പാലായിലെ നിരാഹാര സത്യാഗ്രഹം തിരിഞ്ഞ് നോക്കാതെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ; ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പരിപാടിയിൽ ഒറ്റപ്പെട്ട് പ്രസിഡന്റ് ;കോൺഗ്രസ് പാർട്ടിയിൽ ജില്ലയിലുണ്ടായിരിക്കുന്ന വിള്ളൽ വ്യക്തം

പാലായിൽ കേരള കോൺഗ്രസിനും പൊലീസിനുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേയ്ക്കു തിരിഞ്ഞ് നോക്കാതെ ജില്ലയിലെ മുതിർന്ന നേതാക്കൾ. സംസ്ഥാന തലത്തിൽ തന്നെ അറിയപ്പെടുന്ന നേതാക്കളുണ്ടായിട്ടും ഇതുവരെയും ആരും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് നേതൃത്വം നൽകുന്ന പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറായിട്ടില്ല.
ഇത് അക്ഷരാർത്ഥത്തിൽ കോൺഗ്രസ് പാർട്ടിയിൽ ജില്ലയിലുണ്ടായിരിക്കുന്ന വിള്ളൽ വ്യക്തമാക്കുന്നതായി. കോൺഗ്രസിന്റെ മുതിർന്ന നേതാവും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന കെ.എം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സഖറിയയുടെ പേരിലുള്ള കേസുകൾക്കെതിരായാണ് കോൺഗ്രസ് പാർട്ടി പാലായിൽ സമരം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ട സമരമായി ഡിവൈ.എസ്.പി ഓഫിസിലേയ്ക്കു മാർച്ചും നടത്തിയിരുന്നു.
ഈ പരിപാടിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരെ പങ്കെടുപ്പിക്കാൻ സാധിച്ചെങ്കിലും, ഒരു മുതിർന്ന നേതാവിനെ പോലും ഈ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞില്ല. സമരത്തിന്റെ രണ്ടാം ഘട്ടമായി കഴിഞ്ഞ ദിവസം നടന്ന നിരാഹാര സത്യാഗ്രഹമാണ് പാലായിൽ നടന്നത്. 24 മണിക്കൂർ നീണ്ടു നിന്ന നിരാഹാര സമരത്തിൽ പക്ഷേ, ഒരു കോൺഗ്രസ് നേതാവ് പോലും പങ്കെടുത്തില്ല.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും,മുൻ മന്ത്രിമാരായ കെ.സി ജോസഫും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യും ജില്ലയിൽ ഉണ്ടായിരുന്നിട്ടും അവർ പങ്കെടുത്തില്ല.കോൺഗ്രസിന്റെ ഒരു മുതിർന്ന നേതാവിനെ പോലും പരിപാടിയ്ക്ക് എത്തിക്കാൻ സുരേഷിന് സാധിച്ചില്ല. ഇത് കൂടാതെ പരിപാടി ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതാകട്ടെ ആർ.എം.പിയുടെ എം.എൽ.എയായ കെ.കെ രമയെയും.
സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി സംസ്ഥാനം മുഴുവൻ യു.ഡി.എഫ് ഉയർത്തിക്കാട്ടുന്ന കെ.കെ രമയെ, കേരള കോൺഗ്രസിനെതിരായ സമരം ഉദ്ഘാടനം ചെയ്യാൻ വിളിച്ചു വരുത്തിയത് കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ തന്നെ ദഹിക്കാനാവാത്ത കാരണമായി മാറി.കോൺഗ്രസ് പാർട്ടി ഏറ്റെടുത്ത സമരം ഉദ്ഘാടനം ചെയ്യാൻ മറ്റൊരു പാർട്ടിയുടെ എം.എൽ.എ എത്തിയെന്നതും പല മുതിർന്ന നേതാക്കൾക്കും ദഹിച്ചിട്ടില്ല.
അതുകൊണ്ടു തന്നെയാണ് ജില്ലയിലെ പല മുതിർന്ന നേതാക്കളും വിട്ടു നിന്നതെന്നാണ് ലഭിക്കുന്ന സൂചന. ഇത് കൂടാതെ കോൺഗ്രസിന്റെ വനിതാ നേതാക്കളിൽ ആരും തന്നെ സമരത്തിലേയ്ക്കു തിരിഞ്ഞ് നോക്കാതിരുന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാന തലത്തിലെ അടക്കം വനിതാ നേതാക്കളിൽ ഒരാൾ പോലും പാലായിൽ എത്താൻ സന്നദ്ധരായില്ലെന്നതാണ് വിമർശന വിധേയമായത്.
ഈ സാഹചര്യത്തിൽ പാലായിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ വാക്ക് കേട്ട് ചാടിയിറങ്ങിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ജില്ലയിലെ പല മുതിർന്ന നേതാക്കളും സ്വീകരിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.ഇത് കൂടാതെയാണ് സമരം നാരങ്ങാ നീര് നൽകി അവസാനിപ്പിക്കാൻ പോലും മുതിർന്ന കോൺഗ്രസ് നേതാക്കൾ ആരും തന്നെ എത്തിയില്ല.
ഇത് നാട്ടകം സുരേഷിന്റെ വ്യക്തിപരമായ പരിപാടി ആണെന്നും ഇത് കോൺഗ്രസ് പരിപാടി അല്ല എന്നും പറയുന്ന കോൺഗ്രസ് നേതാക്കളും പിന്നാമ്പുറത്തുണ്ട്. ഇതേ തുടർന്നു സഞ്ജയ് സഖറിയയുടെ ഭാര്യ സൂര്യയ്‌ക്കൊപ്പം ആദ്യാവസാനം സമരത്തിൽ പങ്കെടുത്ത ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് തന്നെ നാരങ്ങാ നീര് നൽകി സമരം അവസാനിപ്പിക്കേണ്ട ഗതികേടിൽ ആണ് സമരം അവസാനിപ്പിച്ചത്.ഇത് കോൺഗ്രസ് പാർട്ടിക്ക് തന്നെ അപമാനം വരുത്തി വെച്ചു എന്നാണ് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത്.
https://www.facebook.com/Malayalivartha