മോശമായി സംസാരിച്ചതു ചോദ്യം ചെയ്ത അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും...

മോശമായി സംസാരിച്ചതു ചോദ്യംചെയ്ത അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയായി ഒരു ലക്ഷം രൂപയും. നീലംപേരൂര്‍ ഒന്നാംവാര്‍ഡ് കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലെ പ്രതി കൈനടി അടിച്ചിറയില്‍ പ്രദീപ്കുമാറിനെയാണ് (46) ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി- 3 ജഡ്ജ് പി.എന്‍. സീത ജീവപര്യന്തം തടവ് വിധിച്ചത്.
കേസില്‍ കൂറുമാറിയ ഒന്നാംസാക്ഷിയും കൊല്ലപ്പെട്ട സരസമ്മയുടെ മകനുമായ ഓമനക്കുട്ടന്‍, ഇയാളുടെ ഭാര്യയും രണ്ടാംസാക്ഷിയുമായ അജിത, സരസമ്മയുടെ ഭര്‍ത്തൃസഹോദരനും മൂന്നാം സാക്ഷിയുമായ കുട്ടപ്പന്‍ എന്നിവര്‍ക്കെതിരേ കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
വീട്ടില്‍ അതിക്രമിച്ചു കടന്നതിന് പ്രതി ഒരുമാസം കഠിനതടവും അനുഭവിക്കണം. ഒരു ലക്ഷംരൂപ പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കേണ്ടതാണ്. 2004 മേയ് 10-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പ്രദീപ്കുമാര്‍ അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് സരസമ്മ എതിര്‍ത്തു. സംഭവംനടന്ന ദിവസം പ്രദീപ്കുമാര്‍ സരസമ്മയോട് മോശമായി സംസാരിക്കാന്‍ തുടങ്ങിയതോടെ തമ്മില്‍ തര്‍ക്കത്തില്‍ കലാശിച്ചു. ഈ സമയം പ്രദീപ്കുമാര്‍ കൈവശം വച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയ്യിലും വെട്ടുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന മകന്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മകനെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് സരസമ്മ ഇടയ്ക്കുകയറി. ഇതോടെ വീണ്ടും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.
മകനും മരുമകളും ഭര്‍ത്തൃസഹോദരനും ഇതില്‍ ദൃക്‌സാക്ഷികളാണ്. ഇവര്‍ പോലീസിനു നല്‍കിയിരുന്ന മൊഴി കോടതിയില്‍ നിഷേധിച്ചതിനാണ് കോടതി കേസെടുത്തത്.
"
https://www.facebook.com/Malayalivartha