കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവം: യുവതിയുടെ പുരുഷ സുഹൃത്തിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ യുവതിയുടെ കാമുകനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തും. കേസിലെ പ്രതിയായ നീതുവിന്റെ സുഹൃത്ത് , ഇബ്രാഹിം ബാദുഷയ്ക്കെതിരെയാണ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കുക. ജുവനൈൽ ജസ്റ്റിസ് ആക്ടും , വഞ്ചനാക്കുറ്റവും , മോഷണവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് മുന്ന് മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും കട്ടപ്പന സ്വദേശിയായ അശ്വതിയുടെ രണ്ട് ദിവസം മാത്രം പ്രായമുളള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ബന്ധുക്കൾ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതിയായ നീതുവിനെ പിടികൂടിയിരുന്നു. തുടർന്ന് , പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നീതുവിന്റെ കഥകൾ പുറത്ത് അറിഞ്ഞത്.
11 വർഷം മുൻപ് വിവാഹിതയായ നീതുവിന്റെ ഭർത്താവ് തുർക്കിയിലാണ്. കൊച്ചിയിലെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ ടിക്ക് ടോക്കിലൂടെയാണ് നീതു ഇബ്രാഹിം ബാദിഷായുമായി പരിചയപ്പെടുന്നത്. തുടർന്ന്, ഇരുവരും സൗഹൃദത്തിൽ ആകുകയും കൊച്ചിയിൽ ഒന്നിച്ച് താമസിക്കുകയുമായിരുന്നു.
നീതുവിനും കുട്ടിയ്ക്കും ഒപ്പം താമസിക്കുന്നതിനിടെ നീതുവിന്റെ സ്വർണവും പണവും ബാദുഷ തട്ടിയെടുത്തിരുന്നു. ഇത് കൂടാതെ കുട്ടിയെ ക്രൂരമായി മർദ്ദിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ നീതുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ബാദുഷായ്ക്ക് എതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് , തട്ടിപ്പ് , വിവാഹ വാഗ്ദാനം നൽകി പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതിനാണ് നീക്കം.
https://www.facebook.com/Malayalivartha