കേരളത്തിലെ മരണനിരക്ക് റെക്കോർഡിലെത്താൻ സാധ്യത; ഈ വർഷത്തെ ആദ്യ ആറ് മാസം എല്ലാ കാരണങ്ങളും കൊണ്ടുള്ള മരണനിരക്ക് സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 1,55,520, ലോക്ക്ഡൗണിലായിരുന്ന 2020 ലെ കണക്കിനെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ വർധനവ്

കൊറോണ വൈറസ് വിനാശകരമായ രണ്ടാം തരംഗമുണ്ടായ ഈ വർഷം, കേരളത്തിലെ എല്ലാ കാരണങ്ങളും കൊണ്ടുള്ള മരണനിരക്ക് റെക്കോർഡിലെത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. അതായത് സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന മരണനിരക്ക് പ്രകാരം 2021 ജനുവരി മുതൽ ജൂൺ വരെ രേഖപ്പെടുത്തിയിരിക്കുന്നത്.
അതായത് ഈ വർഷത്തെ ആദ്യ ആറ് മാസം എല്ലാ കാരണങ്ങളും കൊണ്ടുള്ള 1,55,520 മരണമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗണിലായിരുന്ന 2020 ലെ കണക്കിനെ (1,15,081 മരണം) അപേക്ഷിച്ച് 35 ശതമാനത്തിന്റെ വർധനവാണിത് ചൂണ്ടിക്കാണിക്കുന്നത്. കോവിഡിനു മുൻപുള്ള, 2019ലെ ആദ്യ ആറ് മാസത്തെ കണക്കിനെ (1,28,667 മരണങ്ങൾ) അപേക്ഷിച്ച് 21 ശതമാനം കൂടുതലുമാണിത് എന്നാണ് റിപ്പോർട്ട്.
കൂടാതെ ഔദ്യോഗികമായി രേഖപ്പെടുത്തിയ കോവിഡ് മരണങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് ഒരു വർഷം സംഭവിച്ച മൊത്തം മരണങ്ങളുടെ എണ്ണമാണ് എല്ലാ കാരണങ്ങളാലും ഉള്ള മരണനിരക്ക്. ഈ വർഷം മേയ്, ജൂൺ മാസങ്ങളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് രജിസ്റ്റർ ചെയ്ത മരണങ്ങളിൽ കുത്തനെ വർധനവുണ്ടായതായി സംസ്ഥാനത്തെ ജനന-മരണങ്ങളുടെ ചീഫ് രജിസ്ട്രാറിൽ നിന്നുള്ള ഡേറ്റ ചൂണ്ടിക്കാണിക്കുന്നു.
ഇക്കഴിഞ്ഞ ജൂണിലാണ് സമീപ വർഷങ്ങളിൽ മരണനിരക്ക് ഏറ്റവും മോശമായത്. സംസ്ഥാനത്ത് 32,501 മരണമാണ് ജൂണിൽ റിപ്പോർട്ട് ചെയ്തത്. 2020 ജൂണിൽ 20,640 ഉം 2019ൽ 20,642 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിനേക്കാൾ 57 ശതമാനം വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഈ വർഷം മേയിൽ 28,684 മരണം രേഖപ്പെടുത്തിയിരുന്നു. 2020 മേയിലേക്കാൾ 33.4 ശതമാനം (21,488 മരണങ്ങൾ) വർധനവ്. 2019ൽ രേഖപ്പെടുത്തിയ 22,984 മരണങ്ങളെ അപേക്ഷിച്ച് 24.8 ശതമാനത്തിന്റെ വർധനവാണിത്.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ 96, കാസര്‍ഗോഡ് 80, പാലക്കാട് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 57,121 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,61,911 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,577 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 196 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 38,361 കോവിഡ് കേസുകളില്‍, 8.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 34 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 109 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,967 ആയി.
https://www.facebook.com/Malayalivartha