സ്കൂളുകളില്‍ പാല്, മുട്ട വിതരണം ഒരുദിവസം വീതമാക്കി കുറച്ചു; ഉത്തരവിറക്കി സർക്കാർ

സംസ്ഥാനത്തെ സ്കൂളുകള്‍ ബാച്ചുകളായി പ്രവര്‍ത്തിപ്പിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള പാലും മുട്ട/നേന്ത്രപ്പഴവും വിതരണം ചെയ്യുന്നത് ആഴ്ചയില്‍ ഒരുദിവസം വീതമാക്കി പുനഃക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
സ്കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ ആഴ്ചയില്‍ രണ്ട് ദിവസം പാല്, ഒരു ദിവസം മുട്ട/നേന്ത്രപ്പഴം (മുട്ട കഴിക്കാത്ത കുട്ടികള്‍ക്ക്) എന്ന നിലവിലുള്ള വിതരണരീതി പുനരാരംഭിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഉച്ചഭക്ഷണ പദ്ധതിയുടെ കീഴില്‍ നിലവില്‍ അനുവദിച്ചുവരുന്ന പാചകച്ചെലവിനുള്ള തുക വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിക്കാനായി വിശദമായ െപ്രാപ്പോസല്‍ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
പാചക ചെലവ് തുക വര്‍ധിപ്പിക്കണമെന്നും സ്കൂളുകള്‍ പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങുന്നതുവരെ പാല്, മുട്ട/നേന്ത്രപ്പഴം എന്നിവയുടെ വിതരണം നിര്‍ത്തിവെക്കണമെന്നും അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ഇൗ സാഹചര്യത്തിലാണ് വിതരണം ചെയ്യുന്ന ദിവസങ്ങള്‍ ക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha