സൺഡേ സ്‌കൂളിലും, പള്ളിയിലെ ക്വയർ സംഘത്തിലും ഒരുമിച്ച്, സൗഹൃദം പ്രണയത്തിലേക്ക് വഴിമായി, മകളെ കാണാൻ രഹസ്യമായി വീട്ടിലെത്തിയ അനീഷിന്റെ നെഞ്ചിൽ ലാലൻ ആഴത്തിൽ കത്തികുത്തിയിറക്കി, പൊലീസ് എത്തിയപ്പോൾ വീടിന്റെ രണ്ടാം നിലയിൽ കണ്ട കാഴ്ച്ച, രക്ത പുഴയായി ഏദന്റെ രണ്ടാം നില, അരുംകൊല സമീപവാസികൾ അറിയുന്നത് പൊലീസ് വീട്ടിലേക്ക് എത്തുമ്പോൾ മാത്രം, നിലവിളിയോ ഒന്നും പുറത്തു കേട്ടില്ലെന്ന് അയൽക്കാരായ ബന്ധുക്കൾ

തിരുവനന്തപുരം പേട്ടയിൽ മകളെ കാണാൻ എത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കം വിട്ടുമാറാതെയാണ് തലസ്ഥാനം. ഇന്നലെ പുലർച്ചെ നടന്ന അനീഷ് ജോർജിന്റെ അരുംകൊല സമീപവാസികൾ അറിയുന്നത് പൊലീസ് ഏദൻ എന്ന വീട്ടിലേക്ക് എത്തുമ്പോൾ മാത്രമാണ്. നിലവിളിയോ ഒന്നും പുറത്തു കേട്ടില്ലെന്ന് സംഭവത്തിന്റെ ആഘാതത്തിലുള്ള അയൽക്കാർ പറഞ്ഞു.
പേട്ട ചായക്കുടി ലെയ്നിലുള്ള ഏദൻ എന്ന വീടിന്റെ അതേ വളപ്പിൽ മൂന്നു വീടുകൾ കൂടിയുണ്ട്. ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നത്. അവരും ഒന്നും അറിഞ്ഞിരുന്നില്ല. പൊലീസ് എത്തുമ്പോൾ വീടിന്റെ രണ്ടാം നിലയിലെ ഹാളിൽ ചലനമറ്റു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു അനീഷ് ജോർജിനെയാണ് കാണാൻ സാധിച്ചത്. തറയിലും രക്തമുണ്ടായിരുന്നു.
നെഞ്ചിലാണ് അനീഷിന് ആഴത്തിലുള്ള കുത്തേറ്റത്. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. സൈമൺ ലാലന്റെ കുടുംബാംഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആംബുലൻസ് വരുത്തിയാണ് നാലു മണിയോടെ പൊലീസ് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
പള്ളിയിലെ ഗായക സംഘത്തിൽ സൈമണിന്റെ മകളും അനീഷും അംഗങ്ങളാണ്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയില്ലായിരുന്നെന്നാണ് ഇവർ വാദിക്കുന്നത്.
ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണു സൈമണും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്നവർ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ഇവിടെ നിന്നു മുക്കാൽ കിലോമീറ്റർ മാറിയാണ് അനീഷിന്റെ വീട്. പുലർച്ചെ മകളുടെ മുറിയിൽ സംസാരം കേട്ടു സൈമൺ മുറിക്ക് സമീപം എത്തുകയായിരുന്നു.
തുടർന്ന് വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. പിന്നെ ബലം പ്രയോഗിച്ചു കതക് തുറന്നപ്പോൾ അനീഷുമായി കയ്യേറ്റമുണ്ടായെന്നും കത്തി കൊണ്ടു കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം രാത്രിയിൽ തങ്ങൾക്കൊപ്പം വീട്ടിൽ കിടന്നുറങ്ങിയ മകൻ പുലർച്ചെ കൊല്ലപ്പെട്ടെന്ന വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് അനീഷിന്റെ കുടുംബം. കൊല്ലപ്പെട്ട അനീഷും പ്രതി സൈമൺലാലന്റെ മകളും പള്ളിയിലെ ക്വയർ സംഘത്തിലും സൺഡേ സ്‌കൂളിലും ഒരുമിച്ചായിരുന്നു. എന്നാൽ ഇരുവരും സൗഹൃദത്തിലായിരുന്ന കാര്യം അധികമാർക്കും അറിയില്ലായിരുന്നു എന്നാണ് സൂചന.
അമ്മയെയും സഹോദരനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.' അവനെ കരുതിക്കൂട്ടി കൊന്നതാണെന്നാണ് സങ്കടം ഉള്ളിലൊതുക്കി പിതാവ് ജോർജ് പറഞ്ഞത്. കുടുംബങ്ങൾ തമ്മിൽ മുൻപരിചയമുണ്ട്. പിന്നെ എന്തിനായിരുന്നു ഈ കടുംകൈ എന്ന് അദ്ദേഹം ചോദിക്കുന്നു.
അനീഷ് രാത്രി സൈമൺ ലാലന്റെ വീട്ടിലേക്കുപോയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെ നാലോടെ പേട്ട സ്റ്റേഷനിലെ പൊലീസുകാർ മകന് അപകടം സംഭവിച്ചതായി അറിയിക്കുമ്പോഴാണ് അനീഷ് വീട്ടിലില്ലെന്ന് മാതാപിതാക്കൾ മനസിലാക്കിയത്. വസ്ത്രം ധരിച്ച് പുറത്തിറങ്ങിയപ്പോൾ വീടിനുമുന്നിൽ പൊലീസ് ജീപ്പ് എത്തിയതായി ജോർജ് പറഞ്ഞു.
പേട്ട സ്റ്റേഷനിലെത്തിയശേഷമാണ് മകന് കുത്തേറ്റ വിവരം അറിഞ്ഞത്. പിന്നാലെ പൊലീസ് ജീപ്പിൽത്തന്നെ പിതാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിതാവിനെ കാണിച്ചശേഷമാണ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയത്. അനീഷ് കൊല്ലപ്പെട്ട വിവരം ബന്ധുക്കളൊക്കെ എത്തിയ ശേഷമാണ് അമ്മ ഡോളിയെ അറിയിച്ചത്. ഏറെ വർഷങ്ങളായി പേട്ട ആനയറയിലെ വാടകവീട്ടിലാണ് ഇവരുടെ താമസം.
https://www.facebook.com/Malayalivartha