കിഴക്കമ്പലത്ത് സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനെത്തിയ പോലീസുകാരെ കൊല്ലാന്‍ അതിഥി തൊഴിലാളികള്‍ ഉറപ്പിച്ചിരുന്നുവെന്ന് എഫ്.ഐ.ആര്‍... 162 പേര്‍ അറസ്റ്റില്‍

കിഴക്കമ്പലത്ത് സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനെത്തിയ പോലീസുകാരെ കൊല്ലാന്‍ അതിഥി തൊഴിലാളികള്‍ ഉറപ്പിച്ചിരുന്നുവെന്ന് എഫ്.ഐ.ആര്‍. പോലീസുകാരെ വധിക്കാന്‍ 50-ല്‍ അധികം വരുന്ന അതിഥി തൊഴിലാളികള്‍ ഒരുമിച്ചുകൂടി.
എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ള പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ജീപ്പിനുള്ളിലിരുന്ന പോലീസുകാരെ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വാതില്‍ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിടുകയായിരുന്നു. കൊല്ലാനുള്ള ശ്രമത്തില്‍ നിന്ന് ഭാഗ്യംകൊണ്ട് മാത്രമാണ് പോലീസുകാര്‍ രക്ഷപ്പെട്ടത്. അഞ്ച് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തേണ്ടി വന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചും വടികൊണ്ട് സംഘം ചേര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചുമാണ് ആക്രമിച്ചത്.
ചികിത്സയില്‍ കഴിയുന്ന പോലീസുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്.ഐ.ആര്‍ ഇട്ടത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതില്‍ 106 പേരെക്കൂടി അറസ്റ്റ് ചെയ്തു. 162 പേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 156 പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 24 പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
പിന്നീട് നടത്തിയ തിരിച്ചറിയല്‍ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം 26 പേരുടെ അറസ്റ്റ് കൂടി തിങ്കളാഴ്ച രാവിലെയും രേഖപ്പെടുത്തി. ഇതിന് ശേഷമാണ് 106 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയത്.
പ്രതികള്‍ക്കെതിരെ 12 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. നാല് സ്റ്റേഷനുകളിലായി പ്രതികളെ പാര്‍പ്പിച്ച് ഇവരുടെ കോവിഡ് പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികള്‍ നടത്തിയ അക്രമങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസ് കോടതിയെ അറിയിക്കും. കസ്റ്റഡിയിലുള്ളവരില്‍ നിന്ന് കുറ്റക്കാരെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രതികളുമായി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് പോലീസ് നീക്കം.
"
https://www.facebook.com/Malayalivartha