കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
അതേസമയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ആശുപത്രി ജീവനക്കാരെല്ലാവരും തന്നെ നിര്‍ബന്ധമായും ഐഡി കാര്‍ഡുകള്‍ ധരിക്കണം. മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം. ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
നവജാത ശിശുവിന്റെ അമ്മയെ മന്ത്രി വിളിച്ച് കാര്യങ്ങള്‍ നേരിട്ടറിഞ്ഞു. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായി തിരിച്ചുകിട്ടിയത്.
അതേസമയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. ആണ്‍സുഹൃത്തിനെ ബ്ലാക്മെയില്‍ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. പോലീസ് കസ്റ്റഡിയിലുള്ള നീതു പരസ്പരബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ വിശദമായ ആസൂത്രണം നീതു നടത്തിയിരുന്നുവെന്നും വിവരങ്ങളുണ്ട്.
നീതുവിന്റെ ആണ്‍സുഹൃത്ത് ഇബ്രാഹിം ബാദുഷയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടായിരുന്നു നീതുവിന്. ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹംകഴിക്കാന്‍ തീരുമാനിച്ചതോടെ ബ്ലാക്മെയില്‍ ചെയ്യുന്നതിനാണ് തന്റെ കുഞ്ഞാണെന്ന് കാണിക്കാന്‍ നീതു കുട്ടിയെ തട്ടിക്കൊണ്ട് പോയത്.
മുന്‍പ് ഇവര്‍ ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്റെ പക്കല്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കിയിട്ടുണ്ടെന്നും നീതു പോലീസിനോട് പറഞ്ഞു.
ഈ വിവരങ്ങള്‍ വെച്ച് തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ നീക്കം.
കോട്ടയത്ത് എത്തിച്ച ഇബ്രാഹിമിനേയും നീതുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് ഉള്‍പ്പെടെ പോലീസ് കടക്കും. ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തിയാകും ചോദ്യം ചെയ്യല്‍ നടത്തുക. നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണുള്ളത്. ഇവരുടെ മാതാപിതാക്കളും ഇന്നലെ സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു വിവരവും ഇല്ലായിരുന്നു.
നീതുവും ഇബ്രാഹിമും ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. ഇവിടെ വെച്ചാണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലായത്. പിന്നീട് നീതു ഗര്‍ഭിണിയാകുകയും ചെയ്തിരുന്നു. എന്തിനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന ചോദ്യത്തിനാണ് ആണ്‍സുഹൃത്തിനെ ബ്ലാക്മെയില്‍ ചെയ്യുന്നതിനെന്ന ഉത്തരം പോലീസില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ ഇരുവരേയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്.
"
https://www.facebook.com/Malayalivartha