെന്നും ആവശ്യപ്പെട്ടു. ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ലെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഗവര്‍ണര്‍ പരസ്യമായി പറഞ്ഞതിനാലാണ് മറുപടി പറഞ്ഞതെന്നാണ് വിശദീകരണം.
ഗവര്‍ണര്‍ പരിഭവമില്ലാതെ അംഗീകരിച്ച് ഒപ്പുവച്ച തീരുമാനങ്ങള്‍ക്കെതിരെയാണ് അദ്ദേഹം ഇപ്പോള്‍ നിലപാടെടുത്തത്. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കുമ്പോഴും നിലപാടില്‍വിട്ടുവീഴ്ചയില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത് സര്‍ക്കാരിന് തലവേദനയായി.
"
https://www.facebook.com/Malayalivartha