സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ക്ക് വലിയ തിരിച്ചടി; കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കേരളം മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യമായ എയിംസ് പരിഗണിക്കപ്പെട്ടില്ല. റെയില്‍വേ സോണ്‍ എന്ന ചിരകാല ആവശ്യത്തോടും കേന്ദ്ര സര്‍ക്കാര്‍ പുറംതിരിഞ്ഞ് നിന്നു. കെ റെയില്‍ പദ്ധതി സംബന്ധിച്ച പരാമര്‍ശങ്ങളും ഇല്ലെന്നാണ് മനസ്സിലാക്കാനാവുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ അടിയന്തിര ആവശ്യങ്ങളോട് ഒന്നും തന്നെ അനുകൂലമായി പ്രതികരിക്കുന്നതിന് കേന്ദ്ര ബജറ്റ് തയ്യാറായിട്ടില്ല' കോടിയേരി ആരോപിച്ചു.
'തൊഴിലുറപ്പ് പദ്ധതിക്കും ബജറ്റ് വിഹിതം 25,000 കോടി വെട്ടിക്കുറച്ച നടപടിയും സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ്. ഈ വര്‍ഷം ചിലവഴിച്ച തുക പോലും ഇപ്പോഴത്തെ ബജറ്റില്‍ ഇതിനായി നീക്കിവെച്ചിട്ടില്ല. ജി.എസ്.ടി സമ്ബ്രദായത്തിന്റെ ഭാഗമായുള്ള സംസ്ഥാനത്തിന്റെ നഷ്ടപരിഹാര വിഹിതം നീട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കൊവിഡ് കാലഘട്ടത്തില്‍ 39,000 കോടി രൂപ വാക്സിനേഷനായി നീക്കിവെച്ചിടത്ത് ഇപ്പോള്‍ 5000 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത് ഇത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും തിരിച്ചടിയാകും' , കോടിയേരി ചൂണ്ടിക്കാട്ടി.
'സഹകരണ മേഖലയിലെ നികുതി 15 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. നേരത്തേ നികുതിയില്ലാത്ത മേഖലയില്‍ നികുതി ചുമത്തിയത് കേന്ദ്ര സര്‍ക്കാരായിരുന്നു. കോര്‍പ്പറേറ്റുകളെയും സഹകരണ മേഖലയെയും ഒരുപോലെ ക്രമീകരണം നടത്തുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. ഇത് ആശാസ്യമായ നടപടിയല്ല. സംസ്ഥാനത്തിന്റെ വായ്പാ പരിധി അഞ്ച് ശതമാനമാക്കി നിലനിര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ജി.എസ്.ടി നഷ്ടപരിഹാരം 5 വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല' , അദ്ദേഹം ചൂണ്ടിക്കാട്ടി.
'പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ ലിറ്ററിന് 2 രൂപ കൂട്ടിയിട്ടുണ്ട്. ഈ നികുതി വര്‍ദ്ധന സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നുമില്ല. ഭക്ഷ്യ സബ്‌സിഡിയില്‍ 28 ശതമാനം കുറവു വരുത്തിയ നടപടി സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. വളം സബ്‌സിഡിയില്‍ വരുത്തിയ 25 ശതമാനം കുറവും നമ്മുടെ കാര്‍ഷിക മേഖലയെ ബാധിക്കുന്നതാണ്. എല്‍.ഐ.സി ഓഹരി വില്‍പ്പന ഉള്‍പ്പെടെയുള്ള സ്വകാര്യവത്ക്കരണ നടപടികളും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്' , കോടിയേരി ആരോപിച്ചു.
'കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച കിഫ്ബി, കെ ഫോണ്‍ പോലുള്ള പദ്ധതികളുടെ അനുകരണങ്ങള്‍ കേന്ദ്ര ബജറ്റില്‍ കടന്നുകൂടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ എത്ര രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് നേരത്തേ കേന്ദ്രം നേരിട്ടത് എന്നതിന്റെ ഉത്തമദൃഷ്ടാന്തം കൂടിയാണിത്. സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കുന്നതാണ് കേന്ദ്ര ബജറ്റെന്ന് വ്യക്തമായി' കോടിയേരി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha