പാമ്പ് കടിയേറ്റ് വർഷാവർഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് അഞ്ചു ലക്ഷത്തിലധികം ആളുകളെ; കൃത്യ സമയത്ത് ആന്റിവെനം നൽകിയില്ലെങ്കിൽ ആ ഭാഗം മുറിച്ചു കളയേണ്ടി വരും !!! പാമ്പിൻ വിഷം മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നതിങ്ങനെ...

ഏകദേശം 54 ലക്ഷത്തോളം ആളുകൾക്ക് ഓരോ വർഷവും പാമ്പ് കടി ഏൽക്കാറുണ്ടെന്നാണ് കണക്ക്. അതിൽ 18-27 ലക്ഷത്തോളം പേർക്കെങ്കിലും വിഷബാധ ഏൽക്കുന്നുണ്ട് എന്നും ഡബ്ല്യുഎച്ച്ഒയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 81,410 നും 1,37,880 നും ഇടക്ക് മരണങ്ങളും, അതിന്റെ മൂന്നിരട്ടി ആംപ്യൂട്ടേഷനുകളും ഗുരുതര പ്രത്യാഘാതങ്ങളും പാമ്പുകടി കാരണം ഉണ്ടാവുന്നുണ്ട് എന്നും ഇതേ കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും അധികം പാമ്പുകടികൾ സംഭവിക്കുന്നത് ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ്. ഇതിൽ ഏഷ്യയിൽ മാത്രം പാമ്പിന്റെ കടിയേൽക്കുന്നത് വർഷാവർഷം ഇരുപത് ലക്ഷത്തോളം പേർക്കാണ്. ഇരകളെ ചലന രഹിതമാക്കാനും, അവയുടെ ദഹനം എളുപ്പത്തിലാക്കാനും, അപകടം വരുന്ന അവസരങ്ങളിൽ ആത്മരക്ഷാർത്ഥം ശത്രുവിനെതിരെ പ്രയോഗിക്കാനുമാണ് പാമ്പിന് അതിന്റെ വിഷം എന്ന സൂട്ടോക്സിൻ ഉപകരിക്കുന്നത്. മനുഷ്യരുടെ കാര്യത്തിൽ അവസാനം പറഞ്ഞതാണ് നടപ്പിലാക്കുന്നത്.
പാമ്പിൻവിഷത്തിലുള്ള വിഷാംശം...
കടിച്ച പാമ്പിന്റെ ഇനത്തിനനുസരിച്ച് വ്യത്യസ്തമായ ദോഷഫലങ്ങൾ മനുഷ്യ ശരീരത്തിൽ ഏൽപ്പിക്കുന്ന നൂറുകണക്കിന് പ്രോട്ടീനുകളാണ് പാമ്പിൻ വിഷത്തിലുള്ളത്. ഒരേ ഇനത്തിൽ പെട്ട രണ്ടു പാമ്പുകൾക്ക് പോലും ഒരേ തീവ്രതയുള്ള വിഷമാകില്ല ഉണ്ടാവുക. എന്നാലും, പാമ്പിൻ വിഷം ഏൽപ്പിക്കുന്ന ആഘാതങ്ങളെ രണ്ടു തരത്തിലായി നമുക്ക് വേർതിരിച്ച് പറയാം. ഒന്ന്, രക്തചംക്രമണത്തെ ബാധിക്കുന്നത്. രണ്ട്, നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നത്. ഹീമോടോക്സിക് ഗണത്തിൽ പെട്ട പാമ്പിൻ വിഷങ്ങൾ നേരെ കലരുന്നത് രക്തത്തിലാണ്. അവ നിരന്തരമായി ഒഴുകുന്ന രക്തത്തിൽ കുഞ്ഞുകുഞ്ഞു ക്ളോട്ടുകൾ (കട്ടപിടിക്കൽ) ഉണ്ടാക്കുന്നു.
