രാത്രി 12 മണിയായി മിക്കവാറും കടകളുടെ മുന്നിൽ ചെറിയ ചാക്കുകളോ പ്ലാസ്റ്റിക് കൂടുകളോ ഉണ്ട്; ശുചിത്വത്തിനു പേരു കേട്ട ഈ മുനിസിപ്പാലിറ്റിയിലെ സ്ഥിതി ഇങ്ങനെയാണോയെന്ന് ഒന്നു ശങ്കിച്ചുപോയി; പിറ്റേന്ന് ഹോട്ടലിൽ നിന്ന് സമ്മേളന അനുബന്ധ പരിപാടിക്കായി കാറിൽ പോകുമ്പോൾ തെരുവു ക്ലീൻ;ഒരു പ്ലാസ്റ്റിക്കോ കടലാസോ കാണാനില്ല;സുൽത്താൻബത്തേരിയിലെ അനുഭവം പങ്കു വച്ച് ഡോ.തോമസ് ഐസക്ക്

സുൽത്താൻ ബത്തേരിയിൽ എത്തിയപ്പോൾ അവിടത്തെ പദ്ദതികളും തന്നെ ആകർഷിച്ച വിവരം പങ്കു വച്ചിരിക്കുകയാണ് ഡോ.തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; രാത്രി 12 മണിയായി സുൽത്താൻബത്തേരിയിൽ എത്തിയപ്പോൾ. മിക്കവാറും കടകളുടെ മുന്നിൽ ചെറിയ ചാക്കുകളോ പ്ലാസ്റ്റിക് കൂടുകളോ ഉണ്ട്.
ശുചിത്വത്തിനു പേരുകേട്ട ഈ മുനിസിപ്പാലിറ്റിയിലെ സ്ഥിതി ഇങ്ങനെയാണോയെന്ന് ഒന്നു ശങ്കിച്ചുപോയി. പിറ്റേന്ന് ഹോട്ടലിൽ നിന്ന് സമ്മേളന അനുുബന്ധ പരിപാടിക്കായി കാറിൽ പോകുമ്പോൾ തെരുവു ക്ലീൻ. ഒരു പ്ലാസ്റ്റിക്കോ കടലാസോ കാണാനില്ല. വണ്ടിയോടിച്ചിരുന്ന സഖാവ് പ്രേഷിത് വിശദീകരിച്ചുതന്നു- പുലർച്ചെ മൂന്നു മണിക്ക് ശുചീകരണ തൊഴിലാളികൾ പ്രവർത്തനം ആരംഭിക്കും.
കടക്കാർ പുറത്തുവച്ചിരിക്കുന്ന എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യും. ആരെങ്കിലും കട തുറക്കുമ്പോൾ മാലിന്യം തെരുവിലിട്ടാൽ 5000 രൂപയാണത്രേ ഫൈൻ. തെരുവിൽ കാർക്കിച്ചു തുപ്പിയാൽ 500 രൂപ ഫൈൻ. ബത്തേരിയിൽ പോയാൽ സൂക്ഷിച്ചോളൂ. എന്നാൽ ഇങ്ങനെ ഫൈൻ ഈടാക്കിയും വലിച്ചെറിയുന്നവരെ രാത്രി റോന്തുചുറ്റി തടഞ്ഞുകൊണ്ടുമല്ല നഗരം വൃത്തിയായിരിക്കുന്നത്.
ജനങ്ങളുടെ മനോഭാവത്തിൽ ഒരു മാറ്റം വരുത്തുന്നതിനു വിജയിച്ചുവെന്നാണ് ഏതാണ്ട് എല്ലാവരും എന്നോടു പറഞ്ഞത്. കഴിഞ്ഞ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന സ. സഹദേവനാണ് ഇതിനു മുൻകൈയെടുത്തത്. സോബിനെപോലുള്ള കൗൺസിലർമാരും മുന്നിൽ നിന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ചതുതന്നെ നഗരം വൃത്തിയാക്കുമെന്നു പറഞ്ഞാണ്.
നഗരത്തിലെ കച്ചവടക്കാർ മുതൽ തൊഴിലാളികൾ വരെയുള്ള എല്ലാ വിഭാഗങ്ങളുടെയും യോഗങ്ങൾ ചേർന്നു വിശദമായ ഒരു പ്രോട്ടോക്കോൾ അംഗീകരിച്ചു നടപ്പാക്കി. മുൻ കൗൺസിലറായിരുന്ന പരിസ്ഥിതി പ്രവർത്തകൻ തോമസ് തേവരെയും ബാലഗോപാലിനെപോലുള്ള പരിഷത്ത് പ്രവർത്തകരും തുടങ്ങി ഒത്തിരി നല്ല മനുഷ്യർ ഇതുമായി സഹകരിക്കാൻ സജീവമായി രംഗത്തിറങ്ങിയതോടെ നഗരം മാറി.
നഗരം വൃത്തിയാണെന്നു മാത്രമല്ല, സുന്ദരവുമാണ്. ഹൈവേയുടെ ഇരുവശത്തുമുള്ള കൈവേലിയിൽ പൂച്ചട്ടികൾ തൂങ്ങിക്കിടക്കുന്നു. ചില കടക്കാർ അവരുടേതായ വെർട്ടിക്കൽ ഗാർഡനോ തൂങ്ങുന്ന ചട്ടികളോ സ്ഥാപിച്ചിട്ടുണ്ട്. തുടക്കം ചുമട്ടു തൊഴിലാളികളിൽ നിന്നായിരുന്നു. ഉപേക്ഷിച്ച ട്രാഫിക് സിഗ്നൽ പോസ്റ്റുകളിൽ ബോഗൺവില്ല വളർത്തി.
അത് എത്ര സുന്ദരമായിരിക്കുന്നുവെന്ന് ആദ്യത്തെ ചിത്രത്തിൽ കാണാം. എന്നാൽ അതുപോലെ എന്തുകൊണ്ട് നഗരത്തിലുടനീളം ആയിക്കൂടാ? അങ്ങനെയാണ് കൈവേലികളിലുടനീളം പൂച്ചട്ടികളെന്ന പരിഷ്കാരം വന്നത്.
സുൽത്താൻബത്തേരിയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ച ചെറുകിട വേസ്റ്റ് എനർജി പ്ലാന്റ് സംസ്ഥാനത്തു വലിയ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ പ്രാദേശികമായ എതിർപ്പുകൾമൂലം തറകെട്ടിയതിനുശേഷം പ്രവൃത്തികൾ മുന്നോട്ടു പോയിട്ടില്ല. ഏതായാലും അതിനുവേണ്ടി കാത്തിരിക്കാതെ ഹരിതകർമ്മസേനയെ വേർതിരിച്ച അജൈവ മാലിന്യം വീടുകളിൽ നിന്നും ശേഖരിക്കാൻ നിയോഗിക്കുന്നതിനു തീരുമാനിച്ചിരിക്കുകയാണ്.
ഇതുവരെ മൂന്നും നാലും മാസം കൂടുമ്പോഴുള്ള ജനകീയ കാമ്പയിനിലൂടെയാണ് ഇവ ശേഖരിച്ചിരുന്നത്. ജൈവമാലിന്യം വലിയ തോതിൽ പന്നി ഫാമുകളിലേയ്ക്കും കൊണ്ടുപോകുന്നുണ്ട്. പുതിയ മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ശുചിത്വ പരിപാടിയുടെ രണ്ടാംഘട്ടത്തിന്റെ തയ്യാറെടുപ്പിലാണ്.
https://www.facebook.com/Malayalivartha