'ഇന്ത്യൻ മനസ്സുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് പുറപ്പെട്ടാല്‍ ചിലപ്പോള്‍ മനസ്സ് പൊള്ളിയേക്കാം. ഒഴിവാക്കപ്പെട്ടതിന്റെ ദുഃഖം നേരിടേണ്ടി വന്നേക്കാം. അത്തരം കക്ഷികളെ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇതിൽ ചാടും മുമ്പേ ഗൗരവമുള്ള വിലയിരുത്തല്‍ നല്ലതാണ്. വിവാഹ തീരുമാനത്തെക്കാൾ റിസ്ക് ഉണ്ട് ഇതിൽ...' വൈറലായി കുറിപ്പ്
കാലം ഏറെ പുരോഗമിച്ചു എങ്കിലും ലിവിങ് ടുഗെതർ ബന്ധങ്ങൾ എന്ന് പറയുമ്പോൾ മുഖം ചുളിക്കുന്നവർ ഉണ്ട്. ഇത്തരത്തിൽ മുതിര്‍ന്ന ആണും പെണ്ണും വിവാഹം കഴിക്കാതെ തന്നെ ലിവിംഗ് ടുഗതര്‍ ശൈലിയില്‍ ഒരുമിച്ച് ജീവിക്കുന്നത് അവരുടെ അവകാശവും സ്വാതന്ത്ര്യവുമാണ് ഉള്ളത്. ഈ സിനിമയിലെ പോലെ അത് സമൂഹത്തില്‍ നിന്നും ഒളിപ്പിച്ച് ചെയ്യേണ്ടതല്ല എന്ന് പറയുകയാണ് ഡോ. സി.ജെ. ജോൺ. തുറന്ന് പറയാനുള്ള ധൈര്യം വേണം. ജനിക്കുന്ന കൊച്ചിനെ അങ്ങനെ തന്നെ വളര്‍ത്താനുള്ള ഉള്‍കരുത്തും വേണം. ചില ജാഗ്രതകള്‍ കൂടി വേണം എന്നും അദ്ദേഹം പറയുന്നു. ഡോ. സി.ജെ. ജോൺ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഡോ. സി.ജെ. ജോൺ പങ്കുവച്ച കുറിപ്പ് വായിക്കാം;
വിവാഹമെന്ന ലൈസന്‍സ്
വീട്ടുകാരുടെ അംഗീകാര വഴിയിലൂടെ നേടിയെടുക്കാന്‍ ലിവിംഗ് ടുഗതര്‍ മിഥുനങ്ങള്‍ നടത്തുന്ന തത്രപ്പാടുകളാണ് ബ്രോ ഡാഡി സിനിമയുടെ മുഖ്യ പ്രമേയം. പൊറുതിയില്‍ ഓര്‍ക്കാപ്പുറത്തു സംഭവിച്ച ഗർഭം ട്വിസ്റ്റ് ഉണ്ടാക്കി. അത് ഇല്ലായിരുന്നെങ്കില്‍ അവർ എന്ത് ചെയ്യുമായിരുന്നുവെന്ന് അറിയില്ല. മുതിര്‍ന്ന ആണും പെണ്ണും വിവാഹം കഴിക്കാതെ ലിവിംഗ് ടുഗതര്‍ ശൈലിയില്‍ ഒരുമിച്ച് ജീവിക്കുന്നത് അവരുടെ അവകാശവും സ്വാതന്ത്ര്യവുമാണ്. ഈ സിനിമയിലെ പോലെ അത് സമൂഹത്തില്‍ നിന്നും ഒളിപ്പിച്ച് ചെയ്യേണ്ടതല്ല. തുറന്ന് പറയാനുള്ള ധൈര്യം വേണം. ജനിക്കുന്ന കൊച്ചിനെ അങ്ങനെ തന്നെ വളര്‍ത്താനുള്ള ഉള്‍കരുത്തും വേണം. ചില ജാഗ്രതകള്‍ കൂടി വേണം.
ആണ്‍ പെണ്‍ തുല്യത ആത്മാവില്‍ പ്രതിഷ്ഠിക്കുന്ന പുരുഷന്‍ ആകണം പങ്കാളി. പെണ്‍പങ്കാളിയെ ലൈംഗീക വസ്തുവെന്ന മട്ടില്‍ തരം താഴ്ത്തി കാണുന്നവന്‍ ആകരുത്. ഇത്തരം ജാഗ്രതകള്‍ പാലിച്ചില്ലെങ്കില്‍ പുരുഷ മേധാവിത്വത്തിന് പ്രാമുഖ്യമുള്ള സമൂഹത്തിലെ ലിവ് ഇന്‍ ബന്ധങ്ങളില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെട്ടെക്കാം. നിയമം മൂലം അതിന് പരിഹാരം തേടാന്‍ ഇപ്പോൾ വകുപ്പ് ഉണ്ടെന്നത് ശരി തന്നെ. അത് എത്രപേർ ഉപയോഗിക്കും?
കുറച്ചുകാലത്തെ പൊറുതി കഴിഞ്ഞ് ഈ ലിവിംഗ് ടുഗതര്‍ ഏക പക്ഷിയമായി വേണ്ടന്ന് വച്ച പുരുഷ കേസരികള്‍ ഉണ്ട്. അതിൽ ദുഃഖിതരായ സ്ത്രീ രത്നങ്ങളും ഉണ്ട്. പോടാ പുറത്തെന്ന് പറയാന്‍ തന്റേടം കാട്ടുന്ന പെണ്ണുങ്ങള്‍ ലിവിംഗ് ടുഗതര്‍ ബന്ധങ്ങളില്‍ കുറവാണ്. കേരളീയ മനസ്സും പരമ്പരാഗത ലിംഗ സങ്കല്‍പങ്ങളും ഉള്ളവര്‍ ഒരു ആവേശത്തിന്റെ പേരില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കൂട് കൂട്ടുമ്പോള്‍ ആ ബന്ധത്തെ ഘടനാപരമായി ദാമ്പത്യത്തെ പോലെയാക്കി മാറ്റുന്നതായി കാണുന്നു.
ഇന്ത്യൻ മനസ്സുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് പുറപ്പെട്ടാല്‍ ചിലപ്പോള്‍ മനസ്സ് പൊള്ളിയേക്കാം. ഒഴിവാക്കപ്പെട്ടതിന്റെ ദുഃഖം നേരിടേണ്ടി വന്നേക്കാം. അത്തരം കക്ഷികളെ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇതിൽ ചാടും മുമ്പേ ഗൗരവമുള്ള വിലയിരുത്തല്‍ നല്ലതാണ്. വിവാഹ തീരുമാനത്തെക്കാൾ റിസ്ക് ഉണ്ട് ഇതിൽ.
https://www.facebook.com/Malayalivartha