ഒപ്പം പാമ്പിന്റെ പല്ലു കൊണ്ട് ഉണ്ടാകുന്ന മുറിവിലൂടെ രക്തസ്രാവവും ഉണ്ടാകുന്നു. മറ്റു ചില വിഷങ്ങൾ രക്തസമ്മർദ്ദം ഏറ്റുന്നു, ചിലത് രക്തസമ്മർദ്ദം താഴ്ത്തുന്നു, അങ്ങനെ ഫലങ്ങൾ എന്തൊക്കെയായാലും അതൊക്കെ ശരീരത്തിന് ദോഷമാണ് ചെയ്യുന്നത്. ന്യൂറോടോക്സിക് എന്ന രണ്ടാമത്തെ ആഘാതമുണ്ടാക്കുന്ന തരം പാമ്പിൻ വിഷങ്ങൾ ശരീരത്തെ ബാധിക്കുക കൂടുതൽ വേഗത്തിലാണ്. അത് തലച്ചോറിൽ നിന്ന് പുറപ്പെടുന്ന ന്യൂറോ സിഗ്നലുകൾ നമ്മുടെ പേശികളിൽ എത്തുന്നത് തടയുന്നു. അത് ശരീരത്തിലുണ്ടാക്കുക പക്ഷാഘാതത്തിന് സമാനമായ ഫലങ്ങളാണ്. തലയിൽ തുടങ്ങി കീഴ്പ്പോട്ടുള്ള എല്ലാ ഭാഗവും ഈ ആഘാതത്തിന് വശംവദമാകും. ഒടുവിൽ ശ്വാസകോശത്തിലെ ഡയഫ്രം വരെ പാരലൈസ് ആയി ശ്വാസം ഉള്ളിലേക്കെടുക്കാനാവാതെ കടിയേറ്റയാൾ മരിച്ചു പോകുന്നു. 'എലാപ്പിഡേ' എന്നറിയപ്പെടുന്ന ഇനത്തിൽ പെട്ട 270 ലധികം പാമ്പുകളിൽ ഒന്നാണ് മൂർഖൻ എന്ന് പറയുന്നത്.
പാമ്പുകടിയുടെ മറ്റു ദോഷഫലങ്ങൾ...
പാമ്പുകടിയേറ്റാൽ ഈ രണ്ട് ആഘാതങ്ങൾക്കൊപ്പം കടിയേറ്റ മുറിവിന്റെ ചുറ്റുമായി നെക്രോസിസ് എന്ന് പറയുന്ന ഒരു പ്രശ്നം കൂടി സംഭവിക്കാം. വിഷം കാരണം മുറിവിന് അടുത്തുള്ള കോശങ്ങളും, പേശികളും, സെല്ലുകളും ഒക്കെ നശിക്കുന്ന പ്രതിഭാസമാണ് നെക്രോസിസ്. സമയത്തിന് ആന്റിവെനം നൽകിയില്ലെങ്കിൽ ആ ഭാഗം മുറിച്ചു കളയേണ്ടി വരുന്ന അവസ്ഥയിലേക്ക് വരെ നയിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ വിരലുകൾ, കൈകാലുകൾ എന്നിവ ആംപ്യൂട്ട് ചെയ്യേണ്ടി വന്ന കേസുകളുണ്ട്. പ്രകൃതിയിൽ കാണുന്ന, എട്ടുകാലികൾ, തേളുകൾ, ജെല്ലി ഫിഷ് തുടങ്ങിയ മറ്റുള്ള ഏതൊരു വിഷജീവികളെക്കാളും കൂടുതലായി മനുഷ്യരുമായി അടുത്ത് ഇടപെടാനുള്ള സാധ്യത പാമ്പുകൾക്കുണ്ട്.
മനുഷ്യവാസമുള്ള ഒരുവിധം എല്ലായിടത്തും പാമ്പുകളുടെയും സാന്നിധ്യമുണ്ട് എന്നതാണ് ഒരു കാരണം. മണ്ണിൽ പതുങ്ങി ഇരിക്കുന്ന ഈ ഇഴജന്തുക്കൾ സാധാരണ നമ്മുടെ കണ്ണിൽ പെടാനുള്ള സാധ്യത കുറവാണ്. കൃഷിപ്പണി ചെയ്യുന്നവർ, മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളികൾ, മരപ്പണിക്കർ, കെട്ടിടം തൊഴിലാളികൾ, കൊച്ചു കുട്ടികൾ തുടങ്ങി പലരും അറിയാതെ പാമ്പുകളുടെ മേൽ പോയി ചവിട്ടി അവയുടെ കടി വാങ്ങി മരണപ്പെടാറുണ്ട്. ലോകത്തെമ്പാടുമായി വർഷാവർഷം അഞ്ചു ലക്ഷത്തിലധികം പേർ പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെടാറുണ്ട് എന്നാണ് കണക്ക്.
അതിൽ ഒരു ലക്ഷത്തോളം പേർ കൊല്ലപ്പെടാറുണ്ട്. ബാക്കി നാലു ലക്ഷം പേരിൽ വലിയൊരു ഭാഗത്തിന് അവരുടെ ശരീരത്തിൽ പ്രവേശിച്ച വിഷത്തിന്റെയും, അതിനെ തുരത്താൻ വേണ്ടി കുത്തിവെക്കപ്പെടുന്ന ആന്റി വെനത്തിന്റെയും ദോഷഫലങ്ങൾ പിന്നീടങ്ങോട്ടും അനുഭവിക്കേണ്ടി വരാറുണ്ട്. വൃക്കയാണ് പാമ്പിൻ വിഷത്താൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ഒരു ആന്തരികാവയവം.
എന്താണ് ചികിത്സ...
ആന്റി വെനം എന്നാണ് പാമ്പിൻവിഷത്തിനുള്ള മറുമരുന്ന് അറിയപ്പെടുന്നത്. ഉഗ്രവിഷമുള്ള പാമ്പുകളിൽ നിന്ന് വിഷം ശേഖരിച്ച്, അവയുടെ സാന്ദ്രത കുറച്ച് ചെമ്മരിയാടുകളിലും, കുതിരകളിലും കുത്തിവെച്ച ശേഷം അവയുടെ ശരീരത്തിൽ ആ വിഷത്തിനെതിരെ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികൾ ശേഖരിച്ചാണ് ആന്റിബോഡി എന്ന മരുന്നുണ്ടാക്കിയെടുക്കുന്നത്. വളരെ വിലപിടിപ്പുള്ള മരുന്നാണ് ഇത്. വളരെ കുറഞ്ഞ അളവിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നതും. വെള്ള/മഞ്ഞനിറത്തിലുള്ള ഈ ദ്രാവകം ഉത്പാദിപ്പിക്കപ്പെടുന്നത് പാമ്പുകളുടെ കണ്ണുകൾക്ക് പിന്നിലുള്ള ഒരു ഗ്രന്ഥിയിലാണ്. അവിടെ നിന്ന് ഒരു ചെറിയ നാളിയിലൂടെ നേരെ പാമ്പിന്റെ കടിക്കുന്ന പല്ലുകളിലേക്ക് എത്തുന്നു.
കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവിലൂടെ ഈ വിഷം ഇരയുടെ രക്തത്തിൽ കലരുകയും ചെയ്യുന്നു. ഒരു സിറിഞ്ച് പോലെയാണ് ഈ പല്ലുകൾ പ്രവർത്തിക്കുക. കടിക്കലും വിഷം പകരലും ഒക്കെ നിമിഷനേരം കൊണ്ട് കഴിഞ്ഞിരിക്കും. കടി കിട്ടിയേടത്തു മുറിവ് വലുതാക്കുക, വിഷം ഉറിഞ്ചിയെടുക്കുക തുടങ്ങിയ കാര്യങ്ങൾ ഒരു കാരണവശാലും ചെയ്യരുത്. നേരെ ആശുപത്രിയിൽ എത്തിക്കുക മാത്രമാണ് ഒരേയൊരു മാർഗം. അവിടെ നിന്ന് ആന്റിവെനം കുത്തിവെച്ചാൽ മാത്രമാണ് വിഷം രോഗിയുടെ മരണത്തിന് കാരണമാകാതെ നോക്കാനാകൂ.
https://www.facebook.com/Malayalivartha
























