ലാലന് ഭാര്യയെ സംശയമായിരുന്നു...വീട്ടിൽ തല്ലും ബഹളവും പതിവാണ്..സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മകനെ വിളിക്കാറുണ്ട്..ഇപ്പോഴും അവർ വിളിച്ചിട്ടാണ് പോയത്..ഫോണിൽ അതിന്റെ തെളിവുണ്ട്...പേട്ടയിലെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

പുലർച്ചെ രഹസ്യമായി അയൽവീട്ടിലെത്തിയ കോളജ് വിദ്യാർഥി അനീഷ് ജോർജ് (19) കുത്തേറ്റു മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി അനീഷിന്റെ കുടുംബം. അനീഷിനെ പ്രതി സൈമൺ ലാലൻ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നു കുടുംബം ആരോപിച്ചു.
പുലർച്ചെ ഫോൺ വന്നതിനു തെളിവുണ്ടെന്നും കുടുംബം മാധ്യമങ്ങളോടു പറഞ്ഞു. മോഷ്ടാവെന്നു കരുതി കുത്തുകയായിരുന്നു എന്നാണ് സൈമണിന്റെ മൊഴി. എന്നാൽ, വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അനീഷ് ജോർജിന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.
അനീഷ് ജോർജിന്റെ അമ്മ ഡോളി പറയുന്നത്:
‘സൈമണിന്റെ കുടുംബ പ്രശ്നങ്ങളിൽ അനീഷ് ഇടപെട്ടതാണ് പകയ്ക്കു കാരണം. സൈമൺ ലാലന്റെ ഭാര്യ വീട്ടിൽ വരുമായിരുന്നു. ഭർത്താവ് ഉപദ്രവിക്കുന്നതായി അവർ സ്ഥിരം പറഞ്ഞിരുന്നു. ഭാര്യയെ ആരോടും സംസാരിക്കാൻ അയാൾ സമ്മതിച്ചിരുന്നില്ല. ഭർത്താവില്ലാത്തപ്പോഴാണ് അവർ പുറത്തിറങ്ങിയിരുന്നത്. സൈമൺ ലാലന്റെ ഭാര്യ എന്നെ എപ്പോഴും ഫോൺ ചെയ്യുമായിരുന്നു. ഭർത്താവ് കൊല്ലാൻ ശ്രമിക്കുന്നു എന്നൊക്കെ അവർ പറയും.
ഫോണിൽ വിളിക്കുമ്പോൾ മോൻ അവരെ സമാധാനപ്പെടുത്തും. ദിവസങ്ങൾക്കു മുൻപ് അമ്മയും മകളും മോനുമായി ലുലു മാളിൽ പോയിരുന്നു. പിന്നീട് ഓട്ടോയിൽ വീട്ടിനു മുന്നിൽ കൊണ്ടിറക്കി. രാത്രി വീട്ടിൽ പ്രശ്നമുണ്ടായപ്പോൾ എന്റെ മോനെ വിളിച്ചു വരുത്തിയതാണ്. വഴക്കു പറയും എന്നു കരുതി അവൻ ആരോടും പറയാതെ വീട്ടിൽനിന്നും പോയതാകും’.
പേട്ട ചായക്കുടി ലൈനിലെ സൈമൺ ലാലന്റെ വീട്ടിൽ പുലർച്ചെ 3 മണിക്കാണ് സംഭവം നടക്കുന്നത്. അടുത്തുള്ള പേട്ട സ്റ്റേഷനിലെത്തി സൈമൺ തന്നെയാണ് കുത്തിയ കാര്യം വെളിപ്പെടുത്തിയത്. അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിച്ചു. പുലർച്ചെ മകളുടെ മുറിയിൽ ശബ്ദം കേട്ടപ്പോൾ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ലെന്നാണ് സൈമൺ പൊലീസിനോട് പറഞ്ഞത്. ബലം പ്രയോഗിച്ച് കതകു തുറന്നപ്പോൾ അനീഷുമായി കയ്യേറ്റമുണ്ടായെന്നും കത്തി കൊണ്ട് കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.
പൊലീസ് എത്തുമ്പോൾ വീടിന്റെ രണ്ടാം നിലയിലെ ഹാളിൽ ചലനമറ്റു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു അനീഷ് ജോർജ്. നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. തറയിലും രക്തമുണ്ടായിരുന്നു. സൈമൺ ലാലന്റെ കുടുംബാംഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആംബുലൻസ് വരുത്തിയാണ് നാലു മണിയോടെ പൊലീസ് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. പേട്ട ചായക്കുടി ലെയ്നിലുള്ള ഏദൻ എന്ന വീടിന്റെ അതേ വളപ്പിൽ മൂന്നു വീടുകൾ കൂടിയുണ്ട്. ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നത്. അവരും ഒന്നും അറിഞ്ഞിരുന്നില്ല. പള്ളിയിലെ ഗായക സംഘത്തിൽ സൈമണിന്റെ മകളും അനീഷും അംഗങ്ങളാണ്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണു വിവരം.
https://www.facebook.com/Malayalivartha