ഭായിമാര്‍ തിങ്ങും കേരളനാട്; ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കുതിച്ചുയരും; സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നാകുമെന്ന് പഠനം

കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്കിനെപ്പറ്റി പലയിടങ്ങളിലും ചര്‍ച്ചകളും വിശകലനങ്ങളുമൊക്കെ നടക്കാറുണ്ട്. കിഴക്കമ്പലത്തുണ്ടായ ആക്രമണത്തിന് പിന്നാലെ ഇതര സംസ്ഥാന തൊഴിലാളികളെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.
കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഈ വര്‍ധന ഉണ്ടാകുമെന്ന് തന്നെയാണ് ആസൂത്രണ ബോര്‍ഡിന്റെ കീഴിലുള്ള ഇവാല്വേഷന്‍ വിഭാഗത്തിന്റെ പഠനം പറയുന്നത്.
2030 ഓടെ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 60 ലക്ഷമായി ഉയരുമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2030 ഓടെ കേരളത്തിലെ ജനസംഖ്യ 3.60 കോടിയായിരിക്കുമെന്നാണ് കണക്ക്. മികച്ച ശമ്പളവും നല്ല സാമൂഹികാന്തരീക്ഷവുമാണ് കേരളത്തെ ഇതര സംസ്ഥാന തൊഴിലാളികളെ പ്രിയ ഇടമായി മാറ്റുന്നത്.
തൊഴില്‍ രംഗത്തും ഭായിമാര്‍...
നിലവില്‍ കേരളത്തില്‍ നിര്‍മ്മാണ-വ്യാവസായിക-വ്യാപാരമേഖലകളിലൊക്കെ അന്യദേശക്കാരില്ലാതെ പറ്റില്ലെന്നായിരിക്കുകയാണ്. തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചാല്‍ ഇതനുസരിച്ച് കേരളത്തിലേക്ക് വരുന്ന തൊഴിലാളികളുടെ എണ്ണം ഇനിയും കൂടും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ നിലവില്‍ പണിയെടുക്കുന്നത് നിര്‍മ്മാണ മേഖലയിലാണ്. 17.5 ലക്ഷം പേരാണ് നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നത്. ഉത്പാദന മേഖലയില്‍ 6.3 ലക്ഷം പേരും, കാര്‍ഷിക അനുബന്ധ മേഖലയില്‍ 3 ലക്ഷം, ഹോട്ടല്‍ ഭക്ഷണശാല മേഖലയില്‍ 1.7 ലക്ഷം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.
ഭായിമാര്‍ പ്രതികളായത് 3650 ക്രിമിനല്‍ കേസുകളില്‍...
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3650 ക്രിമിനല്‍ കേസുകളിലാണ് സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളായത്. 2020 വരെയുള്ള കണക്കുകളാണിത്. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ ഇതര സംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും കരാറുകാര്‍ പലരും ഇത് നടപ്പാക്കാറില്ല എന്നതാണ് വാസ്തവം. പരിശോധനകള്‍ ഇല്ലാതായതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെന്ന വ്യാജേന കുറ്റവാളികള്‍ പോലും കേരളത്തിലേക്കെത്തുന്നുണ്ട്.
കുടുംബമായി കഴിയുന്നവരുടെ എണ്ണവും കൂടുതല്‍...
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി ദീര്‍ഘകാലമായി കേരളത്തില്‍ കുടുംബമായി കഴിയുന്നവരുടെ എണ്ണവും കൂടുതലാണ്. നിലവില്‍ സംസ്ഥാനത്ത് കുടുംബവുമായി കഴിയുന്നത് 10.3 ലക്ഷത്തോളം അന്തര്‍ സംസ്ഥാനക്കാരാണ്. ഇത് 2025 ല്‍ 13.2 ലക്ഷമാവും. 2030 ല്‍ ഇത് 15.2 ലക്ഷമായി വര്‍ധിച്ചേക്കുമെന്നാണ് പഠനം.
എങ്ങുമെത്താതെ അതിഥി ആപ്പും...
ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനും മറ്റുമായി തൊഴില്‍ വകുപ്പ് സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന അതിഥി ആപ് പ്രാവര്‍ത്തികമായില്ലെന്നതാണ് മറ്റൊരു കാര്യം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനാണ് ഇതിന്റെ ചുമതല.
"
https://www.facebook.com/Malayalivartha