കാര്‍ പുറകിലോട്ടെടുക്കവേ ഡോര്‍ തുറന്നു മുറ്റത്തേക്ക് തെറിച്ചു വീണു രണ്ടു വയസുകാരന് ദാരുണാന്ത്യം

കാര്‍ പുറകിലോട്ടെടുക്കവേ ഡോര്‍ തുറന്നു മുറ്റത്തേക്ക് തെറിച്ചു വീണ രണ്ടു വയസുകാരന് ദാരുണാന്ത്യം. കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും ഇളയ മകന്‍ സ്വാതിക് (2) ആണ് ദാരുണമായി മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു അപകടം നടന്നത്. രഞ്ജിത്തും കുടുംബസമേതം മാനന്തവാടി ടൗണിലേക്ക് പോകാനായി കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറക്കുകയും കുട്ടികള്‍ പുറത്തേയ്ക്ക് തെറിച്ച് പോകുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. രഞ്ജിത്തിന്റെ മൂത്ത മകനും അപകടത്തില്‍ കൈക്ക് പരിക്കേറ്റു.
കുട്ടികളെ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇളയക്കുട്ടി മരിച്ചിരുന്നു. മൂത്ത കുട്ടിക്ക് ചികിത്സ നല്‍കി വിട്ടയച്ചു. സ്വാതിക്കിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ശാസ്താംകോട്ട-ചവറ റോഡില്‍ തേവലക്കര കുഴംകുളം ജംഗ്ഷനില്‍ അമ്മയും കുഞ്ഞും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിഞ്ഞു. അപകടത്തില്‍പ്പെട്ട ഓട്ടോ യാത്രക്കാരായ ചവറ ഗ്രാമപഞ്ചായത്തംഗം അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. അമ്മയും കുഞ്ഞും ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. കുഴംകുളത്തിന് സമീപത്തുനിന്നും ഇടത്തോട്ടു തിരിയുന്നതിനിടെ കാറിന് പിന്നിലെത്തിയ ഓട്ടോയും എതിരെവന്ന മിനിലോറിയും അപകടത്തില്‍പ്പെടുകയും വാഹനങ്ങള്‍ കാറില്‍ തട്ടുകയും ചെയ്തു. തുടര്‍ന്ന് കാര്‍ കുളത്തിലേക്ക് മറിയുകയായിരുന്നു. അതുവഴി വന്ന അഗ്നിശമന സേന ഉദ്യോഗസ്ഥരാണ് അമ്മയേയും മകനെയും രക്ഷപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha