കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്ട്മെന്റിൽ തെളിവെടുപ്പ് തുടങ്ങി! ദിലീപിന്റെ ജാമ്യ ഹർജിയിൽ അന്തിമ വിധി വരാനിരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് അന്വേഷണ സംഘത്തിന്റെ നിർണായകനീക്കം

ദിലീപിന്റെ ജാമ്യ ഹർജിയിൽ അന്തിമ വിധി വരാനിരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് അന്വേഷണ സംഘത്തിന്റെ നിര്ണായകനീക്കം. ദിലീപിനെതിരെയുള്ള വധ ഗൂഢാലോചന കേസിൽ കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്ട്മെന്റിൽ തെളിവെടുപ്പ്. ദിലീപ് അടക്കമുള്ള പ്രതികൾ ഇവിടുത്തെ ഫ്ളാറ്റിൽ വെച്ചും ഗൂഢാലോചന നടത്തിയെന്ന മൊഴിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘമെത്തി തെളിവെടുപ്പ് നടത്തിയത്.
അതേ സമയം, നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം ഒരുമാസത്തിനം തീര്‍ക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ആറ് മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം തള്ളിക്കൊണ്ടാണ് തീരുമാനം. അടുത്ത മാർച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. തുടരന്വേഷണം നടക്കുന്നതിനാല്‍ വിചാരണ അവസാനിപ്പിക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
നിലവില്‍ ഈ മാസം 16 ആണ് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി. എന്നാല്‍ വിചാരണ കാലയളവ് നീട്ടണമോ എന്ന ആവശ്യം ഉന്നയിക്കേണ്ടത് വിചാരണ കോടതിയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഈ ആവശ്യം തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം ഒന്നിന് സമർപ്പിക്കാൻ ഉത്തരവിട്ട സാഹചര്യത്തില്‍ വിചാരണ കാലയളവ് നീട്ടണം എന്നാവശ്യപ്പെട്ട് വിചാരണ കോടതി താമസിയാതെ സുപ്രീംകോടതിയെ സമീപിക്കും. അതേസമയം ദിലീപിന്റെ ജാമ്യഅപേക്ഷ പരിഗണിക്കുന്ന നടപടികൾ തുടങ്ങി. ഇന്ന് ജാമ്യ ഹർജി തള്ളുകയാണെങ്കിൽ ഇന്ന് തന്നെ ദിലീപിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നുമാണ് ദിലീപിന്റെ വാദം. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രോസിക്യൂഷൻ. പ്രതികൾ ഇന്നലെ ഹാജരാക്കിയ ആറ് ഫോണുകൾ ഏത് ഫോറൻസിക് ലാബിൽ പരിശോധിക്കുമെന്നതിലും ഇന്ന് തീരുമാനമുണ്ടാകും. ഗൂഢാലോചന നടന്നെന്ന് പറയുന്ന കാലത്ത് ദിലീപ് ഉപയോഗിച്ച ഫോണുകളുടെ എണ്ണത്തിൽ തർക്കം തുടരുകയാണ്.
കേസ് അട്ടിമറിക്കാനാണ് ദിലീപ് ഫോണുകൾ മുംബയിലേക്ക് കടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അറസ്റ്റ് വൈകുന്നതോടെ പ്രതികൾ തെളിവുകൾ നശിപ്പിക്കുകയാണ്. സംസ്ഥാനത്ത് ഒരു പ്രതിക്കും ഇത്തരം പരിഗണന ലഭിച്ചിട്ടില്ല. ഫോണുകൾ പരിശോധനയ്ക്ക് വിട്ടു നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha